Tuesday, October 1, 2013

ലൈംഗിക ബന്ധം എത്രയുമാവാം; പക്ഷേ, വിവാഹം മാത്രം പാടില്ല!




Just married couple, holding hands and walking in natureമുസ്‌ലിം സ്ത്രീയുടെ വിവാഹപ്രായമാണിപ്പോള്‍ വാര്‍ത്തയിലെ താരം. പെണ്‍ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തിയതിന് എതിരെ സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതാണ് പുതിയ കോലാഹലങ്ങളുടെ കേന്ദ്രബിന്ദു. അവസരം ഒത്തുവരുമ്പോഴെല്ലാം ഇസ്ലാമിനിട്ടു കൊട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന തല്‍പര കക്ഷികള്‍ക്കൊപ്പം സമുദായത്തില്‍ നിന്നുതന്നെ ചിലര്‍ മലര്‍ന്നുകിടന്ന് തുപ്പാന്‍ തുടങ്ങിയതോടെ രംഗം ആവശ്യത്തിലേറെ കൊഴുത്തിരിക്കുന്നു. വിവാഹപ്രായത്തിലെ വര്‍ധനവാണ് സാമൂഹ്യ പുരോഗതിയുടെ ഗതിനിര്‍ണയിക്കുന്നതെന്ന ഏകപക്ഷീയ മട്ടിലാണ് ചാനല്‍ ചര്‍ച്ചകളും കവലപ്രസംഗങ്ങളുമെല്ലാം മുന്നോട്ടുപോകുന്നത്. സോഷ്യല്‍മീഡിയ കൂടി ചേര്‍ന്ന് രംഗം കൈയടക്കിയതോടെ വിവാഹപ്രായം കുറക്കണമെന്നാവശ്യപ്പെടുന്നതു തന്നെ പ്രാകൃതവും മനുഷ്യത്വരഹിതവുമായി ലേബല്‍ ചെയ്യപ്പെട്ടിരിക്കുന്നു.
പുരുഷന്മാര്‍ ഇരുപത്തൊന്നും സ്ത്രീകള്‍ പതിനെട്ടും വയസ്സ് തികച്ചാല്‍ മാത്രമേ വിവാഹിതരാകാവൂ എന്നതാണ് നിലവിലെ ഇന്ത്യന്‍ നിയമം. ശാസ്ത്രീയ പ്രമാണങ്ങളുടെ പിന്‍ബലം ഒട്ടുമില്ലാത്തതാണ് ഈ പ്രായപരിധിയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യപുരോഗതിയുടെ പേരില്‍ ഇതിനെ ന്യായീകരിക്കുന്നവര്‍ക്ക് വിവിധ ലോകരാഷ്ട്രങ്ങളിലെ വിവാഹപ്രായം താരതമ്യവിധേയമാക്കാവുന്നതാണ്. ആണിനും പെണ്ണിനും പതിനാലു തികഞ്ഞാല്‍ ന്യൂയോര്‍ക്കില്‍ വിവാഹിതരാവാം. വത്തിക്കാനിലും പെണ്‍വിവാഹപ്രായം പതിനാലു തന്നെ. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായ റഷ്യയിലും ക്യൂബയിലും പതിനാറ്; ബൊളീവിയയില്‍ പതിനാലും. പതിനാറാം വയസ്സില്‍ വിവാഹം അനുവദിക്കുന്ന ‘പരിഷ്‌കൃത’ രാജ്യങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ എത്രയോ കാണാം. യൂറോപ്പിനെയും അമേരിക്കയെയും സാമൂഹ്യപുരോഗതിയുടെ റോള്‍മോഡലായി അംഗീകരിക്കുന്നവര്‍ വിവാഹപ്രായത്തില്‍ മാത്രം മലക്കം മറിയുന്നതില്‍ തീര്‍ച്ചയായും അസാംഗത്യമുണ്ട്. വിവാഹപ്രായം ലഘൂകരിക്കുന്നത് സമുദായത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുമെന്ന സമുദായത്തിനുള്ളിലെ പുരോഗമനവാദികളുടെ കണ്ടെത്തല്‍ ശരിയായിരുന്നെങ്കില്‍ ലോകത്തേറ്റവും അപരിഷ്‌കൃത പ്രദേശങ്ങളുടെ പേര് റാങ്കടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക്, വത്തിക്കാന്‍, സ്‌കോട്‌ലന്‍ഡ് എന്നിങ്ങനെ ആയേനെ!
വിവാഹപ്രായ ഭേദഗതിക്കുവേണ്ടി സമുദായ സംഘടനകള്‍ ഉന്നയിച്ച ന്യായങ്ങള്‍ തള്ളിക്കളയുക വിചാരിച്ചത്ര എളുപ്പമല്ല. പ്രണയബദ്ധരായ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രായക്കുറവിന്റെ പേരില്‍ വിവാഹം നിഷേധിക്കുകയാണെങ്കില്‍ സംഭവിക്കുന്നതെന്തായിരിക്കും? മിശ്രവിദ്യാഭ്യാസവും സാങ്കേതിക സംവിധാനങ്ങളും സാര്‍വത്രികമായ ഇക്കാലത്ത് ഈയൊരു ആശങ്ക തീര്‍ത്തും പ്രസക്തമാണ്. വിവാഹ ശേഷവും പഠനം തുടരുന്ന പരശ്ശതം കുടുംബിനികള്‍ നമ്മുടെ കാമ്പസുകളില്‍ വ്യാപകമാണെന്ന വസ്തുതയും വിവാദത്തിന്റെ മറവില്‍ കാണാതിരുന്നുകൂടാ. ധാര്‍മികതക്കും ലൈംഗിക വിശുദ്ധിക്കും പരിഗണന നല്‍കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യങ്ങളത്രയും. ഇവ രണ്ടിനും മുന്തിയ പരിഗണന നല്‍കുന്നൊരു മതസംഹിതയുടെ വക്താക്കള്‍ എന്ന നിലയില്‍ മുസ്‌ലിം സംഘടനകള്‍ നിര്‍വഹിച്ച ചരിത്രപരമായ ദൗത്യത്തെ വിലയിടിച്ചു കാണുന്നത് ഒരുനിലക്കും ന്യായമല്ല.
Woman Receiving Engagement Ringപതിനാറു വയസ്സാകുമ്പോഴേക്ക് പെണ്‍കുട്ടികളെ കെട്ടിച്ചുവിടണമെന്ന ശാഠ്യം മതസംഘടനകള്‍ക്കുണ്ടെന്ന മട്ടിലാണ് പലരും സമുദായത്തിനു നേരെ കുതിര കയറുന്നത്. അനിവാര്യമായ സാഹചര്യങ്ങളില്‍ പതിനെട്ടിനു മുമ്പും വിവാഹമാകാം എന്നുമാത്രമാണ് സമുദായം ആവശ്യപ്പെട്ടതെന്നത് പലരും ബോധപൂര്‍വം കാണാതെ പോകുന്നു.
സമൂഹത്തില്‍ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്ന ലൈംഗിക അരാജകത്വത്തിനും അധാര്‍മികതക്കും നേരെ കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്ക് വിവാഹപ്രായം വിഷയമായേ ഭവിക്കില്ല എന്നതു നേര്. വ്യക്തിത്വ വിശുദ്ധിയുടെയും അതുവഴി സാമൂഹിക ഭദ്രതയുടെയും അതിപ്രധാനഘടകങ്ങളിലൊന്നായി ലൈംഗിക വിശുദ്ധിയെ പരിഗണിക്കുന്നവര്‍ക്കേ വിവാഹപ്രായത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഗുരുതരമായനുഭവപ്പെടൂ. ജുവൈനല്‍ കുറ്റവാളികളുടെ പ്രായപരിധി പതിനെട്ടില്‍ നിന്ന് പതിനാറായി ചുരുക്കണമെന്ന ശുപാര്‍ശ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം മുന്നോട്ടുവെച്ചത് കഴിഞ്ഞയാഴ്ച. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ അനുഭാവപൂര്‍വമാണ് ‘ദേശീയ വികാരം” ശുപാര്‍ശയെ സ്വീകരിച്ചത്. പതിനാറുകാരെ മുതിര്‍ന്ന പൗരന്മാരായി കാണുമ്പോഴൊന്നും ഉയര്‍ന്നുവരാത്ത മാനസിക പക്വത വിവാഹപ്രായത്തില്‍ മാത്രം ഉയരുന്നതില്‍ നിന്നുതന്നെ  മനസ്സിലായില്ലേ, വിഷയത്തിന്റെ മര്‍മം: പതിനെട്ട് വയസ്സുവരെ ലൈംഗിക ബന്ധം എത്രയുമായിക്കോളൂ; പക്ഷേ, വിവാഹം മാത്രം പാടില്ല!

സുഹൈല്‍ ഹിദായ
http://www.islamonweb.net/article/2013/09/28599/

No comments:

Post a Comment