പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ കേളികൊട്ട് ആരംഭിച്ചതോടെ മൊത്തം സമ്മതിദായകരില്‍ പതിനാല് ശതമാനം വരുന്ന, എണ്‍പതോളം മണ്ഡലങ്ങളില്‍ നിര്‍ണായകമായ മുസ്ലിം ന്യൂനപക്ഷത്തെ അനുനയിപ്പിക്കാനും വലവീശിപ്പിടിക്കാനുമുള്ള പതിവ്തന്ത്രങ്ങള്‍ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും ആവര്‍ത്തിച്ചുതുടങ്ങി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ‘ഭാവാത്മക മതേതരത്വ’ത്തെക്കുറിച്ച അവകാശവാദമോ മുഖംമൂടിയോ ഇല്ലാതെ രണോത്സുക ഹിന്ദുത്വം അതിന്‍െറ യഥാര്‍ഥ നായകനെ കണ്ടത്തെി രാഷ്ട്രത്തിന്‍െറ പ്രധാനമന്ത്രിപദ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും, ആഭ്യന്തര ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് കുതിക്കുകയും ചെയ്യുമ്പോള്‍പോലും ന്യൂനപക്ഷവോട്ട് വേണ്ടെന്ന് തീരുമാനിക്കാന്‍ അവര്‍ക്കുമാവുന്നില്ളെന്നതാണ് കൗതുകകരം. ഭരണഘടനയില്‍നിന്ന് ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന എല്ലാ വകുപ്പുകളും എടുത്തുമാറ്റണമെന്നും ന്യൂനപക്ഷ കമീഷന്‍ പിരിച്ചുവിടണമെന്നും ശഠിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി പ്രത്യേകമായി ന്യൂനപക്ഷ മോര്‍ച്ച സൃഷ്ടിച്ച് ന്യൂനപക്ഷ സമുദായക്കാരെ തന്നെ അമരത്തിരുത്തി ‘ന്യൂനപക്ഷ പ്രീണനം’ നടത്താനുള്ള തീവ്രയത്നം ഊര്‍ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍, ഹിന്ദുത്വത്തിന്‍െറ ഈ വക കോമാളിത്തരങ്ങളെ പരിഹസിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ ന്യൂനപക്ഷ ക്ഷേമകാര്യങ്ങളില്‍ എവിടെനില്‍ക്കുന്നു എന്നതാണ് യഥാര്‍ഥ ആലോചനാവിഷയം.മതേതര ജനാധിപത്യത്തിന്‍െറ കാവല്‍ ഭടന്മാരെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും സമാന മനസ്കരായ പാര്‍ട്ടികളുമടങ്ങുന്ന ഐക്യ പുരോഗമന സഖ്യത്തിന്‍െറ (യു.പി.എ) ആദ്യ വാഴ്ചക്കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്വതന്ത്ര ഇന്ത്യയിലെ അമ്പത് വര്‍ഷത്തെ മുസ്ലിം സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി അതിന്‍െറ സമഗ്ര റിപ്പോര്‍ട്ടും ശിപാര്‍ശകളും സമര്‍പ്പിച്ച് അധികം വൈകാതെ സര്‍ക്കാറിന്‍െറ ഒന്നാം ഊഴം അവസാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്‍െറ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ അവസ്ഥ പട്ടികജാതി- പട്ടിക വര്‍ഗങ്ങളേക്കാള്‍ മോശമാണെന്ന് വസ്തുതകളുടെ പിന്‍ബലത്തോടെ അനാവരണംചെയ്ത സച്ചാര്‍ കമ്മിറ്റിയുടെ വീണ്ടെടുപ്പ് ശിപാര്‍ശകള്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ലഭിച്ച അഭൂതപൂര്‍വമായ ന്യൂനപക്ഷ പിന്തുണയുടെ ബലത്തിലാണ് യു.പി.എക്ക് രണ്ടാമൂഴം തരപ്പെട്ടതെന്നത് കേവലമായ സത്യമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍െറ മുമ്പാകെ വെച്ചപ്പോള്‍ തദടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍പോവുന്ന നടപടികളുടെ രൂപരേഖയൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ളെങ്കിലും മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുതകുന്ന വിവിധ പരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതിനായി ന്യൂനപക്ഷക്ഷേമ മന്ത്രാലയം തന്നെ സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രഖ്യാപിത പരിപാടികളുടെ നടത്തിപ്പ് അഞ്ചുവര്‍ഷങ്ങള്‍ക്കകം എവിടെവരെ എത്തി എന്ന് വ്യക്തമാക്കുന്നതാണ് ദ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്‍റിനുവേണ്ടി പ്രഗല്ഭരായ സോയാ ഹസന്‍, മുഷീറുല്‍ ഹസന്‍, തന്‍വീര്‍ ഫസല്‍, ജാവീദ് ആലംഖാന്‍, സച്ചാര്‍ കമ്മിറ്റിഅംഗമായിരുന്ന അബൂസാലിഹ് ശരീഫ് തുടങ്ങിയവരടങ്ങുന്ന സമിതി തയാറാക്കിയ 2012ലെ സാമൂഹിക വികസന റിപ്പോര്‍ട്ട്.സാമൂഹിക മുന്നേറ്റത്തില്‍ മര്‍മപ്രധാനമായ വിദ്യാഭ്യാസരംഗത്ത് മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍, സ്കൂള്‍ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് മദ്റസ നവീകരണം. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ മുസ്ലിംകള്‍ പൊതുവെ തങ്ങളുടെ സന്താനങ്ങളെ സ്കൂളിലേക്കയക്കുന്നില്ല, മുഴുസമയ മദ്റസകളിലേക്കാണയക്കുന്നത് എന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ കൂടി ഭാഗമായ ഈ പദ്ധതി. എന്നാല്‍, ഇന്ത്യന്‍ മുസ്ലിംകളില്‍ വെറും നാല് ശതമാനമേ മദ്റസ വിദ്യാഭ്യാസംകൊണ്ട് തൃപ്തിപ്പെടുന്നുള്ളൂ എന്നതിനാല്‍ ബഹുഭൂരിപക്ഷത്തിനും അത്കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല. ഉന്നത വിദ്യാഭ്യാസ രംഗത്താവട്ടെ നിലവിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അവ എണ്ണത്തില്‍ തുലോം കുറവാണെന്നതിന് പുറമെ ദരിദ്ര വിദ്യാര്‍ഥികള്‍ വളരെ കുറച്ചേ അത്തരം സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുന്നുള്ളൂ.2009 - 2010ലെ കണക്കുകള്‍പ്രകാരം 2.45 കോടി മുസ്ലിം കുട്ടികളാണ് അപ്പര്‍ പ്രൈമറി തലംവരെ പ്രവേശം തേടിയത്. ഈ തലത്തിലെ സര്‍ക്കാര്‍ പ്രഖ്യാപിത സ്കോളര്‍ഷിപ്പുകളാകട്ടെ 24 ലക്ഷം കുട്ടികള്‍ക്ക് മാത്രവും!ന്യൂനപക്ഷക്ഷേമ മന്ത്രാലയം വെറും ബാധ്യതയായി മാറി എന്നാണ് കമ്മിറ്റിയുടെ പരിതാപകരമായ മറ്റൊരു കണ്ടത്തെല്‍. പതിനൊന്നാം മണിക്കൂറില്‍ പ്രസ്തുത മന്ത്രാലയത്തിന്‍െറ ചുമതലയേറ്റ മന്ത്രി റഹ്മാന്‍ഖാന്‍ ചിലതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നതൊഴിച്ചുനിര്‍ത്തിയാല്‍ ഇതേവരെ ‘ന്യൂനപക്ഷ പ്രീണനം’ എന്ന ബി.ജെ.പി - സംഘ്പരിവാര്‍ പ്രചാരണത്തിനൊരു ഉദാഹരണമായി മാത്രം അത് വഴിപാട്പോലെ നിലനിന്നു. എന്തെങ്കിലും ഭാവനയോ കാഴ്ചപ്പാടോ സാമൂഹിക പ്രതിബദ്ധതയോ ന്യൂനപക്ഷ മന്ത്രാലയത്തിനില്ളെന്ന് മുഷീറുല്‍ ഹസന്‍ ചൂണ്ടിക്കാട്ടുന്നു. പതിനൊന്നാം പദ്ധതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കാകെ ആറു ശതമാനം നീക്കിവെച്ചതില്‍ മന്ത്രാലയത്തിന്‍െറ വിഹിതം വെറും 0.79 ശതമാനം. നാമമാത്രമായ ഈ ഫണ്ടുപോലും വേണ്ടവിധം ഉപയോഗിച്ചിട്ടുമില്ല. സംസ്ഥാനസര്‍ക്കാറുകള്‍ നീക്കിയിരിപ്പിന്‍െറ പകുതിപോലും വിനിയോഗിച്ചില്ളെന്നാണ് 2007-12 കാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ പ്രത്യേക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തുവെങ്കിലും ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലുള്ള മുസ്ലിംകള്‍ ഗണ്യമായി താമസിക്കുന്ന സംസ്ഥാനങ്ങളില്‍ അമുസ്ലിം ഭൂരിപക്ഷമേഖലകളിലാണ് പ്രസ്തുത വികസന ഫണ്ട് പ്രധാനമായും വിനിയോഗിച്ചത്. ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളെ ഉന്നം വെച്ച് ഉദ്ദേശിക്കപ്പെട്ട പ്രത്യേക വികസന പദ്ധതികള്‍ അവതാളത്തിലാവുകയായിരുന്നുവെന്നര്‍ഥം.ചുരുക്കത്തില്‍ വോട്ടുരാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി, പാവപ്പെട്ട മുസ്ലിം ജനസാമാന്യത്തിന്‍െറ കണ്ണില്‍ പൊടിയിടാന്‍ അയോഗ്യരും സ്വാര്‍ഥികളുമായ മുസ്ലിം വേഷധാരികളെ മുന്‍നിര്‍ത്തി നടത്തുന്ന അഭ്യാസമായി ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ തരംതാണു എന്ന് മതേതര പ്രതിബദ്ധതയില്‍ അശേഷം സംശയിക്കപ്പെടാത്ത മുസ്ലിംപ്രമുഖര്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍, ഇനി എന്തുചെയ്യണമെന്നും ആരെ തുണക്കണമെന്നും സമുദായനേതാക്കളും സംഘടനകളും സഗൗരവം ചിന്തിക്കണം. വഞ്ചനക്കും വേണമല്ളോ അതിരും അവസാനവും.
No comments:
Post a Comment