Thursday, October 17, 2013

ശരീഅത്ത് സംരക്ഷണ സമ്മേളനം


ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് 501 അംഗ സ്വാഗതസംഘം. സമ്മേളനം നവംബര്‍ 1 വെള്ളിയാഴ്ച

കോഴിക്കോട് : മതവിശ്വാസവും വ്യക്തി നിയമവും സംരക്ഷിക്കുന്നതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ നവംബര്‍ 1ന് വെള്ളി കോഴിക്കോട് ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് കോഴിക്കോട് ചേര്‍ന്ന സുന്നി കണ്‍വെന്‍ഷനില്‍ 501 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. സി കോയക്കുട്ടി മുസ്‌ലിയാര്‍ , ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ , സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ , പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍ , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ , ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ , വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ , എം സി മായിന്‍ ഹാജി, വി മോയിമോന്‍ഹാജി, ടി കെ പരീക്കുട്ടി ഹാജി (രക്ഷാധികാരികള്‍ ), കോട്ടുമല ടി എം ബാപ്പുമുസ്‌ലിയാര്‍ (ചെയര്‍മാന്‍ ), ഉമ്മര്‍ ഫൈസി മുക്കം, എ വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ , ആര്‍ വി കുട്ടിഹസ്സന്‍ ദാരിമി, സി എച്ച് മഹ്മൂദ് സഅദി, കെ മോയിന്‍കുട്ടി മാസ്റ്റര്‍ , മുസ്തഫ മുണ്ടുപാറ, കെ അബ്ദുല്‍ ബാരി ബാഖവി, കെ കെ ഇബ്രാഹീം മുസ്‌ലിയാര്‍ , യൂസുഫ് മുസ്‌ലിയാര്‍ കരീറ്റിപ്പമ്പ് (വൈസ് ചെയര്‍മാന്‍മാര്‍ ), നാസര്‍ ഫൈസി കൂടത്തായി (ജന. കണ്‍വീനര്‍ ), കെ സി അഹമ്മദ് കുട്ടി മൗലവി, മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം, അയ്യൂബ് കൂളിമാട് (കണ്‍വീനര്‍മാര്‍ ), എഞ്ചിനിയര്‍ മാമുക്കോയ ഹാജി (ട്രഷറര്‍ )
പ്രചരണം: കെ പി കോയ (ചെയര്‍മാന്‍ ), ആര്‍ വി എ സലാം (കണ്‍വീനര്‍ ), ഫൈനാന്‍സ്:- ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി (ചെയര്‍മാന്‍ ), മാമുക്കോയ ഹാജി (കണ്‍വീനര്‍ ), സ്റ്റേജ്, ലൈറ്റ് & സൗണ്ട്: കുഞ്ഞാലന്‍കുട്ടി ഫൈസി (ചെയര്‍മാന്‍ ), ഒ പി അഷ്‌റഫ് (കണ്‍വീനര്‍ ). മീഡിയ: പി ഹസൈനാര്‍ ഫൈസി (ചെയര്‍മാന്‍ ), സി പി ഇഖ്ബാല്‍ (കണ്‍വീനര്‍ ) പ്രോഗാം: കെ മോയിന്‍കുട്ടി മാസ്റ്റര്‍ (ചെയര്‍മാന്‍ ), ടി പി സുബൈര്‍ മാസ്റ്റര്‍ (കണ്‍വീനര്‍ ), വളണ്ടിയര്‍: റഷീദ് ഫൈസി വെള്ളായിക്കോട് (ചെയര്‍മാന്‍ ), യഹ്‌യ വെള്ളയില്‍ (കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. പ്രചരണഭാഗമായി ഒക്. 25ന് വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണം, ഒക്‌ടോ: 29, 30ന് സന്ദേശയാത്ര, 20ന് ജില്ലാതല കണ്‍വെന്‍ഷനുകള്‍ 23ന് മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പ്രൊജക്ട് അവതരിപ്പിച്ചു. ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി, യുസുഫ് മുസ്‌ലിയാര്‍ , സി എച്ച് മഹ്മൂദ് സഅദി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ സി അഹമ്മദ് കുട്ടി മൗലവി, സലാം ഫൈസി മുക്കം, കെ പി കോയ, അഷ്‌റഫ് ബാഖവി ചാലിയം, കെ എന്‍ എസ് മൗലവി, റശീദ് ഫൈസി വെള്ളായിക്കോട്, മജീദ് ദാരിമി ചളിക്കോട്, കെ കെ ഇബ്രാഹീം മുസ്‌ലിയാര്‍ , അബ്ദുറഹിമാന്‍ മാസ്റ്റര്‍ കരീറ്റിപ്പറമ്പ്, മുഹമ്മദ് ഇബ്രാഹിം, ടി പി സുബൈര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും പി ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

Tuesday, October 15, 2013

അന്ധയായ സുഡാനി തീര്‍ത്ഥാടകക്ക് മദീനയില്‍ വെച്ച് കാഴ്ച തിരിച്ചുകിട്ടി



October 15, 2013 5:30 pm
Muslim Pilgrim Regains Sight in Madinahഏഴു വര്‍ഷമായി കാഴ്ച ശേഷി നഷ്ടപ്പെട്ട സുഡാനി തീര്‍ത്ഥാടകക്ക് മദീനയിലെ പ്രവാചക പള്ളിയില്‍ വെച്ച് കാഴ്ച ശേഷി തിരിച്ചുകിട്ടി. സുഡാനില്‍ നിന്ന് ഹജ്ജിനെത്തിയ ഫാത്തിമ അല്‍മാഹിയാണ് തന്‍റെ നഷ്ടപ്പെട്ട കാഴ്ച മദീനാ പള്ളിയിലെ പ്രാര്‍ത്ഥനക്കു ശേഷം തിരിച്ചുകിട്ടിയതായി വ്യക്തമാക്കിയത്. സൌദി പത്രമായ ഉക്കാസ്, എമിറേറ്റ് 24/7 എന്നിവ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കെ പള്ളിയില്‍ നിന്നും തന്‍റെ കണ്ണുകളിലേക്ക് പ്രകാശം പതിക്കുകയും ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായി തന്‍റെ മകനെ ദര്‍ശിക്കുകയും ചെയ്തതായി ഫാത്തിമ പറയുന്നു. ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ എനിക്ക് നടക്കാനും കഴിയുന്നുണ്ട്. അവര്‍ പറഞ്ഞു.
ഏഴു വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ടതു മുതല്‍ ഒരുപാട് ചികിത്സകള്‍ നടത്തിയെങ്കിലും അതൊന്നും ഫലിക്കാതെ വരുകയായിരുന്നു. അന്നു മുതല്‍ മനസ്സില്‍ സൂക്ഷിച്ച ആഗ്രഹമാണ് ഹജ്ജ് യാത്ര. മക്കയും മദീനയും സന്ദര്‍ശിച്ചാല്‍ തന്‍റെ കാഴ്ച തിരിച്ചുകിട്ടുമെന്ന് അവര്‍ വിശ്വസിച്ചു. കാഴ്ചശേഷിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് അവര്‍ ദിവസങ്ങളോളം പ്രവാചക പള്ളിയില്‍ താമസിച്ചിരുന്നു.

അല്ലാഹു എന്നത് മുസ്ലിം വിശ്വാസത്തിന്റെ ഭാഗമെന്ന് മലേഷ്യന്‍ കോടതി



October 15, 2013 1:05 pm
Allah..ക്വാലാലംപൂര്‍: ദൈവത്തെ പരാമര്‍ശിക്കുമ്പോള്‍ അല്ലാഹു എന്നുച്ചരിക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കു മാത്രമേ അവകാശമുള്ളൂവെന്ന് മലേഷ്യന്‍ കോടതി.  കത്തോലിക്ക പ്രസിദ്ധീകരണത്തില്‍ ദൈവത്തെ അടയാളപ്പെടുത്താന്‍ അല്ലാഹു എന്ന് പ്രസിദ്ധീകരിച്ചതിനെതിരെ മലേഷ്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ ശരിവെച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.
മലേഷ്യയിലെ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ പത്രത്തിന്‍റെ മലയ പരിഭാഷയില്‍ ദൈവത്തെ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ 2009ല്‍ സര്‍ക്കാര്‍ രംഗത്തുവന്നതാണ് തര്‍ക്കങ്ങളുടെ തുടക്കം. അല്ലാഹു എന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പത്രത്തിന്റെ ലൈസന്‍സ് പിന്‍വലിക്കുമെന്ന ആഭ്യന്തര മന്ത്രാലയ നിലപാടിനെതിരെ പത്രം കോടതിയെ സമീപിച്ചു. 1963ല്‍ ആധുനിക മലേഷ്യ രൂപവത്കരിക്കുന്നതിനു മുമ്പുതന്നെ ക്രിസ്ത്യാനികള്‍ അല്ലാഹു എന്ന് ഉപയോഗിച്ചുവരുന്നുണ്ടെന്നും ബൈബിളിന്‍െറ മലയ പതിപ്പില്‍ ദൈവത്തെ അല്ലാഹു എന്നാണ് വിശേഷിപ്പിക്കുന്നതെന്നും കത്തോലിക്ക സഭ കോടതിയില്‍ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി സര്‍ക്കാര്‍ വിലക്ക് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിലക്ക് പിന്‍വലിച്ചത് രാജ്യവ്യാപക കലാപത്തിന് വഴിവെച്ചിരുന്നു.
മതസ്ഥാപനങ്ങള്‍ക്കുനേരെ നടന്ന അക്രമണങ്ങളുള്‍പ്പെടെ ദൂരവ്യാപകമായ സാമുദായിക സംഘര്‍ഷത്തിന് വഴിവെച്ച കീഴ്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ ഒമ്പത് ശതമാനം ജനങ്ങള്‍ ക്രിസ്ത്യാനികളാണ്.

Monday, October 14, 2013

സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളനം നവംബര്‍ 1 ന്

ഒക്ടോബര്‍ 25 വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണ പ്രസംഗങ്ങള്‍ നടക്കും
കോഴിക്കോട് രാജ്യത്തെ ഭരണഘടനയുടെ മൌലിക അവകാശങ്ങളില്‍ പെട്ട മതവിശ്വാസവും വ്യക്തിനിയമവും സംരക്ഷിക്കുന്നതിന് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും ഏക സിവില്‍കോഡ് വാദികളുടെ പുതിയ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുമായി സമസ്ത കേരള ജംയ്യത്തുല്‍ ഉലമാ ശരീഅത്ത് സംരക്ഷണ സമ്മേളനം നവംബര്‍ വെള്ളിയാഴ്ച കോഴിക്കോട് നടത്താന്‍ സമസ്തയുടെയും കീഴ്ഘടകങ്ങലുടെയും സംയുക്ത യോഗം തീരുമാനിച്ചു.
കുടുംബ പ്രശ്നങ്ങളാലും സാമൂഹ്യ ബാധ്യതയാലും നടക്കുന്ന ചില വിവാഹങ്ങളില്‍ പ്രയപൂര്‍ത്തിയായില്ല എന്ന തടസ്സം ഉന്നയിച്ച് വിവാഹം തടയാനും ശൈശവ വിവാഹ നിരോധന പരിതിയില്‍ പെടുത്തി സിവില്‍ നിയമത്തെ അട്ടിമറിക്കാനുമുള്ള സമീപകാലത്തെ ചില കേന്ദ്രങ്ങളുടെ ശ്രമത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള മത സംഘടനകളുടെ തീരുമാനത്തെ കടുത്ത ഭാഷണയിലാണ് ചില മത വിരുദ്ധരും അല്‍പ ജ്ഞാനികളും വിമര്‍ശിക്കുന്നത്മുമ്പും ഇത്തരം ശരീഅത്ത് വിരോധം പ്രകടിപ്പിച്ചപ്പോള്‍ ശരീഅത്ത് സംരക്ഷിക്കാനായി സമസ്ത നടത്തിയ സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് നവംബര്‍ ന് നടത്തുന്നത്ഒക്ടോബര്‍25 വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണ പ്രസംഗങ്ങള്‍ നടക്കുംജില്ലാ തലങ്ങളില്‍ സ്പെഷല്‍ കണ്‍വെന്‍ഷനുകള്‍ ചേരും യോഗത്തില്‍ പണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചുകോട്ടുമല ടി.എംബാപ്പു മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തുപ്രൊഫകെആലിക്കുട്ടി മുസ്‍ലിയാര്‍ സി.കെ.എം.സ്വാദിഖ് മുസ്‍ല്യാര്‍ ഡോബഹാഉദ്ദീന്‍ നദ്‍വിഉമര്‍ ഫൈസി മുക്കം.വി.അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്നാസര്‍ ഫൈസി കൂടത്തായിഓണമ്പിള്ളി മുഹമ്മദ് ഫൈസികെ.റഹ്‍മാന്‍ ഫൈസിഅശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്കെമോയിന്‍ കുട്ടി മാസ്റ്റര്‍ പുത്തനഴി മൊയ്തീന്‍ കുട്ടി ഫൈസിഡോഎന്‍ .എംഅബ്ദുല്‍ ഖാദര്‍ കൊടക് അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ ,.എംമുഹ്‍യദ്ദീന്‍ മുസ്‍ലിയാര്‍ എം.ചേളാരിസലീം എടക്കര പ്രസംഗിച്ചു.

അറഫാസംഗമം


Monday, October 14, 2013

അറഫാസംഗമം ഇന്ന്‌;ഒത്തു ചേരുന്നത് തീര്‍ത്ഥാടക സഹസ്രങ്ങള്‍

അറഫാസംഗമത്തിൽ നിന്ന് 
വിശുദ്ധ ഹജ്ജ് കര്‍മത്തിലെ സുപ്രധാന അനുഷ്ഠാനമായ അറഫ സംഗമത്തിന് കാലം സാക്ഷ്യംനില്‍ക്കുന്ന ദിവസമാണിന്ന്. മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ എന്ന സ്ഥലത്ത് സമ്മേളിക്കുന്നതാണീ കര്‍മം. ഇന്നലെമുതല്‍ പ്രാര്‍ഥനാനിര്‍ഭരരായി മിനായിലെ തമ്പുകളില്‍ കഴിയുന്ന അവര്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അറഫയിലേക്ക് പ്രയാണം ആരംഭിക്കുന്നത്. സൂര്യവെയില്‍ നട്ടുച്ചക്ക് കനക്കുമ്പോഴാണ് അറഫയിലെ ആരാധനകള്‍ക്കും ചൂടുപിടിക്കുന്നത്. ഒരു മരതണല്‍പോലും പണ്ടില്ലാതിരുന്ന മരുകാട്ടില്‍ എന്താണിങ്ങനെ ജനം വെയിലില്‍ നിന്ന് പ്രാര്‍ഥിക്കുന്നത്? അതേപ്പറ്റി പ്രമുഖ ഇറാനിയന്‍ ദാര്‍ശനികനായ അലി ശരീഅത്തിതന്നെ നിരീക്ഷിക്കുന്നു: ചരിത്രത്തില്‍ മനുഷ്യര്‍ പലരും ചെയ്തതുപോലെ സൂര്യവെളിച്ചത്തില്‍നിന്ന്, സ്വാതന്ത്ര്യത്തില്‍നിന്ന്, ജനക്കൂട്ടത്തില്‍നിന്ന് ആരും ഓടിപ്പോകരുത്. 
എപ്പോഴും ജനങ്ങളുടെ കൂടെ നില്‍ക്കുക -അതാണ് അറഫ ഉദ്ബോധിപ്പിക്കുന്നത്.
ജ്ഞാനം, തിരിച്ചറിവ് എന്നിവയാണ് അറഫ എന്ന അറബി പദത്തിന്‍െറ അര്‍ഥങ്ങളില്‍ പ്രധാനം. ഹാജിമാര്‍ ജീവിത യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അത് തിരിച്ചുപിടിക്കുന്ന സ്ഥലമാണ് അറഫ. ഭൗതിക ഭ്രമത്തരായാണ് മനുഷ്യര്‍ എന്നും ജീവിക്കുന്നത്. ജീവിതത്തില്‍ പരമാവധി സുഖിക്കുക, ആനന്ദത്തിലാറാടുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ.
അതിനപ്പുറം ജീവിതം മറ്റൊന്നുമല്ലാത്തവരാണ് ഏറെ. സുഖലോലുപരാകാന്‍ സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങള്‍ എന്നിവ വേണം. അവ നേടിയെടുക്കാന്‍ കൈയൂക്കുള്ളവന്‍, ഇല്ലാത്തവനെ കീഴൊതുക്കിയും ചവിട്ടിയരച്ചുമാണ് ലോകം മുമ്പോട്ട് കുതിക്കുന്നത്. ഈയൊരവസ്ഥയില്‍ ആരാണ് മനുഷ്യന്‍, തന്‍െറ ജീവിതലക്ഷ്യമെന്ത്, എവിടെ നിന്നാണ് ജീവിതയാത്ര തുടങ്ങിയത്, എവിടെയാണത് അവസാനിക്കുക എന്ന തിരിച്ചറിവാണ് അറഫയിലെ ജനസഞ്ചയം ഏറ്റുവാങ്ങുന്നത്. ദൈവത്തില്‍നിന്ന് വന്ന് ദൈവത്തിലേക്ക് തന്നെ മടങ്ങിപ്പോവുന്നതിനിടയിലെ ഒരു ഇടത്താവളം മാത്രമാണ് ജീവിതം. അഥവാ ഭൗതിക ജീവിതം നശ്വരമാണ്; അനശ്വരജീവിതം പരലോകത്തേതാണ്. മരണമെന്ന അലംഘനീയ യാഥാര്‍ഥ്യത്തോടെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീഴുന്നു. അതിനാല്‍ ചുരുങ്ങിയ കാലത്തെ തന്‍െറ ജീവിതത്തിനിടയില്‍ ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടുകള്‍ തിരിച്ചറിഞ്ഞുവേണം ജീവിതയാത്ര തുടരാനെന്ന പാഠമാണ് അറഫ നല്‍കുന്നത്. ഹജ്ജിലെ മുഴുവന്‍ കര്‍മവും വിശ്വാസിയെ ജീവിതനശ്വരത ഓര്‍മപ്പെടുത്തുന്നുണ്ട്. മരണശേഷം പുതപ്പിക്കുന്ന കഫന്‍പുടവയിലെ രണ്ട് വെള്ളത്തുണി കഷണങ്ങളാണ് അവന്‍ സ്വയമെടുത്ത് ഇഹ്റാം തുണിയായി ഹജ്ജില്‍ ശരീരത്തില്‍ ചുറ്റുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ മിനായിലെ തമ്പിലാണ് കൂടുതല്‍ നാള്‍ തീര്‍ഥാടകര്‍ പാര്‍ക്കുന്നത്. പരിമിത സൗകര്യമേ ആ തമ്പുകള്‍ക്കകത്തുള്ളൂ. നിലത്താണ് കിടപ്പ്. ചരിഞ്ഞോ മറിഞ്ഞോ കിടക്കാന്‍ തോന്നിയാല്‍ കൈയും കാലും മറ്റു തീര്‍ഥാടകരുടെ മേല്‍ തട്ടുമാറ് ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട ഇടം തുലോം ചെറുത്. അഥവാ മിനായിലെ ഇടുങ്ങിയ ‘ഖബറി’ല്‍ കിടന്ന്, വരാനുള്ള ജീവിതത്തെ കൂടി പരിശീലിക്കുകയാണ് ഹാജിമാര്‍.
ദുല്‍ഹജ്ജ് എട്ടിന് മിനായില്‍ കിടന്ന് ഇന്ന് (ദുല്‍ഹജ്ജ്-ഒമ്പത്) ദൈവത്തിന്‍െറ വിചാരണക്കുവേണ്ടി മഹ്ശറാ (പരലോകത്തെ സംഗമസ്ഥാനം) മൈതാനിയിലേക്ക് പോകുന്നതുപോലെയാണ് അറഫാ മൈതാനിയില്‍ എത്തിയുള്ള സംഗമം. കഫന്‍പുടവ, ഇടുങ്ങിയ സ്ഥലത്തെ കിടത്തം, മൈതാനത്തെ ഒത്തുചേരല്‍ എന്നിവ മൂന്നും ചേര്‍ന്ന് തീര്‍ഥാടകനെ ജീവിതയാഥാര്‍ഥ്യം പഠിപ്പിക്കുകയാണ്. മതിമറന്ന ഭൗതികതയല്ല, ലക്ഷ്യബോധത്തോടെയുള്ള ഇഹലോകജീവിതമാണ് ആവശ്യമെന്ന് മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ ഗൗരവതരമായ മറ്റേത് അനുഷ്ഠാനമാണ് മനുഷ്യര്‍ക്കുള്ളത്? നശ്വരമായ ഭൗതിക ജീവിതത്തില്‍ മനുഷ്യന്‍ കരസ്ഥമാക്കേണ്ടത് ദൈവിക തൃപ്തിയാണ്. ആ വലിയ പാഠം ഏറ്റവുമധികം തിരിച്ചറിഞ്ഞവര്‍ മാനവതക്ക് വഴികാട്ടി, മുന്നില്‍നടന്ന പ്രവാചകന്മാരാണ്. അവരിലെ കുലപതിയാണ് ഇബ്റാഹീം. എല്ലാ പ്രമുഖ മതസ്ഥരും ആദരിക്കുകയും തങ്ങളുടെ നേതാവായി അംഗീകരിക്കുകയും ചെയ്യുന്ന പ്രവാചകനാണ് ഇബ്റാഹീം. തന്‍െറ ജീവിതയാത്രയില്‍ മക്ക മണലാരണ്യത്തിലെത്തി ദൈവിക കല്‍പനപ്രകാരം കഅ്ബാ മന്ദിരം ആ മഹാനുഭാവന്‍ പണിതുയര്‍ത്തി. കഅ്ബയിലേക്ക് ദൈവിക കല്‍പനപ്രകാരം ജനത്തെ ഹജ്ജിന് ക്ഷണിച്ചതും ഇബ്റാഹീം തന്നെ. ആ പ്രവാചകന്‍െറയും കുടുംബത്തിന്‍െറയും ത്യാഗനിര്‍ഭരവും സമര്‍പ്പണ സന്നദ്ധവുമായ ജീവിതം മാനവരാശിക്ക് മഹനീയ മാതൃകയാണ്. അവ വിശുദ്ധ ഖുര്‍ആനില്‍ സവിസ്തരം ഇതള്‍വിരിഞ്ഞിട്ടുണ്ട്. മാനവികതയുടെ പ്രോദ്ഘാടകനും മനുഷ്യസംസ്കാരത്തിന്‍െറ രാജശില്‍പിയുമായ ഇബ്റാഹീം, മക്ക കേന്ദ്രമാക്കി മൂന്ന് സുപ്രധാന പ്രാര്‍ഥനകള്‍ ദൈവത്തോട് നടത്തിയിട്ടുണ്ട്. ഒന്ന്, എന്‍െറ തലമുറയെ മക്കയില്‍ നിന്‍െറ മന്ദിരത്തിനരികെ ഞാന്‍ താമസിപ്പിച്ചത് നിനക്ക് മാത്രം വഴിപ്പെട്ട് അവര്‍ ജീവിക്കാനാണ്. അക്കാരണത്താല്‍ നാഥാ, ജനശ്രദ്ധ നീ അവരിലേക്ക് തിരിക്കണം. 
രണ്ട്, അവര്‍ക്ക് നീ ഭക്ഷണവിഭവങ്ങള്‍ നല്‍കുക. മൂന്ന്, ഈ നാടിനെ സമാധാനവും ശാന്തിയും കളിയാടുന്ന മണ്ണാക്കി എന്നെന്നും നിലനിര്‍ത്തുക. ഏകദൈവ വിശ്വാസത്തോടൊപ്പംതന്നെ ഭൗതികതയുടെ അടിസ്ഥാനാവശ്യങ്ങളായ അന്നവും സമാധാനവും കൂടിയാണ് മാനവികതക്ക് പുലരേണ്ടതെന്നാണ് ഇസ്ലാമിക ദര്‍ശനം ആഗ്രഹിക്കുന്നതെന്ന് ഈ പ്രാര്‍ഥന വ്യക്തമാക്കുന്നു. ദൈവമാര്‍ഗത്തില്‍ സര്‍വം സമര്‍പ്പിച്ച ഇബ്റാഹീം, വാര്‍ധക്യത്തില്‍ ലഭിച്ച ഇസ്മാഈല്‍ എന്ന സന്താനത്തെ പോലും സ്വപ്നദര്‍ശനത്തെതുടര്‍ന്ന് ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായി. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ ജന്മംതന്ന നാഥനുതന്നെ സമര്‍പ്പിക്കാന്‍ സര്‍വാത്മനാ സജ്ജമാകുന്ന വിധേയത്വം. ദൈവത്തിനാകട്ടെ ആ പൈതലിന്‍െറ ഇളംചോരയായിരുന്നില്ല, ഇബ്റാഹീമിന്‍െറ സന്നദ്ധതാ പരീക്ഷണമായിരുന്നു ഉദ്ദേശ്യം. തീര്‍ഥാടകര്‍ ഹജ്ജില്‍ തങ്ങുന്ന മിനായിലായിരുന്നു ഇബ്റാഹീം പുത്രബലിക്ക് സന്നദ്ധമായത്. അതിനെ സ്മരിച്ചാണ് ബലികര്‍മം ഹജ്ജ് അനുഷ്ഠാനമായും ഹജ്ജിന് പോവാത്തവര്‍ നാട്ടില്‍ ചെയ്യേണ്ട കര്‍മമായും നിലനിര്‍ത്തിയിരിക്കുന്നത്. വിലപ്പെട്ടതെന്തും ദൈവത്തിന് സമര്‍പ്പിക്കാമെന്ന പ്രതിജ്ഞകൂടിയാണ് ഹാജിമാര്‍ അറഫയില്‍ മുഴക്കുന്നത്. പുത്രബലിക്കു സന്നദ്ധനായ ഇബ്റാഹീമിനെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ചെകുത്താന്‍ വന്നു. പക്ഷേ, ചെകുത്താന്‍െറ ദുഷ്ചിന്തകള്‍ക്ക് വശംവദനാകാതെ പിശാചിനെ ഇബ്റാഹീം എറിഞ്ഞോടിച്ചുവെന്നാണ് ചരിത്രം. മനുഷ്യജീവിതത്തില്‍ കടന്നുവരുന്ന എല്ലാതരം പൈശാചികതകളെയുമാണ് ഹജ്ജില്‍ കല്ലേറ് കര്‍മം നടത്തുന്നതിലൂടെ തീര്‍ഥാടകര്‍ എറിഞ്ഞോടിക്കുന്നത്. ചുരുക്കത്തില്‍ ജീവിതത്തിന്‍െറ പൈശാചികതകളില്‍പെടാതെ സര്‍വം ദൈവത്തിനര്‍പ്പിച്ച് ഭൗതികജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ഹജ്ജ് കര്‍മത്തിലൂടെ ഇബ്റാഹീം ലോകത്തെ പഠിപ്പിച്ചത്.
ചരിത്രത്തിന്‍െറ പ്രയാണത്തില്‍ അറഫ നല്‍കുന്ന ഇത്തരം തിരിച്ചറിവുകളെ മനുഷ്യ നാഗരികതയില്‍ വീണ്ടും ഉയര്‍ത്തി നാട്ടുകയാണ് മുഹമ്മദ് നബിയും ഹജ്ജ് നിര്‍വഹണത്തിലൂടെ ചെയ്തത്. ഒരു ലക്ഷത്തിലധികം വരുന്ന അനുയായികള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിച്ച പ്രവാചകന്‍, അറഫയിലും മിനായിലും നടത്തിയ പ്രഭാഷണങ്ങള്‍ ഈ തിരിച്ചറിവുകളെയാണ് അടയാളപ്പെടുത്തുന്നത്. ഹജ്ജ്, അതിന്‍െറ സകലവിധ ആത്മീയ ഭാവങ്ങള്‍ക്കുമൊപ്പംതന്നെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍െറ വിളംബരഭൂമി കൂടിയായി മാറുകയായിരുന്നു നബിയുടെ അറഫാ പ്രഭാഷണത്തില്‍: മനുഷ്യരുടെ ജീവന്‍, സമ്പത്ത്, അഭിമാനം എന്നിവ ഈ ദിവസംപോലെ, ഈമാസംപോലെ, ഈ സ്ഥലം പോലെ പവിത്രമാണ്. അതിനുമീതെ ആരും അന്യായമായി കൈവെക്കരുത്. പലിശ, കുടിപ്പക ഉള്‍പ്പെടെ എല്ലാ അനിസ്ലാമികതകളും മാനവരാശിയില്‍നിന്ന് ഞാന്‍ എന്നെന്നേക്കുമായി നിര്‍ത്തല്‍ചെയ്തിരിക്കുന്നു. സ്ത്രീകളോട് മാന്യമായിവേണം പെരുമാറാന്‍. ഒരാള്‍ക്ക്, അപരന്‍ തൃപ്തിപ്പെട്ട് നല്‍കാത്തതൊന്നും നിങ്ങള്‍ മറ്റുള്ളവരില്‍നിന്ന് കവര്‍ന്നെടുത്ത് അനുഭവിക്കരുത്. അറബിക്ക് അനറബിയേക്കാള്‍, വെളുത്തവന് കറുത്തവനേക്കാള്‍, ദൈവഭയം കൊണ്ടല്ലാതെ ഒരു മേന്മയുമില്ല. പൈശാചികതക്കടിപ്പെട്ട് പരസ്പരം കഴുത്തറക്കുന്നതിനുപകരം നിങ്ങള്‍ ഏകോദര സഹോദരങ്ങളാവുക തുടങ്ങി അന്തസ്സോടെ ജീവിക്കാനും അഭിമാനം കാത്തുസംരക്ഷിക്കാനുമുള്ള വിളംബരമായി ആ പ്രഭാഷണം. ഇവ ഓരോ വര്‍ഷവും കണ്ണിലും കാതിലും ഹൃത്തിലും ആവാഹിച്ചെടുത്ത് ജീവിക്കുന്നവരാകുകയെന്ന പാഠവും അറഫ ഏവരെയും ഓര്‍മപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ കൈമാറിയിരിക്കുന്ന സന്ദേശം ലോകാവസാനം വരേക്കുമുള്ളവര്‍ക്ക് കൈമാറണമെന്നും പ്രതിസന്ധികളിലും പ്രയാസങ്ങളിലും ജീവിതനൗക ആടിയുലയാതിരിക്കാനുള്ള ഏകപരിഹാരം ദിവ്യഗ്രന്ഥമായ ഖുര്‍ആനിനെയും എന്‍െറ ജീവിതമാതൃകയെയും മുറുകെ പിടിക്കുകയെന്നതാണെന്നും പ്രവാചകന്‍ അറഫയില്‍വെച്ച് ഉദ്ബോധിപ്പിച്ചു.
ഭൂതലത്തില്‍ ഏറ്റവും കൂടുതല്‍ ജനം ഓരോ വര്‍ഷവും സംഗമിക്കുന്ന ഇടം ഒന്നു മാത്രമേയുള്ളൂ -അറഫ. ലാളിത്യം, സാഹോദര്യം, അച്ചടക്കം, ദൈവിക വിധേയത്വം എന്നിവ കാഴ്ചവെക്കുന്ന അനിര്‍വചനീയ സന്ദര്‍ഭം കൂടിയാണത്. അമേരിക്കയിലെ നീഗ്രോ മുസ്ലിം നേതാവും പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനുമായിരുന്ന മാല്‍ക്കം എക്സ് തന്‍െറ ആത്മകഥയില്‍ ഹജ്ജിലെ ഈ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ഇബ്റാഹീമിന്‍െറയും മുഹമ്മദിന്‍െറയും, പരിശുദ്ധ വേദപുസ്തകത്തിലെ മറ്റ് പ്രവാചകന്മാരുടെയും ജന്മഗേഹമായ ഈ പുരാതന വിശുദ്ധഭൂമിയില്‍ വിവിധ വര്‍ണക്കാരും വംശക്കാരുമായ ആളുകള്‍ പുലര്‍ത്തിയതിനു തുല്യമായ സാഹോദര്യ മനോഭാവത്തിനും ആതിഥ്യമര്യാദക്കും മുമ്പൊരിക്കലും ഞാന്‍ സാക്ഷിയായിട്ടില്ല. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്തതൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ വ്യത്യസ്ത നിറക്കാര്‍. പക്ഷേ, ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്‍െറയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. (മാല്‍കം എക്സിന്‍െറ ആത്മകഥ; പേ: 438, 439 ഐ.പി.എച്ച്; കോഴിക്കോട് 12)
ഇന്ന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് ഹാജിമാര്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുക. ഉച്ചക്ക് അവിടത്തെ മസ്ജിദ് നമിറയില്‍നിന്ന് നടത്തപ്പെടുന്ന പ്രഭാഷണത്തിന് അവരും ലോകത്തോടൊപ്പം കാതോര്‍ക്കും. ലോകജനതയെ പൊതുവിലും മുസ്ലിം ലോകത്തെ വിശേഷിച്ചും അഭിസംബോധന ചെയ്യുന്നതാണ് ഈ പ്രഭാഷണത്തിന്‍െറ ഉള്ളടക്കം. അറഫാ ദിനത്തിന്‍െറ പ്രാധാന്യത്തെപ്പറ്റി മുഹമ്മദ് നബി പറഞ്ഞു: ‘അല്ലാഹുവിങ്കല്‍ അറഫാ ദിവസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു ദിവസമില്ല. അന്ന് അല്ലാഹു ഭൂമിയോട് ഏറ്റവും അടുത്തുവരും. എന്നിട്ട്, ആകാശവാസികളോട് ഭൂവാസികളെക്കുറിച്ച് അഭിമാനത്തോടെ പറയും-എന്‍െറ അടിമകളെ നോക്കൂ! ജടപിടിച്ചവരും പൊടിപറ്റിയവരുമായി വിദൂരദിക്കുകളില്‍നിന്ന് അവര്‍ എന്‍െറ അടുത്തുവന്നിരിക്കുന്നു. എന്‍െറ കാരുണ്യം മാത്രം കാംക്ഷിച്ചുകൊണ്ട്. എന്‍െറ ശിക്ഷ അവര്‍ കണ്ടിട്ടില്ല.’
അറഫാ ദിനത്തേക്കാള്‍ കൂടുതല്‍ നരകവിമോചിതരുണ്ടാകുന്ന മറ്റൊരു ദിവസവും കാണപ്പെടുകയില്ലെന്നും നബി അരുളിയിട്ടുണ്ട്. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന പ്രാര്‍ഥനയാണ് അറഫയില്‍ തീര്‍ഥാടകര്‍ നടത്തുന്നത്. മുസ്ലിം സമൂഹം ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളില്‍നിന്ന് മോചനം അഭ്യര്‍ഥിച്ചും നാഥനോട് കേഴുന്ന ഇടമാണിത്. സകലവിധ പ്രയാസങ്ങളും സഹിച്ച് അറഫയില്‍ സമ്മേളിക്കുന്ന ഹജ്ജ് തീര്‍ഥാടകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നോമ്പനുഷ്ഠിക്കുന്നത് മുസ്ലിംകള്‍ക്ക് പ്രതിഫലാര്‍ഹമായ കര്‍മമാണ്.

Sunday, October 13, 2013

ഹാജിമാര്‍ മിനയിലേക്ക്; ഹജ്ജിന് ഔദ്യോഗിക തുടക്കം



October 13, 2013 11:39 am
SAUDI-RELIGION-ISLAM-HAJJഹജ്ജ് തീര്‍ത്ഥാടനത്തിനായി വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാര്‍ മിനയിലേക്കുള്ള യാത്ര ആരംഭിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജിന് ഔദ്യോഗിക തുടക്കമായി. ഇന്ന് മക്കയില്‍ പ്രഭാത നിസ്കാരം നിര്‍വഹിച്ചതിനു ശേഷമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1.3 മില്യണ്‍ തീര്‍ത്ഥാടകര്‍ എട്ടു കിലോമീറ്റര്‍ അകലെയുള്ള മിനായിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
മിനയില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത തമ്പുകള്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുകയാണ്. മിനയിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം ഹജ്ജിന്‍റെ പ്രധാന ഇനമായ അറഫാ സംഗമത്തിനായി ഹാജിമാര്‍ അറഫയിലേക്ക് പുറപ്പെടും. മിനയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് അറഫ.
ഹജ്ജിനോടനുബന്ധിച്ചുള്ള സുരക്ഷയും സൌകര്യവും ഉറപ്പുവരുത്താനായി സൌദി ഹജ്ജ് മന്ത്രാലയത്തിനു കീഴിലും സന്നദ്ധ സംഘടനകള്‍ക്കു കീഴിലും സജ്ജീകരണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.

മുസ്‌ലിം വ്യക്തിനിയമ സംരക്ഷണം; പോരാട്ട കഥകള്


സുപ്രീംകോടതി വിധി മറികടക്കാന്‍വേണ്ടി, 1986 മെയ് 6ാം തീയതി രാജീവ്ഗാന്ധി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മുസ്‌ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡൈവോഴ്‌സ്) ആക്ട്, 1986 എന്ന പേരില്‍ ഒരു നിയമം പാസാക്കുകയും വിവാഹ മോചിതകള്‍ക്കുള്ള ജീവനാംശം ശരീഅത്ത് നിയമത്തിന് അനുസൃതമാക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര വിജയമായിരുന്നു അത്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ ഈ നിയമത്തിന്റെ സാധുതക്കെതിരെ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. സുപ്രീംകോടതിയില്‍ അതിനെ ചോദ്യംചെയ്തുകൊണ്ട് ധാരാളം റിട്ടുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. കൂടാതെ, ചില ഹൈക്കോടതികളില്‍നിന്ന് അതിനെതിരെ വിധികളും വന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നിയമ വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു പ്രശ്‌നം വഖഫ് വരുമാനത്തിനുള്ള ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ടതായിരുന്നു. മുന്‍ രാഷ്ട്രപതിയായിരുന്ന ശ്രീ. വെങ്കിട്ടരാമന്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഇന്‍കംടാക്‌സ് നിയമത്തില്‍ ഒരു ഭേദഗതി വരുത്തി. അതുപ്രകാരം, ഇന്‍കംടാക്‌സ് നല്‍കുന്നതില്‍നിന്ന് ഒഴിവാകണമെങ്കില്‍, എല്ലാ വഖഫുകളും അവരുടെ എല്ലാ സ്ഥാവര സ്വത്തുക്കള്‍ വില്‍ക്കുകയും ആ പണം ദേശസാല്‍കൃത ബാങ്കുകളില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സെക്യൂരിറ്റികളിലോ നിക്ഷേപിക്കുകയും ചെയ്യണമായിരുന്നു. ഈ നിയമം നടപ്പാക്കപ്പെട്ടിരുന്നുവെങ്കില്‍, വഖഫുകള്‍ക്ക് അവരുടെ വിവിധയിനം ചെലവുകള്‍ക്ക് ബാങ്കില്‍നിന്നുള്ള പലിശ ഉപയോഗിക്കേണ്ടി വരുമായിരുന്നു.

പലിശ ഇസ്‌ലാമില്‍ നിഷിദ്ധമായതിനാല്‍ അത് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍, പ്രസ്തുത നിയമത്തിനെതിരായി മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് നേതാക്കന്‍മാര്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായി, പിന്നീട് ശ്രീ. എന്‍.ടി തിവാരി ധനമന്ത്രിയായപ്പോള്‍ വഖഫ് സ്വത്തുക്കളെ ഈ നിയമത്തില്‍നിന്ന് ഒഴിവാക്കുകയുണ്ടായി.
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അടുത്ത ലക്ഷ്യം, വഖഫ് നിയമങ്ങള്‍ ശരീഅത്ത് അനുസൃതമാക്കുകയും വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യാനാവശ്യമായ ഭേദഗതികള്‍ വഖഫ് നിയമത്തില്‍ വരുത്തിക്കിട്ടുക എന്നതായിരുന്നു. 1984ല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ധൃതിപിടിച്ച് ഒരു ബില്ല് അവതരിപ്പിച്ചു. എന്നാല്‍ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുള്ള ഫലപ്രദമായ ഒരു പദ്ധതിയും അതിലില്ലായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രതിനിധികള്‍ നിയമമന്ത്രിയുമായി ബന്ധപ്പെട്ട് വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മൂന്ന് ദിവസത്തിനുശേഷം പൊടുന്നനെ ഈ ബില്ല് പാസാക്കുകയാണുണ്ടായത്. ബോര്‍ഡ്, രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള അധികൃതരുമായി ബന്ധപ്പെടുകയും മുസ്‌ലിം സംഘടനകളും വ്യക്തികളും ആയിരക്കണക്കില്‍ ടെലിഗ്രാമുകളും കത്തുകളും അയച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്‌തെങ്കിലും രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു.
ബോര്‍ഡ് ഈ ബില്ല് നടപ്പാക്കുന്നതിനെതിരെ എതിര്‍ക്കുകയും അതില്‍ ഭേദഗതികള്‍ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 1995ല്‍ പുതിയ വഖഫ് നിയമം പ്രഖ്യാപിക്കപ്പെട്ടു. പൂര്‍ണമായും തൃപ്തികരമാണെന്ന് പറഞ്ഞുകൂടെങ്കിലും, ബോര്‍ഡിന്റെ വിവിധ നിര്‍ദേശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗീകരിച്ച ഈ 'ആക്ടി'ന് കീഴില്‍ വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവര്‍ ചില വിഷയങ്ങളില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കൂടുതല്‍ സമഗ്രവും കുറ്റമറ്റതുമായ ഒരു വഖഫ് നിയമം സമീപ ഭാവിയില്‍ ആവിഷ്‌കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
മുസ്‌ലിം വ്യക്തി നിയമത്തിന്റെയും ശരീഅത്തിന്റെയും സംരക്ഷണത്തിനുവേണ്ടി ഇന്ത്യയിലെ മുസ്‌ലിംകള്‍ കാലാകാലം നടത്തിയ വിജയകരമായ പരിശ്രമങ്ങളുടെ ഒരു ഹ്രസ്വ വിവരണമാണ് മേലെ നല്‍കിയത്. അതില്‍നിന്ന് ഒരു കാര്യം വ്യക്തമാകും. ഭരണഘടനാദത്തമായ മുസ്‌ലിം വ്യക്തി നിയമത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിയമ നടപടികള്‍ സ്വീകരിക്കുന്നതോ, കോടതികളെ സമീപിക്കുന്നതോ നിയമ നിര്‍മ്മാണമോ നിയമ ഭേദഗതിയോ ആവശ്യപ്പെടുന്നതോ ഒരു മഹാ അപരാധമോ നിയമ ലംഘനമോ അല്ല. അങ്ങനെയാണെങ്കില്‍ മുസ്‌ലിംകള്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. ചെയ്താല്‍തന്നെ വിജയിക്കുമായിരുന്നില്ല.
മാറിവരുന്ന സാഹചര്യങ്ങളിലേക്കും ആവശ്യങ്ങളുമനുസരിച്ച് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും എത്രയോ നിയമങ്ങളും ഉത്തരവുകളും റദ്ദാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട്. കോടതികളും അവയുടെ വിധികളും ഉത്തരവുകളും മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍പോലും എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. എന്നിരിക്കെ, രാജ്യത്തെ ഒരു പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ തങ്ങളുടെ വ്യക്തിനിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമന നിര്‍മ്മാണങ്ങളെയും കോടതി വിധികളെയും സര്‍ക്കാര്‍ ഉത്തരവുകളെയും മറ്റും മാറ്റണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?
(ഡോ. ഇ.കെ അഹമ്മദ്കുട്ടിയുടെ ലേഖനത്തിലെ ചില വിവരങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ന്യൂഡല്‍ഹി പ്രസിദ്ധീകരിച്ച 'ദി ഇഷ്യൂ ഓഫ് മുസ്‌ലിം പേഴ്‌സണല്‍ ലോ ഇന്‍ഡ്രൊഡക്ഷന്‍ ആന്റ് അനാലിസിസ്, ഓള്‍ ഇന്ത്യാ മുസ്‌ലിം ലോ ബോര്‍ഡ് എച്ചീവ്‌മെന്റ്‌സ് ആന്റ് ആക്ടിവിറ്റീസ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് - ഫിസിയോളജി, മെത്തലോള്‍ജി ആന്റ് എച്ചീവ്‌മെന്റ്‌സ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് - ഒരു ലഘു പരിചയം (മലയാള പരിഭാഷ) എന്നീ കൃതികളോട് കടപ്പാട്-ചന്ദ്രിക.)

Friday, October 11, 2013

വിവാഹം, ശരീരം, സ്വാതന്ത്ര്യം, സമൂഹം..



ഡോ. ബി. അശോക് (2013 ഒക്‌ടോബര്‍ 20 പുസ്തകം 52 ലക്കം 9 കേരള ശബ്ദം വാരികയിലെഴുതിയ ലേഖനം )
     കേരളത്തില്‍ മുസ്‌ലിം മത നേതാക്കന്‍മാര്‍ക്ക് ഒരു 'ഇമേജ്' പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു. തലയില്‍ക്കെട്ടും നിസ്‌ക്കാരത്തഴമ്പുമൊക്കെയായി അവരെന്തു പറഞ്ഞാലും അത് പുരോഗമന വിരുദ്ധമാണെന്നാണ് നമ്മുടെ മുന്‍വിധി. അവര്‍ വാദമുഖങ്ങള്‍ നിരത്തുന്നതിലും പോരായ്മയുണ്ട്. എല്ലാ സമുദായത്തിന്റെയും വ്യക്തിനിയമത്തിന്റെയും പേരിലേ പറയൂ. ശാസ്ത്രീയമായി ഒരു വാദമുഖം നിരത്താന്‍, അതും ദൃശ്യമാധ്യമങ്ങളോട്, അറിഞ്ഞുകൂടാ. ഫലത്തില്‍ അവരുടെ വാദം അവരുടെ അനുയായികള്‍ പോലും ഉടന്‍ തള്ളിപ്പറയും.
     'പ്രത്യേക സാഹചര്യങ്ങളില്‍' ബാലവിവാഹ നേരോധന നിയമം നിഷ്‌ക്കര്‍ഷിക്കുന്നതായ 18ല്‍ നിന്നും കുറച്ച് ശരീഅത്ത് ആക്ട് പറയുന്നതുമായ 16 വയസ്സില്‍ വിവാഹം അനുവദിക്കണമെന്നും ആയതിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്നുമാണ് വളരെ ചുരുക്കത്തില്‍ അവരുടെ വാദം. ഇതിനെ പ്രത്യക്ഷത്തില്‍ ക്രിമിനല്‍ ഭേദഗതി നിയമം 2013മായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ലൈംഗിക വേഴ്ചയ്ക്ക് ഉഭയകക്ഷി സമ്മതം നല്‍കാനുള്ള പക്വതയ്ക്ക് നിയമം നല്‍കുന്ന മിനിമം പ്രായമാണ് 18. അവിടെ ലൈംഗികചൂഷണം അഥവാ ബലാത്സംഗം നടന്ന കേസുകളിലേ ആ ചട്ടത്തിന് പ്രസക്തിയുള്ളൂ. പരാതിയില്ലാത്ത അഥവാ പരാതിക്കാരിയില്ലാത്ത ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിതയെ ചട്ടം ക്രിമിനലൈസ് ചെയ്യുന്നില്ല. ഇത്തരം പ്രോസിക്യൂഷന്‍ നിലനില്‍ക്കുകയുമില്ല. സ്റ്റേറ്റിന് അത്തരം ബന്ധത്തില്‍ പരിമിതികളുണ്ട്.

       ഇവിടെ പരിഗണിക്കേണ്ട വസ്തുത വിവാഹം എന്ന സംസ്‌ക്കാരം അഥവാ ആചാരം കേവലം ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികത മാത്രമാണോ എന്ന വസ്തുതയാണ്. കേവലം ഉഭയകക്ഷി സമ്മതമുള്ള ശാരീരിക വേഴ്ച മാത്രമാണോ വിവാഹം? ഹിന്ദു-മുസ്‌ലിം-ക്രൈസ്തവ മത ശാസനകളും സിവില്‍ നിയമവും അങ്ങനെയല്ല നിഷ്‌ക്കര്‍ഷിക്കുന്നത്. വിവാഹം ചെയ്താല്‍ ചെന്നുചേരുന്ന കുടുംബത്തിലെ സ്വാഭാവിക അംഗത്വവും(മകന്‍/മകള്‍) ജീവനാംശവും സ്വത്തിനുമുള്ള അവകാശവും തുടര്‍ വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും വിദേശത്തും സ്വദേശത്തും യാത്ര ചെയ്യാനും മനോമണ്ഡലം വികസിക്കാനുള്ള അവസരവും വ്യക്തിത്വമായ ഒരു സാമൂഹ്യധര്‍മമുള്ളതായ, ഒരു പരിപൂര്‍ണ വ്യക്തിത്വത്തിലേക്കുള്ള വളര്‍ച്ചയുടെ സമൂഹം അംഗീകരിക്കുന്ന ചുവടുവെയ്പ്പും കൂടിയാണ് വിവാഹം എന്ന സംസ്‌ക്കാരം. ഹൈന്ദവ സംസ്‌കൃതിയില്‍ ഇത് ജീവിത ലക്ഷ്യമായ മോക്ഷപ്രാപ്തിക്കുള്ള അനിവാര്യമായ ഒരു ചുവടുവെയ്പാണ്. മുസ്‌ലിം സംസ്‌ക്കാരത്തിലും വിവാഹം കേവലം നിയമപരമായ ലൈംഗികതയല്ല, പര്‌സപര രക്ഷാകര്‍തോത്വമാണ്. ക്രിസ്തീയ സംസ്‌കൃതിയിലും പരസ്പരം തുണകളും രക്ഷാകര്‍ത്താക്കളും കൂടിയാണ് ഇണകള്‍. ദായക്രമത്തിലും ഇരുവരും കൂട്ടവകാശികളാണ്.
     ഇനി ശരീരത്തിന്റെ മാറ്റം കൊണ്ടുള്ള പ്രശ്‌നത്തിലേക്ക് പോകാം. ലോകമെങ്ങും ഭക്ഷ്യസമൃദ്ധി കൂടുതല്‍ വന്നതോടെ (ആഫ്രിക്കയെയും മറ്റും മറക്കുന്നില്ല) പെണ്‍കുട്ടികളുടെ പ്രായപൂര്‍ത്തി പ്രായം ശരാശരി എട്ട് മുതല്‍ പത്തുവയസ്സായി ചുരുങ്ങിയിരിക്കുകയാണ്. 18 വയസ്സില്‍ മാത്രമേ നിയമം അനുവദിക്കുന്ന ശാരീരിക വേഴ്ച സ്ത്രീയ്ക്ക് സാധ്യമാവുകയുള്ളൂ എന്ന് നിഷ്‌ക്കര്‍ഷിച്ചത്, പ്രായപൂര്‍ത്തിയാവുന്ന ശരാശരി പ്രായം 13-14 ആയിരുന്നു 1950കളിലാണ്.
        ലോക ശരാശരി സ്ത്രീ ശരീര പ്രായപൂര്‍ത്തി പ്രായം 1920ല്‍ 16.6 ആയിരുന്നു. 1950ല്‍ ഇത് 14.6 ആയും 1980ല്‍ 13.1 ആയും കുറഞ്ഞത് 2010ല്‍ 10.5 ആയി. അതായത് ഏതാണ്ട് ഒരു നൂറ്റാണ്ടുകൊണ്ട് പ്രായപൂര്‍ത്തി പ്രായം 6.1 വര്‍ഷം കുറഞ്ഞിരിക്കുന്നു. ഈ ശരാശരി ആറ് വര്‍ഷത്തില്‍ പെണ്‍കുഞ്ഞ് ആദ്യമൂന്നു വര്‍ഷവും ബാലികതന്നെയാവമെങ്കിലും ലൈംഗിക ഗ്രന്ഥികളുടെ പ്രവര്‍ത്തനം ശക്തമാവുന്ന ഒടുവിലത്തെ 2-3 വര്‍ഷം ലൈംഗിക പ്രവര്‍ത്തികളിലേര്‍പ്പെടാനുള്ള വാസനകള്‍ ശക്തമാവും എന്നതില്‍ തര്‍ക്കമില്ല. സ്ഥിതി വിവരപരമായി ഇവര്‍ 18-20 വയസ്സുവരെയുള്ളവരില്‍ നിന്നും ശാരീരികമായും മാനസികമായും വളരെ വ്യത്യസ്തരാവുന്നില്ല എന്നും പഠനങ്ങള്‍ കാട്ടുന്നു.
       യു.കെയില്‍ കുട്ടികളുടെ വളര്‍ച്ച പഠിച്ച സര്‍ക്കാര്‍ കമ്മീഷന്‍ ഈ ലൈംഗികശേഷിയും താല്‍പ്പര്യവുമുള്ള "Lateteens" ഒരു 'ടൈം ബോബംബാ'ണെന്നാണ് വിശേഷിപ്പിച്ചത്. ഇനി ലൈംഗികശേഷി വന്ന പെണ്‍കുട്ടികള്‍ ഇടപെടുന്നതായ സാമൂഹ്യ-സാങ്കേതികക വിദ്യാ-വിവര സാങ്കേതിക പശ്ചാത്തലം കൂടി കണക്കാക്കണം. 15-18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടി ഇന്ന് വിദ്യാഭ്യാസ ആവശ്യത്തിനും ചിലപ്പോള്‍ തൊഴിലിനുമായി കൂടുതല്‍ സമയം വീടിനു പുറത്തുചെലവിടുന്നുണ്ട്; യാത്ര ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് പോലുള്ള മാസ് ടെക്‌നോളജിയിലെ ലൈംഗികത ഒരു ജീവരഹസ്യവും അവളില്‍ നിന്നും ഒട്ടും മറച്ചുവയ്ക്കുന്നില്ല. സമപ്രായക്കാരും മുതിര്‍ന്നവരുമായുള്ള പുരുഷന്മാരുമായി മൊബൈല്‍-നെറ്റ് സംവിധാനം വഴി രക്ഷാകര്‍ത്താക്കളറിയാതെ ബന്ധപ്പെടാനുള്ള വഴികള്‍ യഥേഷ്ടം. തൊഴിലിടത്തിലും വിദ്യാലയത്തിലും ആണ്‍-പെണ്‍ വേര്‍തിരിവും കുറഞ്ഞുവരുന്നു(ഇതുവേണ്ടതുമാണ്). ഫലത്തില്‍ ലൈംഗിക താല്‍പര്യവും ശേഷിയുമുള്ള ടീനേജുകാരുടെ പരസ്പര ഇടപെടല്‍ ഒരു യാഥാര്‍ത്ഥ്യമാണ്.
       94 രാജ്യങ്ങളുടെ മിനിമം വിവാഹ പ്രായം പഠിത്തില്‍ 71 രാജ്യങ്ങളിലും നിശ്ചിത പ്രായം നിയമം മൂലം നിഷ്‌ക്കര്‍ഷിക്കുന്നില്ല എന്നുകാണാം. 13 രാജ്യങ്ങളില്‍ മാത്രമാണ് കുറഞ്ഞത് വയസ് പെണ്‍കുട്ടിക്കാകണം എന്ന് നിയമം മൂലം നിഷ്‌ക്കര്‍ഷിക്കുന്നത്. 18ന് മുകളില്‍ നിശ്ചയിച്ചിരിക്കുന്നത് ചൈന മാത്രമാണ്. വിവിധ വ്യക്തി നിയമങ്ങളും വ്യക്തിയുടെ നിശ്ചയവുമാണ് പല രാജ്യങ്ങളിലും വിവാഹ പ്രായം നിശ്ചയിക്കുന്നത്. എന്നാല്‍ വിവാഹപ്രായം ഉയരുന്നതേയുള്ളൂ.
വിവാഹം 16ല്‍ തന്നെ അനുവദിക്കുന്നത് പുരോഗമനപരമല്ല എന്നു വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഒന്നാംനിര രാജ്യങ്ങളായ ഓസ്ട്രിയ, ലക്‌സംബര്‍ഗ്, പോളണ്ട്, ടര്‍ക്കി, കൊറിയ, ഫിജി, ഇന്തോനേഷ്യ, ജപ്പാന്‍, മ്യാന്‍മര്‍, തെക്കനാഫ്രിക്ക, കൊളംബിയ, പെറു, ഉറുഗ്വെ എന്നിവിടങ്ങളിലൊക്കെ കുറഞ്ഞ പ്രായം 16ഓ അതില്‍ താഴെയോ ആയി സര്‍ക്കാര്‍ നിയമവിധേയമാക്കിയിട്ടുണ്ട് എന്നതാണ്. മുസ്‌ലിം നേതാക്കള്‍ക്ക് മാത്രമല്ല ഈ അഭിപ്രായമുള്ളത്.
        ഇനി അവശേഷിക്കുന്ന ഘടകം ഒരു പ്രത്യേക സമുദായത്തിന് വിവാഹപ്രായത്തില്‍ രണ്ട് വര്‍ഷം ഇളവ് വ്യക്തിനിമയത്തില്‍ നല്‍കണോ, അതോ എല്ലാ സമുദായത്തിനും ബാധകമാംവണ്മം ബാലവിവാഹനിയമം പരിഷ്‌കരിക്കണോ എന്നുള്ളതാണ്. ഇതില്‍ 18നു താഴെയുള്ള ഒരു പെണ്‍കുട്ടി വിവാഹിതയാവേണ്ടത് അഭിലഷണീയവും പൊതുനന്മയിലധിഷ്ഠിതവുമാകുന്ന സത്യസന്ധമായ(Bonafide) ചില സാഹചര്യങ്ങള്‍ പറയാം.
    1) രക്ഷകര്‍ത്താക്കള്‍ നേരത്തെ മരണപ്പെട്ടതിനാലോ രോഗബാധിതരായതിനാലോ അനാഥത്വം നേരിടുന്ന പെണ്‍കുട്ടി.
    2) ഉഭയകക്ഷി സമ്മതപ്രകാരം സമ്മതനായ ടീനേജുമായോ പുരുഷനുമായോ പ്രണയസംബന്ധമായി സ്വമേധയാ വേഴ്ചയിലേര്‍പ്പെടുന്നത് രക്ഷാകര്‍ത്താക്കള്‍ കണ്ടെത്തിയ പെണ്‍കുട്ടി.
   3) ഇത്തരം ബന്ധത്തില്‍ കുടുംബത്തിന് എതിര്‍പ്പും അതൃപ്തിയുള്ളതും എന്നാല്‍ ഇണയുടെ കുടുംബത്തിന് സ്വീകാര്യതയുള്ളമായ കേസുകള്‍. സ്വന്തം വീട്ടില്‍ ഭീഷണിയും ജീവാപായവും നേരിടുന്ന കേസുകള്‍.
   4) ഉഭയകക്ഷി സമ്മതത്തോടെയുള്ള അവിഹിത വേഴ്ചയില്‍ ഗര്‍ഭധാരണം നടന്ന ഇനിയും 18 വയസ്സാകാത്ത പെണ്‍കുട്ടി.
     ഈ കേസുകളിലൊക്കെ പെണ്‍കുട്ടിക്ക് എതിര്‍പ്പില്ലാത്ത ഒരു ഇണ അവളെ വിവാഹം ചെയ്ത് സംരക്ഷിക്കുന്നത് സമൂഹത്തിനും അവള്‍ക്കും കുടുംബത്തിനും ശ്രേയസ്സ്‌കരമായിരിക്കും.  എന്നു മാത്രമല്ല വലിയ അനന്തര പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യും. ഇവിടെ അവരുടെ വിവാഹാനന്തര പരസ്പര ലൈംഗികത ഒരു വലിയ സാമൂഹ്യപ്രശ്‌നമാകുന്നില്ല.  മറിച്ച്, ഈ സാഹചര്യം പരിരക്ഷയില്ലാതെ നില്‍ക്കുന്നതാണ് കൂടുതല്‍ അപകടകരം. 18ന് മുമ്പ് വേണ്ടത്ര ശാരീരിക-മാനസിക പക്വത കൈവരിച്ച് വിവാഹം വേണ്ടതാണ് എന്ന് ദൃഢനിശ്ചയമെടുക്കുന്ന പെണ്‍കുട്ടികളും അത്യപൂര്‍വമായി ഉണ്ടായിക്കൂടാ എന്നതും കാണാതിരിക്കരുത്.
ഇനി എന്താണ് കരണീയം? 18നുമുമ്പുള്ള വിവാഹം ചില പ്രത്യേക സാഹചര്യങ്ങളില്‍(അത്യപൂര്‍വ്വത്തില്‍ അപൂര്‍വ്വം!) വേണ്ടതാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ അതനുവദിക്കുന്നതിന് ബാലവിവാഹനിരോധന നിയമത്തില്‍ ഒരര്‍ദ്ധ ജുഡീഷ്യല്‍ നടപടി പറഞ്ഞുവച്ചാല്‍ പോരേ? 16 എന്നതു തന്നെ നിഷ്‌ക്കര്‍ഷിക്കേണ്ടതില്ല. 18ല്‍ നിന്നും പ്രായം കുറച്ചു പരിഗണിക്കേണ്ട കേസുകളില്‍ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഒപ്പിടുന്ന സാക്ഷ്യപത്രവും അവളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചും അവളെയും ഇണയെയും നേരില്‍ കേട്ടും ഒരു ജുഡീഷ്യല്‍ ഓര്‍ഡര്‍ (Relaxation of Age in Special Cases) നുവദിക്കാന്‍ കുടുംബകോടതി ജഡ്ജിക്കധികാരം നല്‍കിയാല്‍ പോരേ?
     കേവല ലൈംഗികതയായി വിവാഹത്തെ കാണരുത്. 16ല്‍ വിവാഹം ചെയ്ത് 17ല്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്വത്തിനവകാശം ലഭിക്കാത്ത സാഹചര്യവും പരിഗണിക്കേണ്ട? മുസ്‌ലിം പണ്ഡിതനായതുകൊണ്ട് ആശയം പുരോഗമനവിരുദ്ധമാണ് എന്നൊരു മുന്‍വിധി വേണ്ട. മുസ്‌ലിംകളടക്കം ശരാശരി വിവാഹ പ്രായം വര്‍ധിച്ചുകൊണ്ടുതന്നെയാണിരിക്കുന്നത്. കുറയുകയല്ല. (അറബിക്കല്ല്യാണം' പോലെ ചില അപവാദങ്ങള്‍ ഉണ്ടാവാം. അവയല്ല പൊതുട്രെന്‍ഡ്). ഇത്തരം മുന്‍വിധി മാറ്റിവച്ച്, പറയുന്നതാരെന്നു നോക്കാതെ പ്രശ്‌നത്തെ സമീപിച്ചാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സമൂഹത്തിന് പ്രയോജനകരമായതും ദോഷമില്ലാത്തുമായ നിയമപരമായ പരിഹാരം ഇതിനുണ്ട്. പ്രശ്‌നം ലൈംഗികാക്രമണ പ്രതിരോധനിയമവുമായും വ്യക്തിനിയമവുമായും ഇതിനെ ഘടിപ്പിക്കാവുന്നതാണ്. ഘടിപ്പിക്കേണ്ടത് ബാലവിവാഹനിരോധന നിയമത്തില്‍ ഇളവ് നല്‍കേണ്ട പ്രത്യേക സാഹചര്യങ്ങള്‍ നിര്‍വചിക്കുന്നതിലാണ്.
     കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കൂട്ടരാണ് കണ്ണടച്ചുള്ള തീവ്രപുരോഗമന വാദിക്കാര്‍. കേള്‍ക്കുന്നതിനും മുന്‍പേ തീരുമാനം ചിന്താശൂന്യരായി അവരടിച്ചേല്‍പ്പിക്കും. ഈ ചര്‍ച്ചയില്‍ മുസ്‌ലിം സംഘടനകള്‍ പറയുന്ന വാദങ്ങളില്‍ കൂടുതല്‍ പരിഗണനയര്‍ഹിക്കുന്ന പലതുമുണ്ട്. അത് പറഞ്ഞ രീതികൊണ്ടും, വ്യക്തിനിയമത്തിന്റെ സമര്‍ത്ഥനായി പറഞ്ഞതുകൊണ്ടും തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. സമര്‍ത്ഥരായ 'പുരോഗമന' ആശയക്കാര്‍ ഗോളടിക്കുകയും ചെയ്തു.

Thursday, October 10, 2013

ഉള്ഹിയ്യത്ത്: വിധിയും വിതരണവും





ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുള്ള സമയത്ത് അല്ലാഹുവിലേക്കടുക്കാന്‍ വേണ്ടി ബലിയറുക്കപ്പെടുന്ന മൃഗ (ആട്, മാട്, ഒട്ടകം)ത്തിനാണു ഉള്ഹിയത്ത് എന്നു പറയുക. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയ്യത്ത്. നബി(സ) പറഞ്ഞു: രക്തമൊലിപ്പിക്കുന്നതിനെക്കാള്‍ അല്ലാഹിവിനു ഇഷ്ടമുള്ള മറ്റൊരു കര്‍മവും ബലിപെരുന്നാളില്‍ മനുഷ്യനില്ല. തീര്‍ച്ചയായും, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളില്‍ ആഗതമാകും. അതിന്റെ രക്തം ഭൂമിയില്‍ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കല്‍ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും. അതിനാല്‍ ഉള്ഹിയ്യത്തറുത്ത് നിങ്ങള്‍ ശുദ്ധരായി കൊള്ളട്ടെ. (തുര്‍മുദി, അബൂദാവൂദ്) ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. കാരണം അവ സ്വിറാത്ത് പാലത്തിന്‍മേല്‍ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ്.

ഉള്ഹിയ്യത്ത് ഉമ്മത്തിന്റെ ഹഖില്‍ ശക്തിയായ സുന്നത്താണ്. എന്നാല്‍, നബി(സ)ക്കു നിര്‍ബന്ധവുമായിരുന്നു. തുര്‍മുദിയുടെയും ദാറഖുത്വ്‌നിയുടെയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ അക്കാര്യം വ്യക്തമാക്കുന്നു. ബലിപെരുന്നാള്‍ ദിനങ്ങളില്‍ തനിക്കും ആശ്രിതര്‍ക്കും ആവശ്യം വേണ്ടുന്ന ചെലവുകള്‍ കഴിച്ച് സ്വത്തില്‍ ബാക്കിയുള്ള, വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ബലിദാനം സുന്നത്താണ്. പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് സന്താനത്തിനുവേണ്ടി സ്വന്തം ധനത്തില്‍നിന്നെടുത്ത് ഉള്ഹിയ്യത്തറുക്കാവുന്നതാണ്. അറുത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയ്യത്തിന്റെയും പ്രതിഫലം ലഭിക്കും. (ശര്‍വാനി 9/367) ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ്. കൂട്ടത്തില്‍ ഒരാള്‍ അറുത്താല്‍ എല്ലാവര്‍ക്കു വേണ്ടിയും അതു മതിയാകുന്നതാണ്. ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ്. കുടുംബത്തില്‍ ഒരാള്‍ മാത്രം അറുത്താല്‍ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. ഒരാളുടെ കര്‍മത്തിന്റെ പുണ്യത്തില്‍ മറ്റുള്ളവരെ കൂടി പങ്കുചേര്‍ത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ്.

സുന്നത്തായ ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലതു നിര്‍ബന്ധമായി മാറും. ഞാനിതു ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താണ് എന്നിങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അതോടെ അതു നിര്‍ബന്ധമായിത്തീരും. എന്നാല്‍, വെറും വിവരമറിയിക്കല്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ഉള്ഹിയ്യത്താണ് എന്നു പറഞ്ഞതെങ്കില്‍ നിര്‍ബന്ധമാകില്ലെന്ന് സയ്യിദ് ഉമര്‍ ബസരി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (കുര്‍ദി 2/204)

ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം പോലുള്ളവ നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി 4/284)

പുരുഷനു സ്വന്തമായി അറവ് നടത്തലാണ് അറവ് വശമുണ്ടെങ്കില്‍ പുണ്യകരം; സ്ത്രീക്കു മറ്റൊരാളെ ഏല്‍പ്പിക്കലും. സ്വയം അറുക്കുന്നില്ലെങ്കിലും അറവുസ്ഥലത്ത് ഹാജരാകല്‍ സുന്നത്താകുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ ഉള്ഹിയ്യത്തറുക്കാവുന്നതാണ്. ഭരണാധികാരിയല്ലാത്തവനു തന്റെ വീടിനോടനുബന്ധിച്ച് കുടുംബങ്ങളെ സന്നിധിയില്‍ വെച്ചു അറവു നടത്തലാണു ഉചിതം. അയല്‍വാസികള്‍ ഭാഗം ചേര്‍ന്നറുക്കുകയാണെങ്കില്‍, വീടുകള്‍ പരസ്പം തൊട്ടടുത്താണെങ്കില്‍ എല്ലാ വീടുകളുടെയും പരിസരത്തായി അറുക്കണം. വീടുവിട്ടുള്ള വീട്ടുകാരില്‍ ഒരാളുടെ വീട്ടുപടിക്കല്‍ അറവു നടത്തുകയാണെങ്കില്‍ അയാള്‍ക്കു മാത്രമീ സുന്നത്തു ലഭിക്കും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്നപൊതുസ്ഥലം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.

ഒട്ടകം, മാട്, ആട് എന്നീ ഇനങ്ങള്‍ മാത്രമേ ഉള്ഹിയ്യത്തിനും പറ്റുകയുള്ളൂ. ഒട്ടകം 5 വയസ്സ്, മാട്, കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9/348) ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃകമാണു ഉചിതം.

ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.
ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349) ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138). മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്. ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്. ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല.
ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്. 7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.
21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക. മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല. തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്. ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്തുന്നപക്ഷം ഓരോ മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ. അതിനു പുറമെ അവരവരുടെ വിഹിതങ്ങളില്‍ നിന്നുതന്നെ വിതരണവും നടക്കണം.
അതും ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്. അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.
പറ്റിയത്, മുന്തിയത്
മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തു മൃഗം. ചെവി, ചന്തി, അകിട്, നാവ് പോലുള്ളവ മുറിച്ചുമാറ്റപ്പെട്ടത് മതിയാകില്ല. ഗര്‍ഭിണി പറ്റില്ലെന്നാണ് പ്രബലം. ചെവി കീറുക, തുളക്കുക എന്നിവ കുഴപ്പമില്ലെങ്കിലും തന്മൂലം വല്ലതും ചെവിയില്‍നിന്നടര്‍ന്നു പോകരുത്. ഭ്രാന്ത്, മുടന്ത്, കാഴ്ചയില്ലായ്മ, തീവ്രരോഗം, ചൊറി എന്നിവയുള്ളതും പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തറുക്കാന്‍ പറ്റാത്തതാണ്.
ഒരു പൂര്‍ണ്ണ ഒട്ടകം, പിന്നെ പൂര്‍ണ്ണമാട്, പിന്നെ നെയ്യാട്, പിന്നെ കോലാട്, പിന്നെ ഒരൊട്ടകത്തിന്റെ ഓഹരി ചേരുക, പിന്നെ മാടില്‍ ഓഹരി ചേരുക എന്ന വിധം ശ്രേഷ്ഠതയെ ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏഴ് ആട് അറുക്കുന്നത് ഒരു ഒട്ടകത്തെക്കാള്‍ പുണ്യമേറിയതാണ്. ഓരോ ഇനത്തിലും കൂടുതല്‍ തടിയുള്ളതാണ് ഏറെ ശ്രേഷ്ടം. എന്നിരിക്കെ അതില്‍ രണ്ടു മെലിഞ്ഞവയെക്കാള്‍ നല്ലത് ഒരു തടിച്ചതാണ്. മെലിഞ്ഞവ ഉല്‍കൃഷ്ട നിറമുള്ളവയോ കൂറ്റന്‍മാരോ ആയിരുന്നാലും ശരി. മാംസം തുല്യവും നിറം വ്യത്യാസവുമായിരുന്നവയില്‍ ഉല്‍കൃഷ്ട നിറമുള്ളതാണുത്തമം. യഥാക്രമം വെളുപ്പ്, മഞ്ഞ, തെളിവില്ലാത്ത വെള്ള, ചുവപ്പ്, കറുപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്ന ക്രമത്തിലാണ് നിറഭേദം തീര്‍ച്ചപ്പെടുത്തുന്നത്. തടിയുള്ള വെളുത്ത മൂരിയും താരതമ്യേന മെലിഞ്ഞ കറുപ്പുള്ള പോത്തും തമ്മില്‍ ശ്രേഷ്ഠമായത് മൂരിയാണ്. മാര്‍ക്കറ്റില്‍ പക്ഷേ പോത്തിനായിരിക്കും വില കൂടുതല്‍. എന്നാല്‍, കറുത്ത പോത്ത് അധികം തടിച്ചതാണെങ്കില്‍ അതാണുത്തമം.

എം.ടി. അബൂബക്ര്‍ ദാരിമി പനങ്ങാങ്ങര

Tuesday, October 8, 2013

ദുല്‍ഹജ്ജ് മാസത്തിലെ സവിശേഷമായ ആദ്യപത്തു ദിനങ്ങള്‍




duhajj
ദുല്‍ഹജ്ജ് മാസം ഹജ്ജിന്റെ മാസവും പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ പെട്ടതുമാണ്. ഇതിലെ ആദ്യ പത്ത് ദിനങ്ങളെ സവിശേഷമായി എടുത്ത് പറഞ്ഞ് അല്ലാഹു സത്യം ചെയ്തതായും കാണാം. 'പ്രഭാതമാണെ സത്യം. പത്ത് രാവുകളാണെ സത്യം'(അല്‍ ഫജര്‍ 1,2). ശ്രേഷ്ടമായ ഈ പത്ത് ദിനങ്ങളില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.
പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ്. ഈ മാസങ്ങള്‍ക്ക് ഇതര മാസങ്ങളേക്കാള്‍ ശ്രേഷ്ടതയുണ്ട്. അല്ലാഹു വിവരിക്കുന്നു: 'ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക'(തൗബ 36). ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നിവയാണ് ഈ നാല് മാസങ്ങള്‍. സ്വന്തത്തോട് അതിക്രമം ചെയ്യല്‍ എല്ലാ മാസങ്ങളിലും നിഷിദ്ധമാണെങ്കിലും ഈ മാസങ്ങളില്‍ അത് വളരെ ഗൗരവമുള്ളതാണ്. ദില്‍ഹജ്ജ് എന്ന സംജ്ഞയില്‍ തന്നെ രണ്ട് ആശയങ്ങള്‍ ഒത്തുചേരുന്നു. വിശുദ്ധ ഹജ്ജ് കര്‍മത്തിന് സാക്ഷിയാകുന്ന മാസമാണെങ്കില്‍ മറ്റൊന്ന് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്. ഹജ്ജിന്റെ മിക്കവാറും കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ടത് ഈ മാസത്തിലാണ്. യൗമുത്തര്‍വിയ, അറഫ ദിനം, അല്‍ഹജ്ജുല്‍ അക്ബര്‍, പെരുന്നാള്‍ സുദിനം, യൗമുന്നഹര്‍ തുടങ്ങിയവയെല്ലാം ദുല്‍ഹജ്ജിലെ ആദ്യ പത്തിലാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ അറഫ രാവ് ദുല്‍ഹജ്ജ് പത്തിലാണ്.

ഇതര മാസങ്ങളേക്കാള്‍ പവിത്രമാക്കപ്പെട്ട ഈ മാസങ്ങളില്‍ സല്‍കര്‍മങ്ങളില്‍ മുന്നേറുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. കാലങ്ങളില്‍ ചില സുവര്‍ണാവസരങ്ങള്‍ അല്ലാഹു നമുക്ക് പ്രദാനം ചെയ്യും. അത് പരമാവധി പ്രയോജനപ്പെടുത്തല്‍ വിശ്വാസികളുടെ ബാധ്യതയാണ്. റമദാന്‍ മാസം, ദുല്‍ഹജ്ജ്, പവിത്രമാക്കപ്പെട്ട മാസങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സുദിനങ്ങളാണ്. ഈ അവസരങ്ങള്‍ സല്‍കര്‍മങ്ങളില്‍ മുന്നേറിയും ദുഷ്‌കര്‍മങ്ങളില്‍ നിന്നു വിട്ടുനിന്നും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്. അല്ലാഹുവിനുള്ള പ്രകീര്‍ത്തനങ്ങളും(തസ്ബീഹ്), സ്തുതികളും(തഹ്മീദ്), ഏകദൈവത്വ വിളംബരവും(തഹലീല്‍), മഹോന്നതികളും(തക്ബീര്‍) ഈ പത്തുദിനങ്ങളില്‍ അധികരിപ്പിക്കണമെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. സഹാബികളില്‍ അങ്ങാടികളില്‍ നിന്ന് വരെ അല്ലാഹുവിന്റെ മഹത്വം ഇത്തത്തില്‍ പ്രഘോഷിച്ചിരുന്നതായി കാണാം. അവര്‍ പരസ്പരം കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ ' അല്ലാഹു അക്ബര്‍, അല്ലാഹുഅക്ബര്‍' എന്ന് പറയുമായിരുന്നു.
ഈ സുദിനങ്ങളില്‍ സദഖ(ദാനധര്‍മങ്ങള്‍) ചെയ്യുന്നതിനും വളരെയേറെ പുണ്യമുണ്ട്. ദുല്‍ഹജ്ജ് ഒമ്പതിന് അറഫ നോമ്പനുഷ്ടിക്കല്‍ വളരെ പ്രാധാന്യമുള്ളതാണ്. റസൂല്‍(സ) പറഞ്ഞു: അറഫ നോമ്പ് മൂലം രണ്ടുവര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു ദൂരീകരിക്കും. മുന്‍കഴിഞ്ഞവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും ചെറുപാപങ്ങള്‍ അല്ലാഹു ഇതിലൂടെ പൊറുത്തുതരും. എന്നാല്‍ ഹാജിമാര്‍ക്ക് ഈ ദിനത്തില്‍ നോമ്പനുഷ്ടിക്കല്‍ ശ്രേഷ്ടതയില്ല. കാരണം പ്രവാചകന്‍ (സ) ഹജ്ജിലയായിരിക്കെ അറഫ ദിനത്തില്‍ നോമ്പനുഷ്ടിച്ചിരുന്നില്ല. ഈ സുദിനങ്ങളില്‍ പ്രത്യേകിച്ച് പെരുന്നാള്‍ ദിവസം വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാക്കുക, സന്ദര്‍ശനങ്ങള്‍ അധികരിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക എന്നിവയ്‌ക്കെല്ലാം വളരെ പ്രാധാന്യമുണ്ട്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട് 

കഅ്ബയുടെ ശാസ്ത്ര വിശകലനം




35624
ഹജ്ജിനായി മക്ക സന്ദര്‍ശിച്ച ഒരാള്‍ ഹറം പള്ളിക്ക് ചുറ്റും പറക്കുന്ന പ്രാവുകളെ ശ്രദ്ധിച്ചു. അവയില്‍ കഅ്ബയെ വലയം വെച്ച് പറക്കുന്നവയുമുണ്ടായിരുന്നു. ജനങ്ങള്‍ കഅ്ബയെ ചുറ്റുന്ന പോലെതന്നെ വിപരീത ഘടികാര ദിശയിലാണ് അവ പറക്കുന്നതെന്നും അദ്ദേഹം ശ്രദ്ധിച്ചു. ജനങ്ങളെ പിന്‍പറ്റുകയാണ് പക്ഷികള്‍ ചെയ്യുന്നതെന്ന് ഒരാള്‍ പറഞ്ഞു. അതിനിടെ ഒരാള്‍ മറ്റൊരത്ഭുതം ശ്രദ്ധിച്ചു. പക്ഷികളൊന്നും കഅ്ബയുടെ മുകളിലൂടെ പറക്കുന്നില്ല. ആകാശത്ത് സ്വതന്ത്രമായി പറക്കാനുള്ള കഴിവ് അല്ലാഹു പക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. 'ആകാശഭൂമികളിലുള്ളവര്‍; ചിറകുവിരുത്തിപ്പറക്കുന്ന പക്ഷികള്‍; എല്ലാം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഓരോന്നിനും നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.'(24:41). പക്ഷെ കഅ്ബക്ക് മുകളിലൂടെ ഇവയൊന്നും പറക്കുന്നില്ല. നമസ്‌കാരവും സ്തുതിയും പഠിപ്പിക്കപ്പെട്ട പോലെ അവക്ക് ത്വവാഫും പഠിപ്പിക്കപ്പെട്ടതാണോ?
ഹജ്ജിന് ഇടയിലെ ത്വവാഫും ചെയ്യേണ്ടത് കഅ്ബയുടെ ചുറ്റും ഇതുപോലെ വിപരീത ഘടികാര ദിശയുലാണെന്ന് ഞാനോര്‍ത്തു. ആറ്റങ്ങള്‍ക്കുള്ളില്‍ ഇലക്ട്രോണുകള്‍ സഞ്ചരിക്കുന്നതും ഇതേ ദിശയിലാണ്. ഇവയെല്ലാം സഞ്ചരിക്കുന്നത് ഇടത്തുനിന്ന് വലത്തോട്ട് വിപരീത ഘടികാര ദിശയിലാണ്. ഇത് വെറുതെ നടക്കുന്നതാവില്ലെന്ന് എനിക്ക് തോന്നി. പ്രപഞ്ചത്തിലെ ഒരു അത്ഭുതമാണ് കഅ്ബ. കഅ്ബയുടെ ശാസ്ത്രീയമായ പ്രത്യേകതകള്‍ ഇക്കാലത്ത് ധാരാളമായി തെളിയിക്കപ്പെട്ടതാണ്. ഭൂമിശാസ്ത്രപരമായും ഗോളശാസ്ത്രപരമായും മറ്റ് വ്യത്യസ്ത തലങ്ങളിലും കഅ്ബയുടെ ശ്രേഷ്ടത വെളിവാക്കപ്പെട്ടിട്ടുണ്ട്.
സ്ഥലത്തിന്റെ പരിശുദ്ധി
അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.' (3:96) ഇവിടെ ഈ സൂക്തത്തില്‍ 'വെച്ചു' (വളഅ) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക സ്ഥലം അല്ലാഹു തെരെഞ്ഞെടുത്തു എന്നാണ് ഈ വാക്കുപയോഗിച്ചതില്‍ നമുക്ക് മനസ്സിലാകുന്നത്. 'ബൈത്തുല്‍ മഅ്മൂറിന്' താഴെ കഅ്ബയെ വെക്കാന്‍ അല്ലാഹു മലക്കുകളെ ചുമതലപ്പെടുത്തുകയായിരുന്നു. ബൈത്തുല്‍ മഅ്മൂര്‍ എന്നത് കഅ്ബക്ക് മുകളില്‍ ആകാശത്ത് സ്ഥിതിചെയ്യുന്ന പ്രത്യേക സ്ഥലമാണ്. മലക്കുകള്‍ അതിനെ വലയം ചെയ്തുകൊണ്ടിരിക്കും. ഇതാണ് ഇതിനെകുറിച്ച് വന്ന ഏറ്റവും വിശ്വസ്തമായ വ്യാഖ്യാനം.
ഇബ്‌റാഹീം(അ)യും ഇസ്മാഈല്‍ (അ)യും കഅ്ബ പുനര്‍നിര്‍മിച്ചപ്പോള്‍ അവര്‍ക്ക് സ്ഥലം തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്രമില്ലായിരുന്നു. അല്ലാഹു നിശ്ചയിച്ച സ്ഥലത്തെ ശുദ്ധീകരിക്കുകയായിരുന്നു അവരെ ഏല്‍പിച്ച ഒരു ചുമതല. 'ത്വവാഫ് ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും നാം കല്‍പിച്ചു.' (2:125) രണ്ടാമത്തെ കടമ അല്ലാഹു നിശ്ചയിച്ച സ്ഥലത്ത് കഅ്ബയുടെ രൂപം ഉണ്ടാക്കുക എന്നതായിരുന്നു. അല്ലാഹു പറയുന്നു: 'ഓര്‍ക്കുക: ഇബ്‌റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: 'ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ'. (2:127)
കഅ്ബ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അല്ലാഹു വാദി ബക്കയാക്കാന്‍ തെരെഞ്ഞെടുത്തതായിരുന്നു. അതുവരെ മക്ക എന്നത് ദരിദ്രമായ ഒരു സ്ഥലമായിരുന്നു. കൃഷിയോ, വെള്ളമോ ഇല്ലാത്ത വരണ്ട ഭൂമിയായിരുന്നു അത്. അല്ലാഹുവിനല്ലാതെ അറിയുകയോ കണ്ടെത്താനാവുകയോ ചെയ്യാത്ത വിജനമായൊരു സ്ഥലം. അതുകൊണ്ട് അല്ലാഹു കഅ്ബയുടെ സ്ഥാനത്തെക്കുറിച്ച് ഇബ്‌റാഹീ(അ)മിന്റെ മനസ്സില്‍ വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കി. അതുകൊണ്ട് അല്ലാഹു ഇബ്‌റാഹീമിനെക്കുറിച്ച് 'ഋജുമാനസന്‍' (ഹനീഫന്‍ മുസ്‌ലിമന്‍) എന്ന് പ്രയോഗിച്ചു. അദ്ദേഹത്തിന്റെ ഒരു ഭാര്യയെയും മകനെയും അവിടെ പാര്‍പ്പിക്കാനും അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഋജുവായ മനസ്സിന് മക്കയുടെ ശ്രേഷ്ടതയെക്കുറിച്ച് സത്യബോധനം നല്‍കി. അദ്ദേഹം പ്രാര്‍ത്ഥിച്ചു: 'ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.' (14:37)
ഇബ്‌റാഹീം(അ) ഭാര്യയെയും മകനെയും മരുഭൂമിയില്‍ ഉപേക്ഷിച്ച് പോരുമ്പോള്‍ അദ്ദേഹത്തോട് ഭാര്യ ചോദിച്ചു: അല്ലാഹുവാണോ താങ്കളോടിതു കല്‍പിച്ചത്? ഇബ്‌റാഹീം അതെയെന്നുത്തരം പറഞ്ഞു. അപ്പോള്‍ ഭാര്യ പറഞ്ഞു: എന്നാല്‍ ഞങ്ങള്‍ നഷ്ടപ്പെട്ടവരാകില്ല. (ബുഖാരി) പിന്നീട് സംസം വെള്ളം പൊട്ടിയൊഴുകി ആ ഭൂമിയുടെ പരിശുദ്ധത തെളിഞ്ഞു. അങ്ങിനെ ആ പ്രദേശം ജനനിബിഢടമായി.
കുറച്ചുകാലത്തിന് ശേഷം ഇസ്മാഈല്‍ വളര്‍ന്ന് യുവാവായപ്പോള്‍, പിതാവ് മകനെ കൂട്ടി കഅ്ബയുടെ നിര്‍മാണം തുടങ്ങി. കഅ്ബ കെട്ടി ഉയര്‍ത്തിയപ്പോള്‍ അതിന്റെ മുകളിലേക്കുള്ള കല്ല് ഉയര്‍ത്താന്‍ ഇബ്‌റാഹീമിന് സാധിച്ചില്ല. അപ്പോള്‍ അദ്ദേഹം ഒരു ഉയര്‍ന്ന സ്ഥലത്ത് കയറിനിന്ന് മകന് കല്ല് പിടിച്ച്‌കൊടുത്തു. ആ സ്ഥലമാണ് പിന്നീട് 'മഖാമു ഇബ്‌റാഹീം' എന്ന് അറിയപ്പെട്ടത്. അവര്‍ അതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ അല്ലാഹു ജനങ്ങളെ ഹജ്ജിന് വേണ്ടി വിളിക്കാന്‍ ആവശ്യപ്പെട്ടു. 'തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും.'
ഇബ്‌റാഹീമിനും ഇസ്മാഈലിനും ശേഷം ഓരോ കാലങ്ങളിലും മക്കയുടെയും കഅ്ബയുടെയും പ്രശസ്തി ഉയര്‍ത്തുന്ന സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അതിലൊന്ന് ആനക്കലഹ സംഭവമാണ്. യമനിലെ അബ്‌റഹത്ത് കഅ്ബ തകര്‍ത്ത് അതിന് പകരം ഹജ്ജ് തീര്‍ത്ഥാടനം സ്വന്‍ആഇല്‍ അദ്ദേഹം നിര്‍മിച്ച ചര്‍ച്ചിലേക്കാക്കാന്‍ തീരുമാനിച്ചു. ആ ഉദ്ദേശം വെച്ച് അബ്‌റഹത്ത് മക്കയിലെത്തി. അപ്പോള്‍ മക്കയിലെ പൗരപ്രമുഖനായിരുന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പിതാമഹന്‍ പറഞ്ഞു: ഈ ഭവനത്തിനൊരു നാഥനുണ്ട്. അതിന്റെ സംരക്ഷണം അവന്‍ നോക്കും. എന്നിട്ട് അദ്ദേഹം കഅ്ബയെ സംരക്ഷിക്കാന്‍ അതിന്റെ റബ്ബിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹു അതിന് ഉത്തരം നല്‍കി. അല്ലാഹു അവന്റെ സൈന്യത്തെ അയച്ച് അബ്‌റഹത്തിനെയും സംഘത്തെയും നാമാവശേഷമാക്കി. അല്ലാഹു പറയുന്നു: 'ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ? അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു. ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പുപോലെയാക്കി.' (105:15) അങ്ങനെ കഅ്ബയുടെ പരിശുദ്ധി കാലങ്ങളായി നിലനിന്നു.
സ്ഥലത്തിന്റെ അമാനുഷികത
789654
ഈജിപ്തുകാരായ രണ്ട് പണ്ഡിതര്‍ മക്ക സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഭൂശാസ്ത്രപരമായ പ്രാധാന്യം കണ്ടെത്തിയിരുന്നു. ഡോ. മുസ്‌ലിം നൗഫല്‍, ഡോ. യഹ്‌യാ വസീരി എന്നീ ഗവേഷകരാണ് മക്കയുടെ സ്ഥാനവുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. ഭൂമിയുടെ കരഭാഗങ്ങളുടെ മധ്യമാണ് മക്കയെന്നാണ് അവര്‍ കണ്ടെത്തിയത്. മക്കയില്‍ നിന്ന് കരഭാഗത്തെ എല്ലാ വശത്തുമുള്ള അറ്റങ്ങളിലേക്ക് ഏകദേശം സമദൂരമാണ്. രണ്ടോ മൂന്നോ ശതമാനം മാത്രമാണ് ഇവയുടെ ദൂര വ്യത്യാസം. എല്ലാ ഉപഭൂഖണ്ഡങ്ങളിലേക്കും സമദൂരമാണുള്ളത്.
താഴെ കൊടുത്ത രീതിയിലാണ് കരമാര്‍ഗം വിവിധ അറ്റങ്ങളിലേക്കുള്ള ദൂരം.
മക്കയില്‍ നിന്ന് കിഴക്കെ അറ്റത്തുള്ള ഇന്തോനേഷ്യയിലെ ജാവയിലേക്കുള്ള ദൂരം 8275 കിലോമീറ്ററാണ്.
തെക്കെ അറ്റത്തുള്ള ആഫ്രിക്കയിലെ കേപ്ടൗണിലേക്ക് 6560 കി.മിയാണ് ഉള്ളത്.
റഷ്യയുടെ കിഴക്കെ അറ്റത്തുള്ള സഖാലീന്‍ ദ്വീപിലേക്ക് 9040 കി.മിയാണ് മക്കയില്‍ നിന്ന് ദൂരം.
ചൈനയുടെ കിഴക്കെ അറ്റത്തേക്കുള്ള ദൂരം: 8220 കി.മി
വടക്ക് കിഴക്കന്‍ ഭാഗത്തെ അറ്റത്തുള്ള ക്യൂഷൂ പട്ടണത്തിലേക്കുള്ള ദൂരം: 8790 കി.മി
ഏഷ്യയുടെ തെക്കു കിഴക്കെ അറ്റത്തേക്കുള്ള ദൂരം: 8570 കിമി
വന്‍കടലുകളുടെ ഇടയിലുള്ള പ്രദേശങ്ങളിലേക്കും ദൂരം ഇതുപോലെത്തന്നെയാണ്.
മക്കയും ന്യൂസിലാന്റിലെ വെല്ലിംട്ടണും തമ്മിലുള്ള ദൂരവ്യത്യാസം: 13040 കി.മി
തെക്കെ അമേരിക്കയുടെ അറ്റത്തേക്കുള്ള ദൂരം: 13012 കി.മി
വടക്കെ അമേരിക്കയിലെ കനേഡിയന്‍ വിക്ടോറിയയിലേക്കുള്ള ദൂരം: 13600 കി.മി
കടലിനക്കരെയുള്ള രണ്ട് അമേരിക്കയിലേക്കും ആസ്‌ത്രേലിയയിലേക്കും ഏകദേശം 13000 കി.മി വീതമാണുള്ളത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
കഅ്ബ നിലനില്‍ക്കുന്ന മക്കാപ്രദേശത്തിനും ചില പ്രത്യേകതകളുണ്ട്. അവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്.
ഭൂമിയുടെ സൃഷ്ടിപ്പിന്റെ തുടക്കത്തില്‍ അതൊരു വലിയ പിണ്ഡമായിരുന്നു. പിന്നീടത് പൊട്ടിപിളര്‍ന്ന് അവക്കിടയില്‍ ജലം നിറഞ്ഞു. മഹാസമുദ്രങ്ങളില്‍ നിലകൊള്ളുന്ന ഈ ഭൂഖണ്ഡങ്ങള്‍ പരസ്പരം അകന്ന് വിശാലമായിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് ഏഷ്യന്‍ ഭൂകണ്ഡത്തിനും ആഫ്രിക്കന്‍ ഭൂകണ്ഡത്തിനും ഇടയിലുള്ള ചെങ്കടലിന്റെ 1969ലെ സ്ഥാനത്തില്‍നിന്ന് രണ്ട് സെന്റീമീറ്ററിന്റെ വ്യത്യാസം കാണുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വികാസത്തിന്റെ കേന്ദ്രം കഅ്ബയുടെ പ്രദേശമാണ്.
ഭൂഗോളത്തിന്റെ 71 ശതമാനവും വെള്ളമാണ്. ബാക്കിയുള്ള 29 ശതമാനമാണ് കരയുള്ളത്. എന്നാല്‍ തെക്കെ അര്‍ധഗോളത്തില്‍ 90 ശതമാനത്തോളം വെള്ളമാണ്. ബാക്കി മാത്രമാണ് കരയുള്ളത്. പ്രധാന മഹാസമുദ്രങ്ങളെല്ലാം ഈ അര്‍ധഗോളത്തിലാണ്. അതുകൊണ്ടുതന്നെ ഭൂപ്രദേശങ്ങളുടെ സാന്ദ്രത ഈ ഭാഗങ്ങളില്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. മരുഭൂമിയിലെയും കടലിലെയും പര്‍വ്വതങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ വലിയ വ്യത്യാസമുണ്ടായിരിക്കും. ഈ സാന്ദ്രതാ വ്യത്യാസങ്ങളുടെ കേന്ദ്രവും ഏകദേശം മക്കാമേഖലയാണ്.
ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് മക്കയിലേക്ക്
ബൈതുല്‍ മുഖദ്ദസ് നിര്‍മിച്ചത് ഇബ്‌റാഹീ(അ)മിന്റെ പൗത്രന്‍ യഅ്ഖൂബ് (അ) ആണെന്നതില്‍ ഏകദേശം ചരിത്രകാരന്മാരെല്ലാം ഏകോപിച്ചിരിക്കുന്നു. കഅ്ബക്കും ബൈതുല്‍ മുഖദ്ദസിനുമിടയില്‍ കാലവ്യത്യാസം 40 വര്‍ഷമായിരുന്നു. അബൂദര്‍(റ) ഒരിക്കല്‍ നബി(സ)യോട് ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യ പള്ളിയേതാണെന്ന് ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: മസ്ജിദുല്‍ ഹറം. പിന്നീടേതാണ്? പ്രവാചകന്‍ പറഞ്ഞു: മസ്ജിദുല്‍ അഖ്‌സ. അവക്കിടയില്‍ എത്രകൊല്ലത്തിന്റെ വ്യത്യാസമുണ്ട്? നബി പറഞ്ഞു: നാല്‍പത് വര്‍ഷം.(ബുഖാരി)
ഇസ്‌ലാമില്‍ നമസ്‌കാരം നിയമമാക്കപ്പെട്ടപ്പോള്‍ ഖിബ്‌ലയായി അഖ്‌സ നിശ്ചയിക്കപ്പെട്ടു. കഅ്ബയെക്കാള്‍ ബിംബങ്ങള്‍ കുറവുള്ള സ്ഥലമെന്നതാണ് അഖ്‌സയെ ഖിബ്‌ലയാക്കാന്‍ കാരണം. അല്ലാഹു പറയുന്നു: 'എനിക്കുശേഷം നിങ്ങള്‍ ആരെയാണ് വഴിപ്പെടുകയെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അങ്ങയുടെ ദൈവത്തെ തന്നെയാണ് വഴിപ്പെടുക. അങ്ങയുടെ പിതാവായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരാകും.' (അല്‍ ബഖറ: 133)
അല്ലാഹു മസ്ജിദുല്‍ അഖ്‌സയുടെ ഭൂപ്രദേശത്തെ വളരെ പരിശുദ്ധവും അനുഗ്രഹീതവുമായ സ്ഥലമെന്നാണ് വിശേഷിപ്പിച്ചത്. 'തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.' (ഇസ്‌റാഅ് 1) ഇസ്‌ലാമിന്റെ ഈ പ്രദേശവുമായുള്ള ബന്ധം സൂചിപ്പിക്കാനും അതിനെ ആദരിക്കാനുമാണ് അല്ലാഹു ആദ്യ ഖിബ്‌ലയായി അഖ്‌സയെ തീരുമാനിച്ചത്.
തുടര്‍ച്ചയായി പ്രവാചകന്‍മാര്‍ വന്ന് അല്ലാഹുവിന്റെ ഏകത്വത്തെ പരിശുദ്ധപ്പെടുത്തിയ പ്രദേശമെന്ന നിലയിലും ഈ പ്രദേശത്തിന് അനുഗ്രഹം ലഭിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്‌റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.' (മര്‍യം:58)
പുന്നീട് മൂസാ(അ)യുടെ സമൂഹം അക്രമിയായ ഫറോവയില്‍ നിന്ന് അഭയം തേടി ഈ പരിശുദ്ധ പ്രദേശത്തെത്തിയതോടെ അത് വീണ്ടും അനുഗ്രഹിക്കപ്പെട്ടു. അല്ലാഹു പറയുന്നു: 'ഓര്‍ക്കുക: നാം നിങ്ങളോടു പറഞ്ഞു: 'നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുക. അവിടെനിന്ന് ആവശ്യമുള്ളത്ര വിശിഷ്ട വിഭവങ്ങള്‍ തിന്നുകൊള്ളുക. എന്നാല്‍ നഗരകവാടം കടക്കുന്നത് വണക്കത്തോടെയാവണം. പാപമോചനവചനം ഉരുവിട്ടുകൊണ്ടും. എങ്കില്‍ നാം നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരും. സുകൃതികള്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരും.' (അല്‍ ബഖറ: 58) പിന്നീട് ദാവൂദും സുലൈമാനും സകരീയ്യയും യഹ്‌യയും അവിടെ പ്രബോധനം നടത്തി. അവസാനം പരിശുദ്ധമണ്ണില്‍ ഈസാ നബി ആഗതനായി.
ഇങ്ങിനെ വളരെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതുകൊണ്ടാണ് അഖ്‌സയെ ആദ്യ ഖിബ്‌ലയായി നിശ്ചയിക്കപ്പെട്ടത്. പിന്നീട് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ സ്ഥാപിക്കപ്പെടുകയും വിജയം സമാഗതമാവുകയും കഅ്ബയില്‍ നിന്ന് ബിംബങ്ങള്‍ നീക്കപ്പെടാനുള്ള സമയം അടുക്കുകയും ചെയ്തപ്പോള്‍ കഅ്ബയെ വീണ്ടും അല്ലാഹു ഖിബ്‌ലയാക്കി നിശ്ചയിച്ചു. അല്ലാഹു പറയുന്നു: 'നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.' (അല്‍ ബഖറ: 144)
വിവ: ജുമൈല്‍ കൊടിഞ്ഞി

Monday, October 7, 2013

അറിവിലും അദബിലും കീര്‍ത്തി നേടിയ പണ്ഡിതര്‍



 
  
കാളമ്പാടി എന്ന നാമം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. മലപ്പുറം നഗരത്തോട് ചേര്‍ന്ന് കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ കീര്‍ത്തി ദേശാതിര്‍ത്തികള്‍ ഭേദിച്ചത്, കാളമ്പാടി ഉസ്താദ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന മഹാ പണ്ഡിതനിലൂടെയാണ്. കേരളത്തിലെ പരമോന്നത പണ്ഡിത പ്രസ്ഥാനമായ സമസ്തയുടെ അധ്യക്ഷ പദവിയിലിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്.

അഗാധ പാണ്ഡിത്യവും അപാരമായ ലാളിത്യവും കൊണ്ട് മുസ്‌ലിം കേരള മനസ്സ് കീഴടക്കിയ ഈ പണ്ഡിത തേജസ് കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ സുവര്‍ണ ശൃംഖലയിലെ കരുത്തുറ്റ ഒരു കണ്ണിയായിരുന്ന ആ പാരമ്പര്യം പരിശേധിക്കുമ്പോള്‍ കൗതുകകരമായ ചില ചരിത്ര വസ്തുതകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

1926-ലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. കേരളത്തിലെ തലയെടുപ്പുള്ള 40 പണ്ഡിതര്‍ അടങ്ങുന്ന അന്നത്തെ മുശാവറയിലെ ഒരു പ്രമുഖ അംഗമായിരുന്നു ഉമ്മാട്ട് മുരിങ്ങേക്കല്‍ അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍. കാളമ്പാടിക്കു സമീപം പെരിങ്ങോട്ടുപുലത്ത് 1889 ല്‍ ജനിച്ച ഇദ്ദേഹം കാളമ്പാടിയില്‍ സ്ഥിര താമസമാക്കിയതോടെയാണ് കാളമ്പാടി ഗ്രാമം കീര്‍ത്തി നേടുന്നത്. കാളമ്പാടി ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും ഇദ്ദേഹമാണ്. 'കോമു മോല്യേരുപ്പാപ്പാന്റെ പള്ളി' എന്ന പേരിലാണ് ആദ്യം ഈ പള്ളി അറിയപ്പെട്ടിരുന്നത്.

പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ 24 വര്‍ഷം ഇദ്ദേഹം ദര്‍സ് നടത്തി. അക്കാലത്ത് മലബാറിലെ ഏറ്റവും പ്രസിദ്ധമായ ദര്‍സായിരുന്നു പനയത്തില്‍ ദര്‍സ്. 1943-ലാണ് മഹാനവര്‍കള്‍ അന്തരിച്ചത്.

1950-ന് ശേഷം ഇദ്ദേഹത്തിന്റെ പല ശിഷ്യരും സമസ്തയുടെ സമുന്നത സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടു. 1950-ല്‍ വടകരയില്‍ നടന്ന സമസ്തയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ശംസുല്‍ ഉലമയും ഈ ലേഖകന്റെ വന്ദ്യപിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍ അവര്‍കളും മുശാവറ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ശംസുല്‍ ഉലമക്ക് അന്ന് 38 വയസ്സും കോട്ടുമല ഉസ്താദിന് 33 വയസ്സുമാണ് പ്രായം.

1957 ഫൊബ്രുവരി 23-ന് ചേര്‍ന്ന മുശാവറ യോഗം സുപ്രധാനമായ തീരുമാനങ്ങള്‍ കൊണ്ട് ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സമസ്തയുടെ സര്‍വ്വസ്വവുമായിരുന്ന കെ.പി.എ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പറവണ്ണ അനാരോഗ്യം കാരണം ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവുകള്‍ നികത്തിയത് ഈ യോഗത്തിലാണ്. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി ശംസുല്‍ ഉലമയും സമസ്തയുടെ മുഖപത്രമായ അല്‍ ബയാന്‍ പത്രാധിപരായി വന്ദ്യപിതാവ് കോട്ടുമല ഉസ്താദും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ യോഗത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ജന: സെക്രട്ടറിയായി കോട്ടുമല ഉസ്താദും വൈസ് പ്രസിഡന്റായി ശംസുല്‍ ഉലമയും തെരഞ്ഞെടുക്കപ്പെട്ടു. സമസ്തയുടെ നേതൃത്വത്തിലേക്ക് രണ്ടാം തലമുറയുടെ കടന്നുവരവായിരുന്നു ഇത്.

അതിനെ തുടര്‍ന്ന് 'ഇ.കെ, കോട്ടുമല' എന്നീ നാമങ്ങള്‍ ഓരോ ചുണ്ടിലും തത്തിക്കളിച്ചു. ഈ രണ്ടു മഹാപണ്ഡിതന്മാരും തമ്മില്‍ വിസ്മയകരമായ ഒരു പാരസ്പര്യം എന്നും നിലനിന്നു. ശംസുല്‍ ഉലമ സമസ്ത ജന: സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് വൈ പ്രസിഡണ്ടുമായിരുന്നെങ്കില്‍ കോട്ടുമല ഉസ്താദ് വിദ്യാഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറിയും സമസ്ത വൈസ്പ്രസിഡന്റുമായിരുന്നു. സമസ്തയുടെ സുപ്രധാന സമിതികളിലെല്ലാം ഇരുവരും അംഗങ്ങളായി. 1963-ല്‍ ജാമിഅ നൂരിയ്യ സ്ഥാപിതമായപ്പോള്‍ ശംസുല്‍ ഉലമ ജന: സെക്രട്ടറിയും കോട്ടുമല ഉസ്താദ് പ്രഥമ മുദരിസുമായി. പിന്നീട് ശംസുല്‍ ഉലമ പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുത്തപ്പോള്‍ കോട്ടുമല ഉസ്താദ് വൈസ് പ്രിന്‍സിപ്പല്‍ ആയും ശംസുല്‍ ഉലമ സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലായും നിയുക്തനായി.

പ്രാസ്ഥാനിക തലത്തിലെ പാരസ്പര്യത്തേക്കാള്‍ കൗതുകകരമാണ് ഇരുവരുടെയും ശിഷ്യ സമ്പത്ത്. ഇന്ന് കേരളത്തിലെ അനേകായിരം മദ്രസകള്‍, പള്ളികള്‍, അറബിക് കോളജുകള്‍, സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സേവനം ചെയ്യുന്ന ഭൂരിഭാഗം പണ്ഡിതന്മാരും ഈ രണ്ട് മഹാപണ്ഡിതരുടെ അല്ലെങ്കില്‍ രണ്ടിലൊരാളുടെ ശിഷ്യരോ ശിഷ്യ പരമ്പരയില്‍പ്പെട്ടവരോ ആണ്. സമസ്ത മുശാവറ പോലുള്ള ഉന്നത സമിതികളില്‍ പോലും ഇവരുടെ ശിഷ്യരാണ് ഭൂരിഭാഗവും. അമ്പതുകള്‍ മുതല്‍ തന്നെ മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം ഇവരുടെ ശിഷ്യരായിരുന്നുവെന്ന് കാണാം. ഈ ശിഷ്യ പരമ്പരയില്‍ നിന്ന് വെളിച്ചം സ്വീകരിച്ച അനേക ലക്ഷം സാധാരണ ജനങ്ങള്‍ കൂടിയാകുമ്പോള്‍ ഈ രണ്ട് മഹാപണ്ഡിതരോടും അവരുടെ ഗുരുനാഥനായ കോമു മുസ്‌ലിയാരോടും മുസ്‌ലിം കേരളം ഏറെ
കടപ്പെട്ടിരിക്കുന്നു.

പ്രഗത്ഭരായ അനേകം ശിഷ്യരില്‍ നിന്ന് കോമു മുസ്‌ലിയാര്‍ തന്റെ പിന്‍ഗാമിയായി കണ്ടത് കോട്ടുമല ഉസ്താദിനെയാണ്. ഗുരുവായ കോമുമുസ്‌ല്യാരുടെ ആഗ്രഹം പോലെ കോട്ടുമല ഉസ്താദ് അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം ചെയ്യുകയും കാളമ്പാടിയിലെ ഗുരുവിന്റെ വസതിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഗുരുവിന്റെ അമൂല്യമായ ഗ്രന്ഥ ശേഖരത്തിനും അദ്ദേഹം അവകാശിയായി. വെല്ലൂരില്‍ നിന്ന് ബാഖവി ബിരുദം നേടി തിരിച്ചെത്തിയ ഉടനെ 1943-ല്‍ ഊരകത്തിനടുത്ത കോട്ടുമലയില്‍ ദര്‍സ് ആരംഭിച്ചു. ഇവിടെ വെച്ചാണ് കാളമ്പാടി സ്വദേശിയായ ടി. അബൂബക്കര്‍ മുസ്‌ലിയാര്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
1956-ല്‍ കോട്ടുമല ഉസ്താദ് ഗുരുവിന്റെ തട്ടകമായ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലേക്ക് മാറി. കാളമ്പാടി ഉസ്താദ്, ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയ പല പ്രഗല്‍ഭരും അദ്ദേഹത്തിനു കീഴില്‍ ഇവിടെ ഓതിപ്പഠിച്ചവരാണ്.

1963-ലാണ് ജാമിഅ നൂരിയ സ്ഥാപിതമായത്. കേരളത്തില്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ബിരുദം നല്‍കുന്ന ഒരുന്നത കലാലയം അനിവാര്യമാണെന്ന ചിന്താഗതി അതിനു മുമ്പേ ഉണ്ടായിരുന്നു. എന്നാല്‍ പനയത്തില്‍ പള്ളിയിലെ ദര്‍സില്‍ നിന്ന് മൂന്ന് വര്‍ഷം വെല്ലൂരിലേക്ക് പോയ കുട്ടികള്‍ സീറ്റ് കുറവായതു കാരണം അഡ്മിഷന്‍ ലഭിക്കാതെ തിരിച്ചുപോരേണ്ടി വന്ന സാഹചര്യമാണ് ഈ സ്വപ്‌നത്തിന് വീണ്ടും ചിറക് മുളപ്പിച്ചത്.

ഒടുവില്‍ സമസ്ത ഇത്തരമൊരു ഉന്നത മതകലാലയം സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ പട്ടിക്കാട്ടെ കൊടിവായക്കല്‍ ബാപ്പു ഹാജി കോട്ടുമല ഉസ്താദിനെ സമീപിച്ചാണ് തന്റെ സ്വത്തുക്കള്‍ വഖ്ഫ് ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്. കോട്ടുമല ഉസ്താദ്, തുടര്‍ന്ന് പൂക്കോയ തങ്ങള്‍, ബാഫഖി തങ്ങള്‍, ശംസുല്‍ ഉലമ തുടങ്ങിയവരെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതാണ് ജാമിഅയുടെ സംസ്ഥാപനത്തില്‍ പര്യവസാനിച്ചത്. ബാഫഖി തങ്ങളുടെ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയുടെ ഭാരവാഹികളായിരുന്ന നഹ കുടുംബത്തിലെ പ്രമുഖരെ പള്ളിയില്‍ വിളിച്ചു വരുത്തി കാര്യം ധരിപ്പിച്ച് കോളജിലേക്ക് മുദരിസായി കോട്ടുമല ഉസ്താദിനെ വിട്ടുതരണമെന്ന് ആവശ്യപ്പട്ട അടിസ്ഥാനത്തിലാണ് ജാമിഅ പ്രഥമ മുദരിസായി ഉസ്താദ് നിയമിതനായത്. 1977 മുതല്‍ പ്രിന്‍സിപ്പല്‍ ആയും സേവനം ചെയ്തു. 1987 ജൂലൈ 30ന് ഇഹലോകവാസം വെടിയുന്നത് വരെ ജാമിഅയിലെ ഉസ്താദായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് അതുവരെ പുറത്തിറങ്ങിയ മുഴുവന്‍ ഫൈസിമാരുടെയും ഗുരുനാഥനാകാനുള്ള അപൂര്‍വ്വ സൗഭാഗ്യം ഉണ്ടായി.

കോട്ടുമല ഉസ്താദിന്റെ മരണശേഷം ചേര്‍ന്ന ജാമിഅ: നൂരിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജന യോഗം ഉസ്താദിന്റെ സ്മാരകമായി മലപ്പുറത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്താന്‍ തീരുമാനിച്ചു. ഉസ്താദിന്റെ യാത്രാ സൗകര്യാര്‍ത്ഥം ഓസ്‌ഫോജന വാങ്ങി നല്‍കിയ കാര്‍ വിറ്റ് കിട്ടിയ സംഖ്യ അതിന്റെ തുടക്കമായി എടുക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ച് കൂട്ടിയ യോഗം ഉദ്ഘാടനം ചെയ്ത് ഫണ്ട് ഏറ്റുവാങ്ങിയതും ശംസുല്‍ ഉലമയായിരുന്നു.
കോട്ടുമല ഉസ്താദിന്റെ പ്രമുഖ ശിഷ്യനായിരുന്നു കാളമ്പാടിയില്‍ ജനിച്ച എ. മുഹമ്മദ്മുസ്‌ല്യാര്‍. അറിവില്‍ മാത്രമല്ല, അദബിലും അപൂര്‍വ്വ മാതൃക തീര്‍ത്തവരായിരുന്നു കാളമ്പാടിയിലെ ഈ ഗുരു പരമ്പര. കോമു മുസ്‌ലിയാര്‍ക്ക് എല്ലാ കാര്യത്തിലും സ്വീകാര്യ യോഗ്യനായ ശിഷ്യനായിരുന്നു കോട്ടുമല ഉസ്താദ്.
1951-ല്‍ കോട്ടുമല ഉസ്താദ് സമസ്ത മുശാവറാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന് സമസ്തയുടെ സമുന്നത നേതാവായിരുന്ന സ്വദഖത്തുല്ല മൗലവി നടത്തിയ പ്രതികരണം ഇത് തെളിയിക്കുന്നു. സമസ്തയുടെ നേതൃത്വത്തിലേക്ക് വരാന്‍ എന്തുകൊണ്ടും അനുയോജ്യനായ പണ്ഡിതനാണ് കോട്ടുമല. ഒപ്പം കോമു മുസ്‌ലിയാരുടെ പിന്‍ഗാമിയും എന്ന്.

വന്ദ്യപിതാവ് കോട്ടുമല ഉസ്താദും കാളമ്പാടി ഉസ്താദും തമ്മിലുള്ള ഗുരു-ശിഷ്യ ബന്ധം കാണാനും അനുഭവിക്കാനും ഈ ലേഖകന് ധാരാളം അവസരമുണ്ടായി. കോട്ടുമല ഉസ്താദിനെ വാക്കിലും നോക്കിലും പിന്തുടര്‍ന്ന അനുകരണീയനായ ശിഷ്യനായിരുന്നു കാളമ്പാടി ഉസ്താദെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ തറപ്പിച്ച് പറയാനാകും. കാളമ്പാടി ഉസ്താദിന്റെ ഓരോ ഉയര്‍ച്ച കാണുമ്പോഴും അഭിവന്ദ്യ പിതാവിന്റെ ചിത്രമാണ് മനസില്‍ തെളിഞ്ഞിരുന്നത്.

1971-ല്‍ ജാമിഅ നൂരിയ്യയില്‍ നടന്ന മുശാവറ യോഗത്തിലാണ് കാളമ്പാടി ഉസ്താദിനെ സമസ്ത മുശാവറാംഗമായി തെരഞ്ഞെടുത്തത്. ശംസുല്‍ ഉലമയെ പോലെ 38ാം വയസ്സില്‍. ഉടന്‍ തന്നെ ജാമിഅ മാനേജിംഗ് കമ്മിറ്റി അംഗമായും പരീക്ഷ ബോര്‍ഡ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2004 സപ്തംബര്‍ 8 നാണ് മഹാനവര്‍കള്‍ സമസ്ത പ്രസിഡന്റായി നിയമിതനായത്. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉസ്താദിനെ നിര്‍ദേശിച്ചപ്പോള്‍ എല്ലാവരും സസന്തോഷം പിന്തുണക്കുകയാണുണ്ടായത്. പാരമ്പര്യം, പാണ്ഡിത്യം, പക്വത, പ്രായം എന്നീ നാല് വിശേഷണങ്ങളാണ് സമസ്ത പ്രസിഡന്റിന് വേണ്ടതെന്നും, ഇവ നാലും ഒത്തിണങ്ങിയ ഏറ്റവും അനുയോജ്യനായ പണ്ഡിതനാണ് കാളമ്പാടി ഉസ്താദ് എന്നുമാണ് തങ്ങള്‍ വിലയിരുത്തിയത്.

സീനിയര്‍ വൈസ് പ്രസിഡന്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക എന്ന സാധാരണ കീഴ്‌വഴക്കം മറികടന്നാണ് മുശാവറ അംഗം മാത്രമായിരുന്ന കാളമ്പാടി ഉസ്താദ് പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സമസ്തയുടെ ചരിത്രത്തില്‍ കണ്ണിയത്ത് ഉസ്താദാണ് സമാന രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്റ്. മുന്‍ പ്രസിഡന്റിന്റെ ദേഹവിയോഗം മൂലമല്ലാതെ വന്ന ഒഴിവിലേക്കാണ് ഇരുവരും നിയമിതരായതെന്ന സമാനതയുമുണ്ട്. കോട്ടുമല ഉസ്താദിന്റെ ശിഷ്യനായ കാളമ്പാടി ഉസ്താദിന്റെയും ജീവിതത്തില്‍ ഒട്ടേറെ സമാനതകള്‍ ഉണ്ടായിരുന്നു. ഗുരുവിന്റെ അധ്യാപന രീതി തന്നെയാണ് ശിഷ്യനും പിന്തുടര്‍ന്നത്. ലാളിത്യം ഇരുവരുടെയും മുഖമുദ്രയായിരുന്നു. പരസഹായം കൂടാതെ ഓരോ കാര്യവും ചെയ്യാനാണിരുവരും ഇഷ്ടപ്പെട്ടത്. താന്‍ കാരണം ഒരാളും ബുദ്ധിമുട്ടരുതെന്ന നിര്‍ബന്ധവും ഇരുവര്‍ക്കുമുണ്ടായിരുന്നു.

നാലര പതിറ്റാണ്ട് നീണ്ട അധ്യാപന വൃത്തിയിലൂടെ കോട്ടുമല ഉസ്താദും, അര നൂറ്റാണ്ടിലേറെ നീണ്ട അദ്ധ്യാപനത്തിലൂടെ കാളമ്പാടി ഉസ്താദും അനേകായിരം ശിഷ്യന്മാരെ വാര്‍ത്തെടുത്തു. ജാമിഅ നൂരിയ്യ സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോഴാണ് കോട്ടുമല ഉസ്താദിന്റെ വിയോഗമുണ്ടായത്. ജാമിഅ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുമ്പോഴാണ് കാളമ്പാടി ഉസ്താദ് വിടവാങ്ങിയത്.
കോട്ടുമല ഉസ്താദ്, കോമു മുസ്‌ലിയാരുടെ പുത്രി ഫാത്വിമയെയും കാളമ്പാടി ഉസ്താദ് കോമു മുസ്‌ലിയാരുടെ സഹോദരപുത്രി ഫാത്വിമയെയും ആണ് വിവാഹം ചെയ്തതെന്നതും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്നു.

അറിവിന്റെ ഗോപുരങ്ങളായി കേരളത്തെ പ്രകാശ പൂരിതമാക്കിയ കാളമ്പാടിയിലെ പണ്ഡിത ത്രയങ്ങളുടെ വിയോഗത്തിലുമുണ്ടായിരുന്നു അത്യപൂര്‍വ്വമായ സമാനത. ഹിജ്‌റ വര്‍ഷ പ്രകാരം ദുല്‍ഖഅദ് 7, 15 ദുല്‍ ഹിജ്ജ 5 എന്നിങ്ങനെ അടുത്തടുത്ത തിയ്യതികളിലായിരുന്നു യഥാ ക്രമം കോമു മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് എന്നിവരുടെ വിയോഗം. ആ സ്മരണകള്‍ പങ്കുവെക്കുന്നതിനായി വിപുലമായപരിപാടികള്‍ നടന്നുവരുന്നു.

അറിവിലും അദബിലും അപൂര്‍വ്വ മാതൃക തീര്‍ത്ത ഈ പണ്ഡിത ത്രയത്തോട് മുസ്‌ലിം കേരളം ഏറെ കടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, അവര്‍ വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്ത സമസ്ത എന്ന പണ്ഡിത പ്രസ്ഥാനം, ജാമിഅ നൂരിയ്യ, ആ പാരമ്പര്യത്തിന്റെ സ്മാരകമായി സ്ഥാപിതമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്.. ഇവയുടെ വളര്‍ച്ചക്കുവേണ്ടി യത്‌നിക്കുകയാണ് ഈ അനുസ്മരണ ദിനത്തിന്റെ പ്രതിജ്ഞ.
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍