Thursday, January 9, 2014

റബീഅ്‌ സ്‌നേഹമാണ്‌...




റബീഅ്‌ സ്‌നേഹമാണ്‌...

സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍
----------------------
ലോകാനുഗ്രഹി തിരുമേനി മുഹമ്മദ്‌ നബി(സ്വ)യുടെ പുണ്യപ്പിറവി കൊണ്ട്‌ പവിത്രമായ മാസമാണിത്‌; റബീഉല്‍ അവ്വല്‍. മുഷ്യനും മണ്ണിനും മാമരങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും സ്‌നേഹ വസന്തവും കാരുണ്യ വര്‍ഷവുമായി തിരുനബി അവതരിച്ച മാസം. മുത്തുനബിയുടെ തിരുപ്പിറവി സന്തോഷിക്കാനും സാമോദം കൊണ്ടാടാനുമുള്ളതുമാണ്‌. 

മാനുഷിക മൂല്യങ്ങളും ധര്‍മചിന്തയും കര്‍മവിശുദ്ധിയും എരിഞ്ഞൊടുങ്ങിയ അറേബ്യന്‍ മണല്‍ക്കാട്ടിലേക്കായിരുന്നു തിരുദൂതരുടെ നിയോഗം. ആര്‍ദ്രത മുഴുവന്‍ വറ്റിയ കൊടും വെയ്‌ലിലേക്കായിരുന്നു അല്ലാഹുവിന്റെ സന്ദേശം കൊടിയടയാളമാക്കി മുത്തുനബിയുടെ വരവ്‌. എതിരാളി ആരെന്നു നോക്കാതെ യുദ്ധം ചെയ്‌തു കൊണ്ടേയിരിക്കുക, സ്‌ത്രീയെ ഭോഗിക്കുക, മദ്യം മോന്തി വെളിവു കെട്ടു നടക്കുക എന്നതിലായിരുന്ന അവിടുത്തെ ജനങ്ങളുടെ ശ്രദ്ധ. പരശ്ശതം ദൈവങ്ങള്‍ ആരാധിക്കപ്പെട്ടു. തറവാടിത്തം പറഞ്ഞും കാവ്യങ്ങള്‍ രചിച്ചും അവര്‍ രാപ്പലുകള്‍ താണ്ടിക്കൊണ്ടിരുന്നു. അടിമ വ്യവസ്ഥിതി അതിന്റെ ഉച്ചാവസ്ഥയിലായിരുന്നു. സ്‌ത്രീകളും അവശരും അങ്ങേയറ്റം ചൂഷണം ചെയ്യപ്പെട്ടു. ജാഹിലിയ്യാ യുഗം എന്ന്‌ അക്കാലത്തെ ചരിത്രം പേരിട്ടു വിളിച്ചു. നന്മയുടെ അവസാനത്തെ ബിന്ദുവും വറ്റിപ്പോയ ഈ മരുഭൂവിലാണ്‌ മുത്തുനബിക്ക്‌ സ്‌നേഹത്തിന്റെ വസന്തം വിരിയിക്കേണ്ടിയിരുന്നത്‌. 

അതാണ്‌ തിരുനബി ഇരുപത്തിമൂന്ന്‌ വര്‍ഷം കൊണ്ട്‌ സാധ്യമാക്കിയത്‌. തൗഹീദിന്റെയും രിസാലത്തിന്റെയും വചനപ്പൊരുളുകള്‍ ഉരുവിട്ട്‌ തിരുമേനി അവിടെയൊരു മലര്‍വാടി തീര്‍ത്തു. വര്‍ഷങ്ങളായി യുദ്ധം ചെയ്‌തവര്‍ക്കിടയില്‍ ഐക്യത്തന്റെ വിത്ത്‌ വിതച്ചു. ലഹരി പദാര്‍ത്ഥങ്ങള്‍ നിരോധിച്ചപ്പോള്‍ മദീനയുടെ തെരുവോരങ്ങളിലൂടെ തട്ടിമറിച്ച പാത്രങ്ങളില്‍ നിന്നു മദ്യം ചാലിട്ടൊഴുകി. സ്‌ത്രീ ഏറ്റവും ബഹുമാനിതയാകുന്ന സംസ്‌കാരമാണ്‌ ഏറ്റവും മികച്ച സംസ്‌കാരമെന്നു തെളിയക്കപ്പെട്ടു. അവള്‍ക്കു ഏത്‌ പാതിരാവും സഞ്ചരിക്കാവുന്ന സുരക്ഷിതബോധം ലഭ്യമായി. വെളുത്തവനു കറുത്തവനേക്കാള്‍, അറബിക്കു അനറബിയേക്കാള്‍ ഔന്നത്യമില്ല എന്നതിനു കറുത്തവനായ ബിലാലും വെളുത്തവനായ സല്‍മാനുല്‍ ഫാരിസും ഉത്തമ സാക്ഷ്യങ്ങളായി. അടിമകള്‍ ഒന്നൊന്നായി മോചനത്തിന്റെ പാതയിലേക്കു വന്നു. അവര്‍ സാമൂഹിക വ്യവസ്ഥതിയില്‍ സാധാരണക്കാരെപ്പോലെ പങ്ക്‌ കൊണ്ടു. അന്ധാകാരത്തിന്റെ അക്കാലത്തു നിന്നു ലോകത്തെ മാറ്റിമറിച്ച പുതിയൊരു പ്രഭാതത്തെ മുത്തുനബി വിരിയിച്ചു. ഇസ്‌ലാമില്ലായിരുന്നെങ്കില്‍ യൂറോപില്‍ നവോത്ഥാനം ഉണ്ടാകുമായിരുന്നില്ലെന്നു വിഖ്യാത ചരിത്രകാരന്‍ എച്ച്‌.ജി.വെല്‍സ്‌ എഴുതി. ജനവാസ യോഗ്യമല്ലാതിരുന്ന യസ്‌രിബില്‍ ലോകചരിത്രത്തിലെ ഏറ്റവും പുഷ്‌കലമായ മാനവികത വിരിഞ്ഞു. നാഗരികതളുടെ പുതുവഴി പൂത്തുലഞ്ഞ ആ മണ്ണ്‌ പിന്നെ നഗരം എന്നര്‍ത്ഥമുള്ള മദീനയായി. 

വിമോചനത്തിന്റെ ഈ ചരിത്രത്തെ വായിക്കാനും പുതുകാലത്തെ പ്രശ്‌നപരിഹാരത്തിനായി വ്യാഖ്യാനിക്കാനുമാണ്‌ നാം മുന്നോട്ട്‌ വരേണ്ടത്‌. പുതക്കെ പഴയ ആ ജാഹിലയ്യിത്തിലേക്ക്‌ കാലം മുടന്തി നീങ്ങിക്കൊണ്ടരക്കുകയാണ്‌. മദ്യം ഏറ്റവും മാന്യമായ വിരുന്നു വിഭവമായിരിക്കുന്നു. പെണ്ണ്‌ വിപണിയിലെ ചൂടുള്ള വാണിജ്യവസ്‌തുവും. മതാപിതാക്കളെ തിരച്ചറിയാത്ത മക്കളും മക്കളെ സ്‌നേഹിക്കനറിയാത്ത മാതാപിതാക്കളും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ബന്ധുക്കള്‍ തമ്മിലുള്ള കൊലപാതകങ്ങള്‍ നിസാരമായ പത്രവാര്‍ത്തകളായിത്തീര്‍ന്നിരിക്കുന്നു. മൂല്യങ്ങള്‍ വാടിക്കരിയുന്ന ഇക്കാലത്ത്‌ സ്‌നേഹത്തിന്റെ പ്രവാചകാധ്യാപനങ്ങള്‍ ഒരു ആഞ്ഞുപിടുത്തത്തിലൂടെ നാം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. അവക്ക്‌ മേല്‍ അണപ്പല്ലു കൊണ്ട്‌ കടിച്ചു പിടിക്കേണ്ടിയിരിക്കുന്നു. അതിനു പുതിയ വസന്തങ്ങള്‍ സൃഷ്‌ടിക്കാനുള്ള സിദ്ധിയുണ്ട്‌. അതിനു കാലം സാക്ഷിയാണ്‌.

കടപ്പാട്‌: സത്യാധാര

No comments:

Post a Comment