October 15, 2013 1:05 pm
ക്വാലാലംപൂര്‍: ദൈവത്തെ പരാമര്‍ശിക്കുമ്പോള്‍ അല്ലാഹു എന്നുച്ചരിക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കു മാത്രമേ അവകാശമുള്ളൂവെന്ന് മലേഷ്യന്‍ കോടതി. കത്തോലിക്ക പ്രസിദ്ധീകരണത്തില്‍ ദൈവത്തെ അടയാളപ്പെടുത്താന്‍ അല്ലാഹു എന്ന് പ്രസിദ്ധീകരിച്ചതിനെതിരെ മലേഷ്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ ശരിവെച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.
മലേഷ്യയിലെ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ പത്രത്തിന്‍റെ മലയ പരിഭാഷയില്‍ ദൈവത്തെ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ 2009ല്‍ സര്‍ക്കാര്‍ രംഗത്തുവന്നതാണ് തര്‍ക്കങ്ങളുടെ തുടക്കം. അല്ലാഹു എന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പത്രത്തിന്റെ ലൈസന്‍സ് പിന്‍വലിക്കുമെന്ന ആഭ്യന്തര മന്ത്രാലയ നിലപാടിനെതിരെ പത്രം കോടതിയെ സമീപിച്ചു. 1963ല്‍ ആധുനിക മലേഷ്യ രൂപവത്കരിക്കുന്നതിനു മുമ്പുതന്നെ ക്രിസ്ത്യാനികള്‍ അല്ലാഹു എന്ന് ഉപയോഗിച്ചുവരുന്നുണ്ടെന്നും ബൈബിളിന്‍െറ മലയ പതിപ്പില്‍ ദൈവത്തെ അല്ലാഹു എന്നാണ് വിശേഷിപ്പിക്കുന്നതെന്നും കത്തോലിക്ക സഭ കോടതിയില്‍ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി സര്‍ക്കാര്‍ വിലക്ക് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിലക്ക് പിന്‍വലിച്ചത് രാജ്യവ്യാപക കലാപത്തിന് വഴിവെച്ചിരുന്നു.
മതസ്ഥാപനങ്ങള്‍ക്കുനേരെ നടന്ന അക്രമണങ്ങളുള്‍പ്പെടെ ദൂരവ്യാപകമായ സാമുദായിക സംഘര്‍ഷത്തിന് വഴിവെച്ച കീഴ്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ ഒമ്പത് ശതമാനം ജനങ്ങള്‍ ക്രിസ്ത്യാനികളാണ്.
No comments:
Post a Comment