Monday, October 7, 2013

അറിവിലും അദബിലും കീര്‍ത്തി നേടിയ പണ്ഡിതര്‍



 
  
കാളമ്പാടി എന്ന നാമം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. മലപ്പുറം നഗരത്തോട് ചേര്‍ന്ന് കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ കീര്‍ത്തി ദേശാതിര്‍ത്തികള്‍ ഭേദിച്ചത്, കാളമ്പാടി ഉസ്താദ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന മഹാ പണ്ഡിതനിലൂടെയാണ്. കേരളത്തിലെ പരമോന്നത പണ്ഡിത പ്രസ്ഥാനമായ സമസ്തയുടെ അധ്യക്ഷ പദവിയിലിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്.

അഗാധ പാണ്ഡിത്യവും അപാരമായ ലാളിത്യവും കൊണ്ട് മുസ്‌ലിം കേരള മനസ്സ് കീഴടക്കിയ ഈ പണ്ഡിത തേജസ് കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ സുവര്‍ണ ശൃംഖലയിലെ കരുത്തുറ്റ ഒരു കണ്ണിയായിരുന്ന ആ പാരമ്പര്യം പരിശേധിക്കുമ്പോള്‍ കൗതുകകരമായ ചില ചരിത്ര വസ്തുതകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

1926-ലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. കേരളത്തിലെ തലയെടുപ്പുള്ള 40 പണ്ഡിതര്‍ അടങ്ങുന്ന അന്നത്തെ മുശാവറയിലെ ഒരു പ്രമുഖ അംഗമായിരുന്നു ഉമ്മാട്ട് മുരിങ്ങേക്കല്‍ അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍. കാളമ്പാടിക്കു സമീപം പെരിങ്ങോട്ടുപുലത്ത് 1889 ല്‍ ജനിച്ച ഇദ്ദേഹം കാളമ്പാടിയില്‍ സ്ഥിര താമസമാക്കിയതോടെയാണ് കാളമ്പാടി ഗ്രാമം കീര്‍ത്തി നേടുന്നത്. കാളമ്പാടി ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും ഇദ്ദേഹമാണ്. 'കോമു മോല്യേരുപ്പാപ്പാന്റെ പള്ളി' എന്ന പേരിലാണ് ആദ്യം ഈ പള്ളി അറിയപ്പെട്ടിരുന്നത്.

പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ 24 വര്‍ഷം ഇദ്ദേഹം ദര്‍സ് നടത്തി. അക്കാലത്ത് മലബാറിലെ ഏറ്റവും പ്രസിദ്ധമായ ദര്‍സായിരുന്നു പനയത്തില്‍ ദര്‍സ്. 1943-ലാണ് മഹാനവര്‍കള്‍ അന്തരിച്ചത്.

1950-ന് ശേഷം ഇദ്ദേഹത്തിന്റെ പല ശിഷ്യരും സമസ്തയുടെ സമുന്നത സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടു. 1950-ല്‍ വടകരയില്‍ നടന്ന സമസ്തയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ശംസുല്‍ ഉലമയും ഈ ലേഖകന്റെ വന്ദ്യപിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍ അവര്‍കളും മുശാവറ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ശംസുല്‍ ഉലമക്ക് അന്ന് 38 വയസ്സും കോട്ടുമല ഉസ്താദിന് 33 വയസ്സുമാണ് പ്രായം.

1957 ഫൊബ്രുവരി 23-ന് ചേര്‍ന്ന മുശാവറ യോഗം സുപ്രധാനമായ തീരുമാനങ്ങള്‍ കൊണ്ട് ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സമസ്തയുടെ സര്‍വ്വസ്വവുമായിരുന്ന കെ.പി.എ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പറവണ്ണ അനാരോഗ്യം കാരണം ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവുകള്‍ നികത്തിയത് ഈ യോഗത്തിലാണ്. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി ശംസുല്‍ ഉലമയും സമസ്തയുടെ മുഖപത്രമായ അല്‍ ബയാന്‍ പത്രാധിപരായി വന്ദ്യപിതാവ് കോട്ടുമല ഉസ്താദും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ യോഗത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ജന: സെക്രട്ടറിയായി കോട്ടുമല ഉസ്താദും വൈസ് പ്രസിഡന്റായി ശംസുല്‍ ഉലമയും തെരഞ്ഞെടുക്കപ്പെട്ടു. സമസ്തയുടെ നേതൃത്വത്തിലേക്ക് രണ്ടാം തലമുറയുടെ കടന്നുവരവായിരുന്നു ഇത്.

അതിനെ തുടര്‍ന്ന് 'ഇ.കെ, കോട്ടുമല' എന്നീ നാമങ്ങള്‍ ഓരോ ചുണ്ടിലും തത്തിക്കളിച്ചു. ഈ രണ്ടു മഹാപണ്ഡിതന്മാരും തമ്മില്‍ വിസ്മയകരമായ ഒരു പാരസ്പര്യം എന്നും നിലനിന്നു. ശംസുല്‍ ഉലമ സമസ്ത ജന: സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് വൈ പ്രസിഡണ്ടുമായിരുന്നെങ്കില്‍ കോട്ടുമല ഉസ്താദ് വിദ്യാഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറിയും സമസ്ത വൈസ്പ്രസിഡന്റുമായിരുന്നു. സമസ്തയുടെ സുപ്രധാന സമിതികളിലെല്ലാം ഇരുവരും അംഗങ്ങളായി. 1963-ല്‍ ജാമിഅ നൂരിയ്യ സ്ഥാപിതമായപ്പോള്‍ ശംസുല്‍ ഉലമ ജന: സെക്രട്ടറിയും കോട്ടുമല ഉസ്താദ് പ്രഥമ മുദരിസുമായി. പിന്നീട് ശംസുല്‍ ഉലമ പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുത്തപ്പോള്‍ കോട്ടുമല ഉസ്താദ് വൈസ് പ്രിന്‍സിപ്പല്‍ ആയും ശംസുല്‍ ഉലമ സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലായും നിയുക്തനായി.

പ്രാസ്ഥാനിക തലത്തിലെ പാരസ്പര്യത്തേക്കാള്‍ കൗതുകകരമാണ് ഇരുവരുടെയും ശിഷ്യ സമ്പത്ത്. ഇന്ന് കേരളത്തിലെ അനേകായിരം മദ്രസകള്‍, പള്ളികള്‍, അറബിക് കോളജുകള്‍, സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സേവനം ചെയ്യുന്ന ഭൂരിഭാഗം പണ്ഡിതന്മാരും ഈ രണ്ട് മഹാപണ്ഡിതരുടെ അല്ലെങ്കില്‍ രണ്ടിലൊരാളുടെ ശിഷ്യരോ ശിഷ്യ പരമ്പരയില്‍പ്പെട്ടവരോ ആണ്. സമസ്ത മുശാവറ പോലുള്ള ഉന്നത സമിതികളില്‍ പോലും ഇവരുടെ ശിഷ്യരാണ് ഭൂരിഭാഗവും. അമ്പതുകള്‍ മുതല്‍ തന്നെ മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം ഇവരുടെ ശിഷ്യരായിരുന്നുവെന്ന് കാണാം. ഈ ശിഷ്യ പരമ്പരയില്‍ നിന്ന് വെളിച്ചം സ്വീകരിച്ച അനേക ലക്ഷം സാധാരണ ജനങ്ങള്‍ കൂടിയാകുമ്പോള്‍ ഈ രണ്ട് മഹാപണ്ഡിതരോടും അവരുടെ ഗുരുനാഥനായ കോമു മുസ്‌ലിയാരോടും മുസ്‌ലിം കേരളം ഏറെ
കടപ്പെട്ടിരിക്കുന്നു.

പ്രഗത്ഭരായ അനേകം ശിഷ്യരില്‍ നിന്ന് കോമു മുസ്‌ലിയാര്‍ തന്റെ പിന്‍ഗാമിയായി കണ്ടത് കോട്ടുമല ഉസ്താദിനെയാണ്. ഗുരുവായ കോമുമുസ്‌ല്യാരുടെ ആഗ്രഹം പോലെ കോട്ടുമല ഉസ്താദ് അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം ചെയ്യുകയും കാളമ്പാടിയിലെ ഗുരുവിന്റെ വസതിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഗുരുവിന്റെ അമൂല്യമായ ഗ്രന്ഥ ശേഖരത്തിനും അദ്ദേഹം അവകാശിയായി. വെല്ലൂരില്‍ നിന്ന് ബാഖവി ബിരുദം നേടി തിരിച്ചെത്തിയ ഉടനെ 1943-ല്‍ ഊരകത്തിനടുത്ത കോട്ടുമലയില്‍ ദര്‍സ് ആരംഭിച്ചു. ഇവിടെ വെച്ചാണ് കാളമ്പാടി സ്വദേശിയായ ടി. അബൂബക്കര്‍ മുസ്‌ലിയാര്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
1956-ല്‍ കോട്ടുമല ഉസ്താദ് ഗുരുവിന്റെ തട്ടകമായ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലേക്ക് മാറി. കാളമ്പാടി ഉസ്താദ്, ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയ പല പ്രഗല്‍ഭരും അദ്ദേഹത്തിനു കീഴില്‍ ഇവിടെ ഓതിപ്പഠിച്ചവരാണ്.

1963-ലാണ് ജാമിഅ നൂരിയ സ്ഥാപിതമായത്. കേരളത്തില്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ബിരുദം നല്‍കുന്ന ഒരുന്നത കലാലയം അനിവാര്യമാണെന്ന ചിന്താഗതി അതിനു മുമ്പേ ഉണ്ടായിരുന്നു. എന്നാല്‍ പനയത്തില്‍ പള്ളിയിലെ ദര്‍സില്‍ നിന്ന് മൂന്ന് വര്‍ഷം വെല്ലൂരിലേക്ക് പോയ കുട്ടികള്‍ സീറ്റ് കുറവായതു കാരണം അഡ്മിഷന്‍ ലഭിക്കാതെ തിരിച്ചുപോരേണ്ടി വന്ന സാഹചര്യമാണ് ഈ സ്വപ്‌നത്തിന് വീണ്ടും ചിറക് മുളപ്പിച്ചത്.

ഒടുവില്‍ സമസ്ത ഇത്തരമൊരു ഉന്നത മതകലാലയം സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ പട്ടിക്കാട്ടെ കൊടിവായക്കല്‍ ബാപ്പു ഹാജി കോട്ടുമല ഉസ്താദിനെ സമീപിച്ചാണ് തന്റെ സ്വത്തുക്കള്‍ വഖ്ഫ് ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്. കോട്ടുമല ഉസ്താദ്, തുടര്‍ന്ന് പൂക്കോയ തങ്ങള്‍, ബാഫഖി തങ്ങള്‍, ശംസുല്‍ ഉലമ തുടങ്ങിയവരെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതാണ് ജാമിഅയുടെ സംസ്ഥാപനത്തില്‍ പര്യവസാനിച്ചത്. ബാഫഖി തങ്ങളുടെ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയുടെ ഭാരവാഹികളായിരുന്ന നഹ കുടുംബത്തിലെ പ്രമുഖരെ പള്ളിയില്‍ വിളിച്ചു വരുത്തി കാര്യം ധരിപ്പിച്ച് കോളജിലേക്ക് മുദരിസായി കോട്ടുമല ഉസ്താദിനെ വിട്ടുതരണമെന്ന് ആവശ്യപ്പട്ട അടിസ്ഥാനത്തിലാണ് ജാമിഅ പ്രഥമ മുദരിസായി ഉസ്താദ് നിയമിതനായത്. 1977 മുതല്‍ പ്രിന്‍സിപ്പല്‍ ആയും സേവനം ചെയ്തു. 1987 ജൂലൈ 30ന് ഇഹലോകവാസം വെടിയുന്നത് വരെ ജാമിഅയിലെ ഉസ്താദായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് അതുവരെ പുറത്തിറങ്ങിയ മുഴുവന്‍ ഫൈസിമാരുടെയും ഗുരുനാഥനാകാനുള്ള അപൂര്‍വ്വ സൗഭാഗ്യം ഉണ്ടായി.

കോട്ടുമല ഉസ്താദിന്റെ മരണശേഷം ചേര്‍ന്ന ജാമിഅ: നൂരിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജന യോഗം ഉസ്താദിന്റെ സ്മാരകമായി മലപ്പുറത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്താന്‍ തീരുമാനിച്ചു. ഉസ്താദിന്റെ യാത്രാ സൗകര്യാര്‍ത്ഥം ഓസ്‌ഫോജന വാങ്ങി നല്‍കിയ കാര്‍ വിറ്റ് കിട്ടിയ സംഖ്യ അതിന്റെ തുടക്കമായി എടുക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ച് കൂട്ടിയ യോഗം ഉദ്ഘാടനം ചെയ്ത് ഫണ്ട് ഏറ്റുവാങ്ങിയതും ശംസുല്‍ ഉലമയായിരുന്നു.
കോട്ടുമല ഉസ്താദിന്റെ പ്രമുഖ ശിഷ്യനായിരുന്നു കാളമ്പാടിയില്‍ ജനിച്ച എ. മുഹമ്മദ്മുസ്‌ല്യാര്‍. അറിവില്‍ മാത്രമല്ല, അദബിലും അപൂര്‍വ്വ മാതൃക തീര്‍ത്തവരായിരുന്നു കാളമ്പാടിയിലെ ഈ ഗുരു പരമ്പര. കോമു മുസ്‌ലിയാര്‍ക്ക് എല്ലാ കാര്യത്തിലും സ്വീകാര്യ യോഗ്യനായ ശിഷ്യനായിരുന്നു കോട്ടുമല ഉസ്താദ്.
1951-ല്‍ കോട്ടുമല ഉസ്താദ് സമസ്ത മുശാവറാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന് സമസ്തയുടെ സമുന്നത നേതാവായിരുന്ന സ്വദഖത്തുല്ല മൗലവി നടത്തിയ പ്രതികരണം ഇത് തെളിയിക്കുന്നു. സമസ്തയുടെ നേതൃത്വത്തിലേക്ക് വരാന്‍ എന്തുകൊണ്ടും അനുയോജ്യനായ പണ്ഡിതനാണ് കോട്ടുമല. ഒപ്പം കോമു മുസ്‌ലിയാരുടെ പിന്‍ഗാമിയും എന്ന്.

വന്ദ്യപിതാവ് കോട്ടുമല ഉസ്താദും കാളമ്പാടി ഉസ്താദും തമ്മിലുള്ള ഗുരു-ശിഷ്യ ബന്ധം കാണാനും അനുഭവിക്കാനും ഈ ലേഖകന് ധാരാളം അവസരമുണ്ടായി. കോട്ടുമല ഉസ്താദിനെ വാക്കിലും നോക്കിലും പിന്തുടര്‍ന്ന അനുകരണീയനായ ശിഷ്യനായിരുന്നു കാളമ്പാടി ഉസ്താദെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ തറപ്പിച്ച് പറയാനാകും. കാളമ്പാടി ഉസ്താദിന്റെ ഓരോ ഉയര്‍ച്ച കാണുമ്പോഴും അഭിവന്ദ്യ പിതാവിന്റെ ചിത്രമാണ് മനസില്‍ തെളിഞ്ഞിരുന്നത്.

1971-ല്‍ ജാമിഅ നൂരിയ്യയില്‍ നടന്ന മുശാവറ യോഗത്തിലാണ് കാളമ്പാടി ഉസ്താദിനെ സമസ്ത മുശാവറാംഗമായി തെരഞ്ഞെടുത്തത്. ശംസുല്‍ ഉലമയെ പോലെ 38ാം വയസ്സില്‍. ഉടന്‍ തന്നെ ജാമിഅ മാനേജിംഗ് കമ്മിറ്റി അംഗമായും പരീക്ഷ ബോര്‍ഡ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2004 സപ്തംബര്‍ 8 നാണ് മഹാനവര്‍കള്‍ സമസ്ത പ്രസിഡന്റായി നിയമിതനായത്. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉസ്താദിനെ നിര്‍ദേശിച്ചപ്പോള്‍ എല്ലാവരും സസന്തോഷം പിന്തുണക്കുകയാണുണ്ടായത്. പാരമ്പര്യം, പാണ്ഡിത്യം, പക്വത, പ്രായം എന്നീ നാല് വിശേഷണങ്ങളാണ് സമസ്ത പ്രസിഡന്റിന് വേണ്ടതെന്നും, ഇവ നാലും ഒത്തിണങ്ങിയ ഏറ്റവും അനുയോജ്യനായ പണ്ഡിതനാണ് കാളമ്പാടി ഉസ്താദ് എന്നുമാണ് തങ്ങള്‍ വിലയിരുത്തിയത്.

സീനിയര്‍ വൈസ് പ്രസിഡന്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക എന്ന സാധാരണ കീഴ്‌വഴക്കം മറികടന്നാണ് മുശാവറ അംഗം മാത്രമായിരുന്ന കാളമ്പാടി ഉസ്താദ് പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സമസ്തയുടെ ചരിത്രത്തില്‍ കണ്ണിയത്ത് ഉസ്താദാണ് സമാന രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്റ്. മുന്‍ പ്രസിഡന്റിന്റെ ദേഹവിയോഗം മൂലമല്ലാതെ വന്ന ഒഴിവിലേക്കാണ് ഇരുവരും നിയമിതരായതെന്ന സമാനതയുമുണ്ട്. കോട്ടുമല ഉസ്താദിന്റെ ശിഷ്യനായ കാളമ്പാടി ഉസ്താദിന്റെയും ജീവിതത്തില്‍ ഒട്ടേറെ സമാനതകള്‍ ഉണ്ടായിരുന്നു. ഗുരുവിന്റെ അധ്യാപന രീതി തന്നെയാണ് ശിഷ്യനും പിന്തുടര്‍ന്നത്. ലാളിത്യം ഇരുവരുടെയും മുഖമുദ്രയായിരുന്നു. പരസഹായം കൂടാതെ ഓരോ കാര്യവും ചെയ്യാനാണിരുവരും ഇഷ്ടപ്പെട്ടത്. താന്‍ കാരണം ഒരാളും ബുദ്ധിമുട്ടരുതെന്ന നിര്‍ബന്ധവും ഇരുവര്‍ക്കുമുണ്ടായിരുന്നു.

നാലര പതിറ്റാണ്ട് നീണ്ട അധ്യാപന വൃത്തിയിലൂടെ കോട്ടുമല ഉസ്താദും, അര നൂറ്റാണ്ടിലേറെ നീണ്ട അദ്ധ്യാപനത്തിലൂടെ കാളമ്പാടി ഉസ്താദും അനേകായിരം ശിഷ്യന്മാരെ വാര്‍ത്തെടുത്തു. ജാമിഅ നൂരിയ്യ സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോഴാണ് കോട്ടുമല ഉസ്താദിന്റെ വിയോഗമുണ്ടായത്. ജാമിഅ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുമ്പോഴാണ് കാളമ്പാടി ഉസ്താദ് വിടവാങ്ങിയത്.
കോട്ടുമല ഉസ്താദ്, കോമു മുസ്‌ലിയാരുടെ പുത്രി ഫാത്വിമയെയും കാളമ്പാടി ഉസ്താദ് കോമു മുസ്‌ലിയാരുടെ സഹോദരപുത്രി ഫാത്വിമയെയും ആണ് വിവാഹം ചെയ്തതെന്നതും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്നു.

അറിവിന്റെ ഗോപുരങ്ങളായി കേരളത്തെ പ്രകാശ പൂരിതമാക്കിയ കാളമ്പാടിയിലെ പണ്ഡിത ത്രയങ്ങളുടെ വിയോഗത്തിലുമുണ്ടായിരുന്നു അത്യപൂര്‍വ്വമായ സമാനത. ഹിജ്‌റ വര്‍ഷ പ്രകാരം ദുല്‍ഖഅദ് 7, 15 ദുല്‍ ഹിജ്ജ 5 എന്നിങ്ങനെ അടുത്തടുത്ത തിയ്യതികളിലായിരുന്നു യഥാ ക്രമം കോമു മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് എന്നിവരുടെ വിയോഗം. ആ സ്മരണകള്‍ പങ്കുവെക്കുന്നതിനായി വിപുലമായപരിപാടികള്‍ നടന്നുവരുന്നു.

അറിവിലും അദബിലും അപൂര്‍വ്വ മാതൃക തീര്‍ത്ത ഈ പണ്ഡിത ത്രയത്തോട് മുസ്‌ലിം കേരളം ഏറെ കടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, അവര്‍ വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്ത സമസ്ത എന്ന പണ്ഡിത പ്രസ്ഥാനം, ജാമിഅ നൂരിയ്യ, ആ പാരമ്പര്യത്തിന്റെ സ്മാരകമായി സ്ഥാപിതമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്.. ഇവയുടെ വളര്‍ച്ചക്കുവേണ്ടി യത്‌നിക്കുകയാണ് ഈ അനുസ്മരണ ദിനത്തിന്റെ പ്രതിജ്ഞ.
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍

No comments:

Post a Comment