Wednesday, August 28, 2013

പോലിസ് മേധാവിയുടെ നല്ല പെരുമാറ്റം: അഞ്ച് പേര്‍ ഇസ്‌ലാം സ്വീകരിച്ചു



മക്ക: പോലിസ് മേധാവിയുടെ നല്ല പെരുമാറ്റത്തില്‍ ആകൃഷ്ടരായ അഞ്ച് ഏഷ്യന്‍ വംശജര്‍ ഇസ്‌ലാം സ്വീകരിച്ചു. മക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
മക്കയ്ക്കു സമീപമുള്ള ചില പദ്ധതികളുടെ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം ഡ്രൈവറുടെ അശ്രദ്ധ മൂലം അമുസ്‌ലിമുകള്‍ക്ക് പ്രവേശനമില്ലാത്ത മക്കയ്ക്കുള്ളില്‍ പ്രവേശിച്ചു. ഹറമിന്റെ ഭാഗത്തേക്ക് ഓടിച്ചുപോയ വാഹനം പരിശോധനയ്ക്കായി നിര്‍ത്തി. വാഹനത്തലുണ്ടായിരുന്നവര്‍ അമുസ്‌ലിമാണെന്നറിഞ്ഞതോടെ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് മതകാര്യ പോലിസില്‍ എത്തിച്ചു. പേടിച്ചരണ്ട സാധാരണക്കാരായ തൊഴിലാളികളെ പുഞ്ചിരി തൂകി മക്ക പോലിസ് മേധാവിയായ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ഉസൈമി സ്വീകരിച്ചു. അബദ്ധത്തില്‍ മക്കയില്‍ പ്രവേശിച്ചതാണെന്ന് മനസ്സിലാക്കിയ പോലിസ് മേധാവി, അറബികളുടെ ആഥിത്യ മര്യാദയോടെയുള്ള പെരുമാറ്റമാണ് നല്‍കിയത്്.
തൊഴിലാളികള്‍ക്ക് ഖഹ്‌വയും മിഠായിയും ഭക്ഷണവും നല്‍കി. പേടിച്ച് വിറച്ച് പോലിസ് സ്‌റ്റേഷനിലെത്തിയ തൊഴിലാളികള്‍ക്ക് പോലിസ് മേധാവിയുടെ പെരുമാറ്റം അമ്പരപ്പും ആശ്ചര്യവുമുളവാക്കി.
തൊഴിലാളികളിലൊരാള്‍ ഇങ്ങനെയല്ല താന്‍ പ്രതീക്ഷിച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, വിശുദ്ധ മതമാണ് തന്നെ ഇങ്ങനെ പെരുമാറാന്‍ പഠിപ്പിച്ചതെന്ന് മേധാവി വിശദീകരിച്ചു. മക്കയെകുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും വിശദീകരിച്ചതോടെ തങ്ങള്‍ക്ക് ഇസ്‌ലാം മതം സ്വീകരിക്കണമെന്ന് തൊഴിലാളിക ള്‍ താല്‍പര്യം പ്രകടിപ്പിച്ചു.
 പോലിസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശഹാദത്ത് ചൊല്ലി. മക്കയിലും മദീനയിലും വഴിതെറ്റിയും അറിയാതെയും അമുസ്‌ലിമുകള്‍ പ്രവേശിക്കാറുണ്ട്. ഇവരെ പിടികൂടി അതിര്‍ത്തിക്കപ്പുറത്ത് കൊണ്ട് വിടുകയാണ് പതിവ്.

Monday, August 26, 2013

മുര്‍സിക്കെതിരെ പുറപ്പെട്ടവര്‍ തന്നെയാണ് ഖവാരിജുകള്‍ : ഖറദാവി








ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട ഡോ. മുഹമ്മദ് മുര്‍സി തന്നെയാണ് ഈജിപ്തിന്റെ യഥാര്‍ഥ ഭരണാധികാരിയെന്നും അദ്ദേഹത്തിനെതിരെ തിരിഞ്ഞവരാണ് ഖവാരിജുകള്‍ എന്നും ലോക പണ്ഡിതവേദി അധ്യക്ഷന്‍ യൂസുഫുല്‍ ഖറദാവി. അല്‍ജസീറ ചാനലിലെ ശരീഅ വല്‍ ഹയാത് എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഈജിപ്ഷ്യന്‍ മുഫ്തി അലി ജുമുഅ ഭരണകൂടത്തിന്റെയും പോലീസിന്റെയും അടിമയാണെന്നും യഥാര്‍ഥ മുഫ്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനം തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്കെതിരെ പുറപ്പെട്ടവരെ ഖവാരിജുകളായി പരിഗണിക്കുമെന്നും അവരെ പ്രതിരോധിക്കല്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണാധികാരിക്കെതിരെ രംഗത്ത് വരരുതെന്ന് ഫത്‌വ നല്‍കിയ അലി ജുമുഅയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച ഖറദാവി പ്രസിഡന്റായി മുഹമ്മദ് മുര്‍സിയെ അനുസരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുകയും പിന്നീട് അത് ലംഘിക്കുകയും ചെയ്ത പ്രതിരോധമന്ത്രി അബ്ദുല്‍ ഫത്താഹ് സീസിയോട് യഥാര്‍ഥ ഭരണാധികാരിക്കെതിരെ രംഗത്ത് വരാതിരിക്കാനാണ് ആഹ്വാനം ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു.

അട്ടിമറിക്കെതിരെ ഈജിപ്ഷ്യന്‍ ജനത നടത്തിയ പ്രതിഷേധങ്ങള്‍ തികച്ചും സമാധാനപരമായിരുന്നെന്നും എന്നാല്‍ ജനങ്ങളെ കൊന്നൊടുക്കിയും ആയിരങ്ങളെ ക്രൂരമായി പരിക്കേല്‍പിച്ചുകൊണ്ടുമാണ് അട്ടിമറിഭരണകൂടം അതിനോട് പ്രതികരിച്ചതെന്നും ഖറദാവി വ്യക്തമാക്കി. 

Thursday, August 22, 2013

കരിഞ്ചീരകവും പ്രവാചക വൈദ്യവും



അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: കരിഞ്ചീരകം നിങ്ങള്‍ നിര്‍ബന്ധമാക്കുക. അതില്‍ മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമുണ്ട് (തുര്‍മുദി).
അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ (ഇരുമ്പ്), ഫോസ്ഫറസ്, കാര്‍ബണ്‍ ഹേഡ്രേറ്റ് തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നു. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ, വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നഷിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങള്‍, കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിന്‍, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്‍മോണുകള്‍, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ലപ്രതിരോധങ്ങള്‍ തുടങ്ങിയവയും അതില്‍ അടങ്ങിയിരിക്കുന്നു (മുഅ്ജിസാത്തുശ്ശിഫാഅ്: 14).
അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യമുള്ളതാണെന്നതുകൊണ്ടുതന്നെ  ശൈത്യരോഗങ്ങളെ അത് ഇല്ലാതാക്കുന്നു. നീരും മറ്റും കാരണമായുണ്ടാകുന്ന നെഞ്ചു വേദനക്കും അത് ശമനമാണ്.
കരിഞ്ചീരകവുമായി ബന്ധപ്പെട്ട പ്രവാചക നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനപ്പെടുത്തി സ്വഹാബികള്‍ ചികിത്സ നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു. ഖതാദ (റ) പറയുന്നു:
”ഓരോ ദിവസവും ഇരുപത്തിയൊന്ന് കരിഞ്ചീരകമെടുത്ത് ശീലക്കഷ്ണത്തില്‍ പൊതിര്‍ത്തുക. ശേഷം, എല്ലാ ദിവസവും അതുപയോഗിച്ച് നസ്യം ചെയ്യുക (മൂക്കിലുറ്റിക്കുക). വലത്തെ മൂക്കില്‍ രണ്ടു തുള്ളിയും ഇടത്തെ മൂക്കില്‍ ഒരു തുള്ളിയും ഉറ്റിക്കുക. രണ്ടാം ദിവസം ഇടത്തേതില്‍ രണ്ട് തുള്ളിയും വലത്തെതില്‍ ഒരു തുള്ളിയും ഉറ്റിക്കുക. മൂന്നാം ദിവസം വലത്തെതില്‍ രണ്ടു തുള്ളിയും ഇടത്തെതില്‍ ഒരു തുള്ളിയും ഉറ്റിക്കുക (തുര്‍മുദി). ഇത് ഏറെ പല രോഗങ്ങള്‍ക്കും ശമനമാണ്.
ഇസ്‌ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാര്‍ കരിഞ്ചീരകം അനവധി രോഗങ്ങള്‍ക്ക് മരുന്ന് നിര്‍ദ്ദേശിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും. അവയെടുത്തു പരിശോധിച്ചാല്‍ പ്രവാചക പ്രസ്താവങ്ങളുടെ പ്രസക്തി മനസ്സിലാക്കാവുന്നതാണ്. അബൂ ഫിദാഅ് മുഹമ്മദ് ഇസ്സത്ത് മുഹമ്മദ് ആരിഫ് എഴുതിയ മുഅ്ജിസാത്തുശ്ശിഫാഅ് എന്ന ഗ്രന്ഥത്തില്‍ ഇതിന് അനവധി ഉദാഹരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
മുടികൊഴിച്ചില്‍
കരിഞ്ചീരകപ്പൊടി കാട്ടുആശാളിയുടെ നീരില്‍ ഒരു ടീസ്പൂണ്‍ സുര്‍ക്കയും ഒരു കപ്പ് സൈതൂണ്‍ എണ്ണയും കൂട്ടിക്കുഴക്കുക. ദിവസേന വൈകുന്നേരങ്ങളില്‍ തലയില്‍ തേച്ച ശേഷം ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടി കൊഴിച്ചിലിന് ശമനമുണ്ടാകും.
തലവേദന
അല്‍പം കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും ചോലട (ഒരു തരം ചെറിയ പെരിഞ്ചീരകം) യുടെയും നന്നായി പൊടിച്ച പൊടികള്‍ സമമായി കൂട്ടിച്ചേര്‍ത്ത് തലവേദനയുണ്ടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെണ്ണയെടുക്കാത്ത പാലില്‍ സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവദനയുള്ളയിടത്ത് തേച്ച് ഉഴിയുക.
ഉറക്കമില്ലായ്മ
ഒരു സ്പൂണ്‍ കരിഞ്ചീരകം തേന്‍കൊണ്ട് മധുരിപ്പിച്ച ഒരു കപ്പ് ചുടുപാലില്‍ ചാലിച്ച് കുടിക്കുക.
പേനും ഈരും
കരിഞ്ചീരകം നന്നായി പൊടിച്ച് സുര്‍ക്ക ചേര്‍ത്താല്‍ കുഴമ്പായി വരും. മുടി കളഞ്ഞ് പുരട്ടുകയോ കളയാതെ മുടിയുടെ അടിഭാഗത്ത് പുരട്ടുകയോ ചെയ്ത് പതിനഞ്ചു മിനുട്ട് വെയില്‍ കായുക. അഞ്ചു മണിക്കൂറിനു ശേഷമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.
തലചുറ്റലും ചെവിവേദനയും
കരിഞ്ചീരകമെണ്ണ പാനീയമായി ഉപയോഗിക്കുന്നതോടൊപ്പം ഒരു തുള്ളി ചെവിയില്‍ പുരട്ടുന്നത് ചെവിയെ ശുദ്ധീകരിക്കാനും വൃത്തിയാക്കാനും ഉതകുന്നതാണ്. അതോടൊപ്പം ചെന്നിയിലും തലയുടെ പിന്‍ഭാഗത്തും എണ്ണ തേക്കുക. തലകറക്കം മാറും.
ചുണങ്ങും കഷണ്ടിയും
ഒരു സ്പൂണ്‍ നന്നായി പൊടിച്ച കരിഞ്ചീരകവും ഒരു കപ്പ് നേര്‍പ്പിച്ച സൂര്‍ക്കയും ഒരു ടീസ്പൂണ്‍ വെളുത്തുള്ളി നീരും കൂട്ടിച്ചേര്‍ത്ത് ലേപനമാക്കി രോഗബാധിത സ്ഥലത്തുള്ള കുറഞ്ഞ മുടികള്‍ കളഞ്ഞ് ചെറുതായി ചുരണ്ടി പുരട്ടുക. വാവിലെ മുതല്‍ വൈകുന്നേരം വരെ അതേ രൂപത്തില്‍ നിര്‍ത്തുക. ശേഷം, കരിഞ്ചീരക എണ്ണ ഉപയോഗിക്കുക. ഇത് ഒരാഴ്ച ആവര്‍ത്തിക്കുക.
പുഴുക്കടി
പുഴുക്കടിയുള്ള ഭാഗത്ത് ദിവസേന മൂന്നു പ്രാവശ്യം കരിഞ്ചീരകം എണ്ണ പുരട്ടുക.
പല്ലു രോഗങ്ങള്‍, തൊണ്ടവേദന
കരിഞ്ചീരകം പൊടിക്കാതെ ഒരു ടീസ്പൂണ്‍ ദിനേന വെറും വയറ്റില്‍ കുടിക്കുകയും കരിഞ്ചീരക കഷായം കൊണ്ട് വായ കൊപ്ലിക്കുകയും ചെയ്യുന്നത് വായ, തൊണ്ട രോഗങ്ങള്‍ക്ക് അങ്ങേയറ്റം ഫലപ്രദമാണ്. അതോടൊപ്പം തൊണ്ടയില്‍ കരിഞ്ചീരകമെണ്ണ പുരട്ടുകയും മോണയില്‍ മധുരം തേക്കുകയും ചെയ്യുക.
എല്ലാവിധ ചര്‍മ രോഗങ്ങള്‍ക്കും
കരിഞ്ചീരകമെണ്ണയും പനിനീരെണ്ണയും സമമായിച്ചേര്‍ത്ത് അവയുടെ ഇരട്ടി നാടന്‍ ഗോതമ്പ് പൊടി എണ്ണയില്‍ നന്നായി കുഴക്കുക. ഇത് പുരട്ടുന്നതിനു മുമ്പായി നേര്‍പിച്ച സുര്‍ക്കയില്‍ നനച്ച പഞ്ഞികൊണ്ട് രോഗബാധിത സ്ഥലം തുടച്ച് വെയില്‍ കൊള്ളിക്കുക. ഇന്ദ്രിയോത്തേജികളായ മത്സ്യം, മുട്ട, മാങ്ങ തുടങ്ങിയവയില്‍ നിന്ന് പഥ്യം പാലിച്ചുകൊണ്ട് ദിനേന പുരട്ടുക.
പാലുണ്ണി, അരിമ്പാറ
കരിഞ്ചീരകപ്പൊടി കട്ടി സുര്‍ക്കയില്‍ ചാലിച്ച് രാവിലെയും വൈകുന്നേരവും രോമവസ്ത്രമോ നാരുവസ്ത്രമോ കൊണ്ട് ഉപയോഗിച്ച് ഉരസുക.
മുഖ കാന്തിക്ക്
കരിഞ്ചീരകപ്പൊടി സൈത്തൂണ്‍ എണ്ണയില്‍ ചാലിച്ച് മുഖത്ത് പുരട്ടി പകല്‍ ഏതെങ്കിലും സമയത്ത് വെയില്‍ കൊള്ളുക.
മുറിവുകള്‍ മാറുന്നതിന്
പയറും ചുവന്നുള്ളിയും പുഴുങ്ങിയ മുട്ടയും ചേര്‍ത്തുണ്ടാക്കിയ സൂപ്പില്‍ ഒരു കരണ്ടി കരിഞ്ചീരകപ്പൊടി ചേര്‍ക്കുക. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും അത് ഉപയോഗിച്ച് കെട്ടുക. ബാന്റേജ് ഇടുകയും മുറിവിന്റെ പരിസര ഭാഗങ്ങള്‍ കരിഞ്ചീരകമെണ്ണ പുരട്ടുകയും ചെയ്യുക. ബാന്റേജഴിയ്യ ശേഷം ദിനേന ചൂടുള്ള കരിഞ്ചീരകമെണ്ണ തേക്കുക.
വാതരോഗം
കരിഞ്ചീരകമെണ്ണ തിളപ്പിച്ച് വാതബാധയേറ്റ ഭാഗം എല്ലുരക്കുന്നതുപോലെ ശക്തമായി ഉരക്കുക. ഉറങ്ങുന്നതിനു മുമ്പ് അല്‍പം തേല്‍ കൊണ്ട് മധുരിപ്പിച്ച് നന്നായി തിളപ്പിച്ച ശേഷം എണ്ണ കുടിക്കുക.
രക്തസമ്മര്‍ദ്ധം ഉയര്‍ത്താന്‍
ചൂടുപാനീയങ്ങള്‍ കുടിക്കുമ്പോഴെല്ലാം അതില്‍ കരിഞ്ചീരകമെണ്ണ ഉറ്റിക്കുക. ഈ എണ്ണ ആഴ്ചയിലൊരിക്കല്‍ ദേഹമാസകലം പുരട്ടി വെയില്‍ കൊള്ളുന്നത് സര്‍വ്വ വിധ ആരോഗ്യ പുഷ്ടിക്കും ഏറെ ഉചിതമാണ്.
വൃക്കാവീക്കം
സൈത്തൂന്‍ എണ്ണയില്‍ കരിഞ്ചീരകപ്പൊടിയുടെ വറുകുഴമ്പ് കുഴച്ചുണ്ടാക്കി വൃക്ക വേദനിക്കുന്ന ഭാഗത്ത് പുരട്ടുക. അതോടൊപ്പം ദിനേന ഒരാഴ്ചയോളം ഒരു ടീസ്പൂണ്‍ കരിഞ്ചീരകം വെറും വയറ്റില്‍ കയിക്കുക.
മലബന്ധം
ഒരു കപ്പ് കരിഞ്ചീരകം പൊടിച്ച് ഒരു കപ്പ് തേനില്‍ കുഴക്കുക. മൂന്നു വെളുത്തുള്ളി അതിനോടു ചേര്‍ക്കുക. അതിന്റെ മൂന്നിലൊരു ഭാഗം ദിനേന സേവിക്കുക. അതിനു ശേഷം ഒരു ചെറുനാരങ്ങ തൊലിയോടെ ഭക്ഷിക്കുന്നത് വളരെ ഉചിതമായിരിക്കും. കാരണം അത് വയറിനെ ശുദ്ധമാക്കുകയും രോഗാണുക്കളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു.
മൂത്രതടസ്സം
ഉറങ്ങുന്നതിനു മുമ്പായി ദിവസേന ഗുഹ്യരോമസ്ഥാനത്ത് കരിഞ്ചീരകമെണ്ണ തേക്കുകയും ശേഷം ഒരു കപ്പ് കരിഞ്ചീരകമെണ്ണ തേനിനാല്‍ മധുരിപ്പിച്ച് കുടിക്കുകയും ചെയ്യുക.
അറിയാതെ മൂത്രം പോവല്‍
കോഴിമുട്ട തോട് വറുത്ത് പൊടിച്ച് കരിഞ്ചീരകവുമായി ചേര്‍ത്ത് ഒരു ടീസ്പൂണ്‍ ഒരു കപ്പ് പാലിനോടൊപ്പം ഒരാഴ്ച കഴിക്കുക.
കരള്‍വീക്കം
ഒരു ടീസ്പൂണ്‍ കരിഞ്ചീരകപ്പൊടി കാല്‍ ടീസ്പൂണ്‍ കറ്റു വായ നീരോടുകൂടെ തേനില്‍ കുഴച്ച് ദിനേന വെറും വയറ്റില്‍ രണ്ടു മാസം കഴിക്കുക.
പിത്താശയ രോഗം, മുഖം ചുവക്കല്‍
കാല്‍ ടീസ്പൂണ്‍ ചീരപ്പൊടിയോടൊപ്പം ഒരു ടീസ്പൂണ്‍ കരിഞ്ചീരകവും ഒരു കപ്പ് തേനും കലര്‍ത്തി ജാം രൂപത്തിലാക്കി രാവിലെയും വൈകുന്നേരവും കഴിക്കുക. മുഖം ചുകപ്പു വര്‍ണമാകും. പിത്താശയ രോഗത്തിന്റെ മുഴുവന്‍ സങ്കോചങ്ങളും ഇല്ലാതാകുന്നതുവരെ ദിനേന ആവര്‍ത്തിക്കുക.
പ്ലീഹ രോഗം
തിളപ്പിച്ച സൈത്തൂണ്‍ എണ്ണയില്‍ കുഴച്ച കരിഞ്ചീരകം വറുത്ത് വൈകുന്നേര സമയം വാരിയെല്ലുകള്‍ക്കു താഴെ തേക്കുക. അതോടൊപ്പം ഉലുവ കഷായം തേനില്‍ മധുരിപ്പിച്ചത് ഒരു കപ്പ് കുടിക്കുക. രണ്ടാഴ്ച സേവിക്കുന്നതിലൂടെ രോഗശമനം സാധ്യമാകുന്നതാണ്.
രക്ത ചംക്രമണം
രക്ത ചംക്രമണം, ഹൃദയ സുരക്ഷ ഇവ രണ്ടിനുമായി ഭക്ഷണമായും പാനീയമായും കരിഞ്ചീരകത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക.
വയറിളക്കം
കാട്ടാശാളിയുടെ നീര് ഒരു കരണ്ടി കരിഞ്ചീരകപ്പൊടിയുമായി ചേര്‍ത്ത് ഒരു കപ്പ് വീതം മൂന്നു തവണ കഴിക്കുക. അടുത്ത ദിവസം ശമനം കിട്ടും. സുഖപ്പെട്ടാല്‍ മരുന്ന് ഉപയോഗിക്കാതിരിക്കുക.
ഛര്‍ദ്ദി
കരിഞ്ചീരകവും ഗ്രാമ്പൂവും നന്നായി തിളപ്പിച്ച് മധുരിപ്പിക്കാതെ മൂന്നു തവണ ദിനേന കുടിക്കുക. അധികവും മൂന്നാമതായി ഉപയോഗിക്കേണ്ടി വരില്ല.
കണ്ണിന്റെ അസുഖങ്ങള്‍
കരിഞ്ചീരകമണ്ണ ഉറങ്ങുന്നതിനു മുമ്പായി ചെന്നി ഭാഗത്തും കണ്‍ പോളകളിലും പുരട്ടുകയും ഏതെങ്കിലും ചുടുപാനീയത്തിലോ മുള്ളങ്കി നീരിലോ എണ്ണത്തുള്ളികള്‍ ഉറ്റിച്ച് കുടിക്കുകയും ചെയ്യുക.
ബില്‍ഹാരിസിയ
രക്തത്തില്‍ കടന്നുകൂടുന്ന അണുക്കള്‍ മൂലമുണ്ടാകുന്ന ഒരു തരം രോഗമാണിത്. രാവിലെയും വൈകുന്നേരവും ഒരു ടീസ്പൂണ്‍ കരിഞ്ചീരകം കഴിക്കുക. പത്തിരിക്കഷ്ണമോ പാല്‍ക്കട്ടിയോ സഹായകമായി കഴിക്കാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പായി വലതു വശത്ത് കരിഞ്ചീരകമെണ്ണ പുരട്ടുക. ഇപ്രകാരം മൂന്നു മാസക്കാലം തുടരുക.
ഗ്യാസ്
കരിഞ്ചീരകപ്പൊടി വെറും വയറ്റില്‍ കഴിക്കുക. അതിനു പിന്നാലെ കരിമ്പിന്‍ ചാറ് അലിയിച്ച ചൂടുവെള്ളം മൂന്നു ടീസ്പൂണ്‍ കുടിക്കുക. ഒരാഴ്ചയോളം ദിവസേന തുടരുക.
ആസ്തമ
ദിവസേന പ്രഭാതത്തിലും പ്രദോഷത്തിലും കരിഞ്ചീരകമെണ്ണയുടെ ആവി പിടിക്കുകയും അതിനു മുമ്പാടി ഒരു ടീസ്പൂണ്‍ കരിഞ്ചീരകം അതേപടി തിന്നുകയും ചെയ്യുക. അതോടൊപ്പം ഉറങ്ങുന്നതിനു മുമ്പായി  കരിഞ്ചീരകമെണ്ണ നെഞ്ചിലും തൊണ്ടയിലും പുരട്ടുക.
അള്‍സര്‍
പത്തു തുള്ളി കരിഞ്ചീരകമെണ്ണയും ഉണക്കിയ റുമ്മാന്‍ പഴത്തൊലി പൊടിച്ചതും ഒരു കപ്പ് തേനില്‍ ചാലിച്ച് വെറും വയറ്റില്‍ കഴിക്കുക. അതിനു പിന്നാലെ മധുരിപ്പിക്കാത്ത ഒരു കപ്പ് പാല്‍ കുടിക്കുക.
കാന്‍സര്‍
കരിഞ്ചീരകമെണ്ണ ദിനേന മൂന്നു പ്രവാശ്യം പുരട്ടുകയും കരിഞ്ചീരകം പൊടിച്ചത് ഒരു കപ്പ് ശീമമുള്ളങ്കി നീരില്‍ കഴിക്കുകയും ചെയ്യുക. ഇപ്രകാരം മൂന്നു മാസം തുടരുക.
ഭക്ഷണത്തിന് ആഗ്രഹമുണ്ടാവാന്‍
ഭക്ഷണം കഴിക്കുന്നതിന്റെ മിനുട്ടുകള്‍ക്കു മുമ്പ് ഒരു ടീസ്പൂണ്‍ കരിഞ്ചീരകം പൊടിച്ചത് കഴിക്കുക. അതിനു ശേഷം അല്‍പം സുര്‍ക്കത്തുള്ളികള്‍ ഉറ്റിച്ച ഒരു കപ്പ് തണുത്ത വെള്ളം കുടിക്കുക. ഫലം പ്രകടമായേക്കും. ഭക്ഷണത്തോടുള്ള ആര്‍ത്തി വന്നുഭവിക്കുന്നത് സൂക്ഷിക്കേണ്ടതാണ്.
മടിയും ബലഹീനതയും
പത്തുതുള്ളി കരിഞ്ചീരകമെണ്ണ മധുര നാരങ്ങാനീരുമായി കലര്‍ത്തിയത് പത്തു ദിവസം ദിനേന വെറും വയറ്റില്‍ കഴിക്കുക. എന്നാല്‍ ഉന്മേഷവും വിശാലമനസ്സും ഉണ്ടായേക്കും. അതോടൊപ്പം സുബഹിക്കു ശേഷം ഉറക്കം വര്‍ജിക്കുകയും ഇശാഇനു ശേഷം ഉറക്കം പതിവാക്കുകയും അല്ലാഹുവിന് ദിക്‌റ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഭൗതികോന്മേഷത്തിനും പെട്ടന്ന് മന:പാഠമാകുന്നതിനും വിലാത്തി പൊതീന തിളപ്പിച്ച് തേനില്‍ മധുരിപ്പിച്ച ശേഷം ഏഴു തുള്ളി കരിഞ്ചീരകമെണ്ണ ഉറ്റിച്ച് ചൂടോടെ ഉദ്ദേശിച്ച സമയത്ത് കുടിക്കുക. ചായയുടെയും കാപ്പിയുടെയും പകരം ഇത് പതിവാക്കിയാല്‍ അനിതര സാധാരണമായ ബുദ്ധിശക്തിയും ജ്വലിക്കുന്ന ഗ്രഹണ ശേഷിയും പ്രകടമാകാന്‍ വൈകില്ല.

Wednesday, August 21, 2013

Changing faiths: Hispanic Americans leaving Catholicism for Islam



With more than 50 million Hispanics living in the US, the Latino community is now the country's biggest minority.
While most are brought up within the Catholic Church, a number of them are turning to Islam.
Precise figures are difficult to pin down as the US Census does not collect religious data, but estimates for the number of Latino Muslims vary between 100,000 and 200,000.
The BBC's Katy Watson went to Union City in New Jersey - where the population is more than 80% Hispanic - to meet some converts.
Produced by Lynsea Garrison; filmed by Andrew Herbert

http://www.bbc.co.uk/news/world-us-canada-23774334


ക്രിസ്താനിസത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന സ്പാനിഷ് അമേരിക്കകാര്‍

കാത്തോലിക്കാന്‍ ക്രിസ്ത്യന്‍ വിശ്വാസമുപേക്ഷിച്ചു കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് കടന്നു വരികയാണ് അമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന ലാറ്റിനമേരിക്കന്‍ വംശജര്‍. അതിനെക്കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ട്. 
hispanic to Islamഅമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ (Hispanic and Latino Americans) ഇസ്‌ലാം വ്യപകമാകുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമാണ് ഹിസ്പാനിക് അമേരിക്കന്‍സ്. അമ്പത്‌ ദശലക്ഷം ഹിസ്പാനിക്കുകള്‍ ഉണ്ടെന്നാണ് കണക്ക്. വംശപരമായി കാത്തോലിക്കന്‍ ക്രിസ്താനികളാണ് അവര്‍. കണിശമായ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ വളര്‍ത്തപ്പെടുന്ന ഇവര്‍ ഇപ്പോള്‍ വ്യപകമായി ഇസ്‌ലാമിലേക്ക് കടന്നു വരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ മതം തിരിച്ചുള്ള കണക്കെടുപ്പ് നടത്താതതിനാല്‍ എത്രപേര്‍ ഇസ്‌ലാമിലേക്ക് എത്തിയെന്ന് കൃത്യമായി കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടക്ക് ഹിസ്പാനിക് ലാറ്റിനോ മുസ്‌ലിംകള്‍ ഉള്ളതായി ബിബിസി റിപ്പോര്‍ട്ട് പറയുന്നു. ബിബിസി റിപ്പോര്‍ട്ടര്‍ കേറ്റി വാട്സന്‍ എണ്‍പത്‌ ശതമാനം ഹിസ്പാനിക് ലാറ്റിനോകള്‍ താമസിക്കുന്ന ന്യൂജേഴ്സി സിറ്റിയില്‍ ഇസ്‌ലാമിലേക്ക് കടന്നു വന്ന പലരുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പകുതി കൊളംബിയനും പകുതി ഇക്വഡോറിയനുമായ ഒരു പുതു മുസ്‌ലിമാണ് യൂസുഫ്‌. “ഇസ്‌ലാം ശക്തമായി വെറുക്കുന്ന ഒരാളായിരുന്നു ഞാന്‍. എന്നാല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഇസ്‌ലാമിനെക്കുറിച്ചായിരുന്നു എന്റെ പ്രോജക്ട് വര്ക്. അതോടെ ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചു. ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ തീരുമാനിക്കുകയും ചെയ്തു.”
ന്യൂജേഴ്സിയില്‍ മസ്ജിദുകളും ഇസ്‌ലാം പഠനകേന്ദ്രങ്ങളും വ്യാപകമായി ഉയര്‍ന്നുവരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്പാനിഷ് ഭാഷയിലാണ് ക്ലാസുകള്‍ അധികവും. “ഞങ്ങള്‍ ന്യൂനപക്ഷത്തിനുള്ളിലെ ന്യൂനപക്ഷമാണ്. പക്ഷേ ഞങ്ങള്‍ അതിവേഗം വളരുകയാണ്” മെക്സിക്കന്‍ വംശജയായ നഹില പറയുന്നു.
ചെറുപ്പക്കാരാണ് ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരിലധികവും. ഇസ്‌ലാമിലേക്കുള്ള ഈ മാറ്റത്തിനു പിന്നില്‍ പലകാരണങ്ങളും ചൂണ്ടികാണിക്കപ്പെടുന്നു. പ്രാധാനമായും തങ്ങള്‍ മതത്തിലുള്ള പ്രത്യേകിച്ചും ത്രിയേകത്വത്തിലുള്ള സംശയങ്ങളാണ് പലരെയും ഇസ്‌ലാമിലേക്ക് നയിക്കുന്നത്. മതാന്തര കൂടിക്കാഴ്ചകളില്‍ ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ അതിന്റെ സൗന്ദര്യവും ലാളിത്യവും പലരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നു. സ്പെയിന്‍ വംശജരായ പലരെയും സ്പെയിനെ ഇസ്‌ലാമിക ചരിത്രം ഈ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു.
ഇസ്‌ലാംഓണ്‍വെബ്  /കടപ്പാട്: ബിബിസി,  ലാറ്റിന്‍ ടൈംസ്


Monday, August 19, 2013

ഇമാം അബുല്‍ ഹസന്‍ അല്‍ അശ്അരി (റ): അഹ്‌ലുസ്സുന്നയുടെ കാവലാള്‍



പ്രസിദ്ധ പണ്ഡിത കേസരി ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ (റ) “ഖല്‍ബുല്‍ ഖുര്‍ആന്‍” പ്രശ്‌നത്തില്‍ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും തള്ളിയിടേണ്ടി വന്നതിന് കാരണക്കാര്‍ സത്യത്തില്‍ നിന്നും തെന്നിമാറി സഞ്ചരിച്ച “മുഅ്തസില”ക്കാരായിരുന്നു. അവരായിരുന്നു ഇമാമിനെതിരില്‍ ശക്തമായ കരുനീക്കങ്ങള്‍ നടത്തിയിരുന്നത്. ഭരണപക്ഷത്തുനിന്നുള്ള പിന്തുണകളായിരുന്നു അവര്‍ക്ക് ഈ രംഗത്ത് ഉന്മേഷം നല്‍കിയിരുന്നത്. ഖലീഫ മുഅ്തസിമും ഖലീഫ വാസിഖും അവരുടെ ശക്തരായ വക്താക്കളായിരുന്നു. ഇരുവരുടെയും ശക്തമായ പിന്തുണയാണ് അവര്‍ക്ക് ശക്തി പകര്‍ന്നിരുന്നതും. ഇരുവരുടെയും മരണത്തോട് കൂടി അവരുടെ ശക്തി ക്ഷയിക്കുകയും സമുദായരംഗത്ത് അവര്‍ ദുര്‍ബലവിഭാഗമായി ശേഷിക്കുകയും ചെയ്തു.
ശേഷം അധികാരത്തിലേറിയ ഖലീഫ മുതവക്കില്‍ മുഅ്തസില വിഭാഗത്തിന്റെ അനുയായിയോ അനുഭാവിയോ ആയിരുന്നില്ലെന്ന് മാത്രമല്ല, അവരുടെ ശത്രു കൂടിയായിരുന്നു. മുഅ്തസിലക്കാര്‍ കയ്യടക്കി വെച്ചിരുന്ന ഭരണസ്വാധീന മേഖലകളില്‍ നിന്ന് അവരെ താഴെയിറക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്തത് മുതവക്കിലായിരുന്നു. എങ്കിലും അവര്‍ ധിഷണാമേഖലകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഖല്‍ഖുല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട ഫിത്‌നകള്‍ കെട്ടടങ്ങിയിരുന്നുവെങ്കിലും അവരുടെ മറ്റുചില വാദങ്ങള്‍ അപ്പോഴും പുതുമ നഷ്ടപ്പെടാതെ നിലനിന്നിരുന്നു. ബൗദ്ധിക-ധൈഷണിക രംഗത്ത് തലയെടുപ്പുള്ള ചില വ്യക്തിത്വങ്ങളുടെ പേരില്‍ വൈജ്ഞാനിക നേതൃസ്ഥാനം മുഅ്തസിലകള്‍ക്ക് തന്നെയായിരുന്നു.
ഹിജ്‌റ മൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, ആഴമേറിയ പഠനത്തിന്റെയും വിശാലമായ ചിന്തയുടെയും ഉടമകള്‍ അവരാണെന്നും അവരുടെ ഗവേഷണ സപര്യകളില്‍ ബുദ്ധിപരമായ സമീപനം കൂടുതലാണെന്നുമുള്ള ചിന്താഗതി പൊതുവെ എല്ലാവരിലും ഉടലെടുത്തു. തഥടിസ്ഥാനത്തില്‍ അവര്‍ പ്രത്യേകം പരിഗണിക്കപ്പെടുന്ന ഒരു ഘട്ടം വരെയെത്തി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുവാക്കള്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ള വലിയൊരു വിഭാഗം മുഅ്തസിലിയാക്കളുടെ “ഇഅ്തിസാല്‍” എന്ന ആശയഗതിയെ മാതൃകയായി സ്വീകരിച്ചു. ഇമാം അഹ്മദ്ബനു ഹമ്പലിന് ശേഷം വൈജ്ഞാനിക രംഗത്ത് അത്ര തിളക്കമുള്ള ആളുകള്‍ രംഗത്ത് വന്നില്ല. ശേഷം വന്നവര്‍ തന്നെ ബൗദ്ധിക വിജ്ഞാനശാഖകളിലേക്കും നൂതന ചിന്താധാരകളിലേക്കും ശ്രദ്ധ തിരിച്ചില്ല. ബൗദ്ധിക സമീപനങ്ങളുടെ പേരില്‍ സംവാദങ്ങളിലും സദസ്സുകളിലും മുഅ്തസിലുകള്‍ തന്നെ തലയുയര്‍ത്തി നിന്നു. സത്യ ദീനിനെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കാന്‍ കഴിയാതെ പോയവര്‍ക്ക് ബൗദ്ധിക സമീപനങ്ങളാണ് മുഅ്തസിലിയാക്കള്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയി. മുഹദ്ദിസുകളില്‍ ഒരു വിഭാഗവും അവരുടെ ശിഷ്യഗണങ്ങളില്‍ ഒരു ഭൂരിഭാഗവും അപകര്‍ഷതാബോധത്തിന് അടിമപ്പെട്ട് പോയി. മുഅ്തസിലികളുടെ ബൗദ്ധിക-ശാസ്ത്രീയ മുന്നേറ്റത്തിന് മുമ്പില്‍ അവര്‍ പതറി. ഈ സ്ഥിതി വിശേഷം ദീനിന്റെ പ്രൗഢിയുടെയും സുന്നത്തിന്റെ ശക്തിയുടെയും നേരെ ഒരു വെല്ലുവിളിയായി ഉയര്‍ന്ന് നിന്നു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ദീനിന്റെ തത്ത്വ സംഹിതകള്‍ എന്നിവ മുഅ്തസിലകള്‍ക്ക് മുമ്പില്‍ കേവലം കളിപ്പാവകളായി രൂപാന്തരപ്പെട്ടു. അതിനനുസരിച്ച് ശാസ്ത്രീയ ബൗദ്ധിക അടിത്തറയിലുള്ള സമീപനങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരം വര്‍ദ്ധിച്ച് വന്നു. സാങ്കേതികതയുടെ പിന്‍ബലത്തില്‍ ചിന്തയെ മുന്‍ നിറുത്തി അവര്‍ നടത്തിയ അധര വ്യായാമങ്ങള്‍ മാത്രമാണ് അവരുടെ ബാഹ്യപ്രകടനങ്ങള്‍ എന്നതാണ് പരമാര്‍ഥം. ദീനിന്റെ അന്തസത്ത ഉള്‍ക്കൊള്ളാത്ത വികലമായ ചിന്താഗതികള്‍ അവരില്‍ പ്രകടമായിരുന്നു. പക്ഷെ, വെള്ളച്ചാട്ടം കണക്കെയുള്ള ഈ സ്തിഥി വിശേഷത്തെ തടുത്തു നിര്‍ത്താന്‍ അത്ര എളുപ്പമായിരുന്നില്ല.
നിയോഗവും ജീവിതവും
ഉപരിസൂചിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒരു ഉന്നത വ്യക്തിയുടെ നിയോഗം പ്രസക്തിയേറി വന്നു. വൈകാതെ അബുല്‍ ഹസന്‍ അശ്അരിയില്‍ മുസ്‌ലിം ലോകം ആ വ്യക്തിയെ കണ്ടെത്തുകയായിരുന്നു.
അബുല്‍ ഹസന്‍ അലിയുടെ പിതാവിന്റെ പേര് ഇസ്മാഈല്‍ എന്നായിരുന്നു. പ്രസിദ്ധനായ സ്വഹാബിവര്യന്‍ അബൂ മൂസല്‍ അശ്അരിയുടെ സന്താനപരമ്പരയില്‍ ഹി 260ല്‍ ബസ്വറയില്‍ ജനിച്ചു. പിതാവ് ഇസ്മാഈലിന്റെ മരണ ശേഷം മാതാവിനെ വിവാഹം ചെയ്തത് മുഅ്തസിലി നേതൃനിരയിലെ പ്രധാനിയായ അബൂ അലിയ്യില്‍ ജുബ്ബായി ആയിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് അബുല്‍ ഹസന്‍ വളര്‍ന്നത്. വളരെ വേഗം തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തനും വലംകയ്യുമായിത്തീരുകയും ചെയ്തു. ജുബ്ബായി അറിയപ്പെട്ട മുദരിസും ഗ്രന്ഥകാരനുമായിരുന്നു. പക്ഷെ, ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡനങ്ങക്കും മതിയായ പ്രാഗത്ഭ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അബുല്‍ ഹസന്‍ ഈ വിഷയത്തില്‍ അഗ്രേയസനായിരുന്നു. ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയും മുഅ്തസിലി സദസുകളുടെ നേതൃസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു (തബ്‌യീന്‍-ഇബ്‌നു അസാകിര്‍-117)
ഇതേ സമയം, ഗുരുവര്യന്റെ സ്ഥാനം അബുല്‍ ഹസന്‍ അലങ്കരിക്കുമെന്നും മുഅ്തസിലി ആദര്‍ശത്തിന് ഊടും പാവും നല്‍കാന്‍ അദ്ദേഹം മുന്‍പന്തിയില്‍ വരമെന്നും മുഅ്തസിലികള്‍ കണക്കു കൂട്ടി. എന്നാല്‍ ജഗന്നിയന്താവായ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ദ്രുതഗതിയില്‍ തന്നെ അബുല്‍ ഹസനില്‍ മാറ്റങ്ങള്‍ വന്നു. അദ്ധേഹത്തിന്റെ വ്യാഖാനങ്ങളും നിലപാടുകളുമെല്ലാം മുഅ്തസിലള്‍ക്കെതിരായി. അവരുടെ വാദഗതികളെല്ലാം തന്നെ കേവലം യുക്തിയുടെ വിളയാട്ടങ്ങള്‍ മാത്രമാണെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നും അദ്ധേഹത്തിന് ബോധ്യപ്പെട്ടു. നക്ഷത്രതുല്ല്യരാണ് എന്റെ അനുചരന്‍മാര്‍ എന്ന് പുണ്യനബി വാഴ്ത്തിയ സച്ചരിതരായ സ്വഹാബികളുടെയും മുന്‍ഗാമികളായ മഹാന്‍മാരുടെയും വഴിത്താര തന്നെയാണ് സത്യപന്ഥാവ് എന്ന വസ്തുത അദ്ധേഹത്തിന് ബോധ്യപ്പെട്ടു.
പിന്നീടങ്ങോട്ട് അബുല്‍ ഹസന്‍ മുഅ്തസിലകള്‍ക്കെതിരെ ശക്തമായ പടയോട്ടം തന്നെ നടത്തി. 15 ദിവസം തന്റെ വീട്ടിനകത്ത് ഏകാന്തതയില്‍ കഴിഞ്ഞു. 16ാമത്തെ ദിവസം വീട്ടില്‍ നിന്ന് നേരെ പള്ളിയിലെത്തി. ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. പള്ളി ജനനിബിഡമായിരുന്നു. അദ്ദേഹം മിമ്പറില്‍ കയറി ഇങ്ങനെ   വിളിച്ച് പറഞ്ഞു: എന്നെ എല്ലാവരും അറിയുമെന്ന് കരുതുന്നു, അറിയാത്തവരോട് ഞാന്‍ പറയുന്നു. ഞാനാണ് അബുല്‍ ഹസന്‍ അശ്അരി. ഞാന്‍ മുഅ്തസിലിയായിരുന്നു. മുഅ്തസിലി ആദര്‍ശക്കാരനും അതിന്റെ കിടയറ്റ വക്താവുമായിരുന്നു. ഞാനിപ്പോള്‍ തൗബ ചെയ്യുകയാണ്. എന്റെ പിഴച്ച മുന്‍കാല ആദര്‍ശങ്ങളില്‍ നിന്ന് ഞാനിതാ മടങ്ങുന്നു. ഇന്ന് മുതല്‍ മുഅ്തസിലികളുടെ വാദഗതികളെ ഖണ്ഡിക്കലും അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കലുമായിരിക്കും എന്റെ കര്‍ത്തവ്യം (ഇബ്‌നു ഖല്ലിക്കാന്‍ 1-447)
അന്നു മുതല്‍ ജീവിതത്തിന്റെ ഒടുക്കത്തെ ശ്വാസം വരെ മഹാനായ ആ പണ്ഡിതവര്യന്‍ തന്റെ ബൗദ്ധിക, വൈജ്ഞാനിക, പ്രഭാഷണ തൂലികാ ശക്തികളിലഖിലവും മുഅ്തസിലി ആദര്‍ശ സിദ്ധാന്തങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സല്‍പാന്ഥാവിലേക്ക് സമുദായത്തെ നയിക്കുകയും ചെയ്യുന്ന വഴിത്താരയിലേക്ക് മാറ്റിവച്ചു. ഇന്നലെകളുടെ ദശാസന്ധികളില്‍ മുഅ്തസിലികളുടെ  വക്കാലത്ത് ഏറ്റെടുത്തിരുന്ന അദ്ദേഹം അഹ്‌ലുസ്സുന്നയുടെ ശക്തനായ വക്താവായി മാറുകയും അതിന്റെ ആശയാദര്‍ശങ്ങളുടെ സംരക്ഷകനായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് മുസ്‌ലിം ലോകത്തിന് ദര്‍ശിക്കാന്‍ സാധിച്ചത്. മാത്രമല്ല, തന്റെ പ്രവര്‍ത്തനങ്ങള്‍ ജിഹാദിന്റെ വഴിയാണെന്നും അള്ളാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള മാര്‍ഗ്ഗമാണെന്നും അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. മുഅ്തസിലികളുടെ സദസ്സുകളില്‍ പങ്കെടുത്തും അവരെ ഓരോരുത്തരെയും നേരില്‍ കണ്ട് സല്‍സരണി അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. ചിലരെല്ലാം അദ്ദേഹത്തോട് ഇപ്രകാരം ചോദിക്കുമായിരുന്നു. താങ്കള്‍ ഈ പുത്തന്‍ പ്രസ്ഥാനക്കാരുമായി ബന്ധപ്പെടുകയും അവരെത്തേടി പോവുകയും ചെയ്യുതെന്തിനാണ്? അവരുമായി തീര്‍ത്തും നിസ്സഹകണത്തില്‍ കഴിയണമെന്നാണല്ലോ നമ്മോടുള്ള കല്‍പന? മഹാനവര്‍കള്‍ ഇങ്ങനെ മറുപടി പറഞ്ഞത്രെ; എന്ത് ചെയ്യാന്‍? അവരെല്ലാം ഉയര്‍ന്ന സ്ഥാനങ്ങളിലാണല്ലോ? അവരുടെ ഔദ്യോഗിക പദവികള്‍ നിമിത്തം അവര്‍ക്ക് എന്നെ വന്ന് കാണാന്‍ കഴിയുന്നില്ല, ഞാനും അവരെപ്പോയി കാണാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ സത്യം എങ്ങനെയാണ് അവര്‍ക്ക് ബോധ്യപ്പെടുക? അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സുന്ദരമായ ആശയാദര്‍ശങ്ങള്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണെന്ന് അവര്‍ എങ്ങനെ മനസ്സിലാക്കും?
ശേഷം അടുത്ത പേജില്‍
മുസ്അബ് തിരൂര്‍
(അവസാന വര്‍ഷ വാഫി ബിരുദ വിദ്യാര്‍ഥി, മര്‍കസ്‌ വളാഞ്ചേരി)
2

കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍



 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണ കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കരിമ്പനക്കല്‍ കുഞ്ഞാലന്‍-കദിയമുണ്ണി ദമ്പതികളുടെ ആറുമക്കളില്‍ രണ്ടാമനാണദ്ദേഹം. മൊയ്തീന്‍ ഹാജി, കോമു, കുഞ്ഞയമു സഹോദരങ്ങളും, ഫാത്വിമ, ബീവി സഹോദരിമാരുമാണ്.
    ഹിജ്‌റ 1293-ല്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നതപണ്ഡിതരില്‍ നിന്നും ദീനീ പഠനം പൂര്‍ത്തിയാക്കി. വെളിയങ്കോട് തട്ടാര കുട്ട്യാമു മുസ്‌ലിയാര്‍, മഖ്ദൂം പുതിയകത്ത് കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ (പൊന്നാനി), അഞ്ചരക്കണ്ടി അഹ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്.
മഅ്ദനുല്‍ ഉലൂം അറബിക് കോളെജ് (മണ്ണാര്‍ക്കാട്), നടുവിലെ പള്ളി (തിരൂരങ്ങാടി), മൂതാക്കര പള്ളി (കോഴിക്കോട്), കാപ്പ് ജുമാമസ്ജിദ്, വണ്ടൂര്‍ ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ദര്‍സ് നടത്തിയിട്ടുണ്ട്. വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയായ അദ്ദേഹം അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്. സമസ്തയിലെ ഉന്നതശീര്‍ഷരിലൊരാളായ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഉജ്ജ്വല വാഗ്മി അരിപ്ര മൊയ്തീന്‍ ഹാജി, ഇര്‍ശാദുല്‍ യാഫിഈക്ക് 'ശറഹ്' എഴുതിയ കുന്നപ്പള്ളി ഹൈദര്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് ഉര്‍ദു കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖരാണ്.
ഒരിക്കല്‍ മഴകൊണ്ട് അദ്ദേഹത്തിന്റെ കിതാബുകള്‍ നനഞ്ഞു. അതുണക്കാന്‍ വേണ്ടി വെയിലത്തു വെച്ചിരിക്കുന്നതു കണ്ട ബ്രിട്ടീഷ് സായിപ്പ് ഈ ഗ്രന്ഥങ്ങളെല്ലാം ആരുടേതാണെന്ന് അമ്പേഷിച്ചു. അഹ്മദ് മുസ്‌ലിയാരുടേതാണെന്ന് അറിഞ്ഞപ്പോള്‍ വെള്ളക്കാരന്‍ പാരിതോഷികം നല്‍കി ആ പണ്ഡിതനെ ആദരിച്ചു.
59-ാം വയസ്സില്‍ ഹിജ്‌റ 1352 (1935) ഒരു തിങ്കളാഴ്ച ളുഹര്‍ സമയത്ത് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു. ജീവിതത്തിന്റെ സിംഹഭാഗവും പള്ളികളില്‍ ചെലവഴിച്ച മഹാനുഭാവന്റെ അന്ത്യവും മണ്ണാര്‍ക്കാട് ജുമുഅത്ത് പള്ളിയില്‍ തന്നെയായിരുന്നു. മരണത്തെ സ്വീകരിക്കാന്‍ അദ്ദേഹം കിടന്നിരുന്ന ബഞ്ച് ഇന്നും അവിടത്തെ ഖുതുബ് ഖാനയില്‍ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ വടക്കു-പടിഞ്ഞാറെ മൂലയിലാണ് അഹ്മദ് മുസ്‌ലിയാരുടെ ഖബറിടം. ജീവിതവും മരണവും ദര്‍ശനമാക്കിത്തീര്‍ക്കാന്‍ മഹാന്മാര്‍ക്കേ കഴിയൂ.

ഇനി നാം പടിഞ്ഞാറിനെ കുറ്റപ്പെടുത്തരുത്




മുസ്‌ലിം ലോകത്ത്‌ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് സാധാരണയായി ആദ്യമായി പഴി കേള്‍ക്കെണ്ടിവരുന്നത് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളുമാണ്. അതിനു പലപ്പോഴും ന്യായമായ കാരണങ്ങളുണ്ട് താനും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മധ്യപൂര്‍വ്വ ദേശത്ത് നടക്കുന്ന മാറ്റങ്ങളിലും ഇരുഭാഗത്തും പടിഞ്ഞാറിനെ കുറ്റപ്പെടുത്തുന്ന കാഴ്ചയുണ്ടായിരുന്നു. അറബ് വസന്തമെന്നു വിളിക്കപ്പെട്ട രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നില്‍ പടിഞ്ഞാറാണെന്ന വിലയിരുത്തലും കേട്ടിരുന്നു ചില കോണുകളില്‍ നിന്നെങ്കിലും. തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത പ്രവൃത്തികളെ വിദേശശക്തികളുടെ കറുത്ത കരങ്ങള്‍ കണ്ടെത്തുന്നത് ലോകത്ത്‌ പൊതുവേ കാണുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. അതില്‍ അമേരിക്കയും ഇറാനും ഈജ്പിതും സിറിയയും തമ്മില്‍ ഒരു വ്യതാസമില്ല.
നിലവില്‍ ഈജിപ്തിലെ ആഭ്യന്തര പ്രശ്നങ്ങളിലും ഇത് കാണാം. ഏറെ രസകരം സൈന്യത്തെ പിന്തുണക്കുന്നവരും മുര്സിയെ പിന്തുണക്കുന്നവരും വാളോങ്ങുന്നത് അമേരിക്കക്കും പടിഞ്ഞാറിഞ്ഞുമെതിരെ തന്നെയാണ്. പക്ഷെ ദിവസങ്ങള്‍ കഴിയുംതോറും ഈജ്പിതിലെ സംഭവങ്ങള്‍ പറഞ്ഞു തരുന്നത് കുറ്റംപ്പെടുത്തേണ്ടത് സ്വന്തത്തെയാണ്. ഈജിപ്ഷ്യന്‍ സൈന്യത്തെ, ജനതയെ, ഇഖ്വാനികളെ, മുസ്‌ലിം ലോകത്തെ.
ആശയപരമോ രാഷ്ട്രീയമോ ആയ വിയോജിപ്പുകള്‍ ആരോടും അനീതി കാണിക്കാനുള്ള കാരണമായിക്കൂടാ. ഒരു ജനതയോടുള്ള ശത്രുത അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ എന്നാണല്ലോ ഖുര്‍ആനിക അധ്യാപനം. സ്വന്തം ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പരാജയപ്പെട്ടിട്ടു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം?. അറബ്‌ വസന്തത്തെ തുടര്‍ന്ന് നടന്ന സ്വത്രന്ത്ര തെരഞ്ഞെടുപ്പിലൂടെ ആദ്യമായിയാട്ടാണ് ഒരാള്‍ ഈജിപ്തില്‍ അധികാരത്തിലെത്തുന്നത്. ജനാധിപത്യത്തെ നിരാകരിചിരുന്നവര്‍ അതു പുല്‍കുന്നതു സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.  അങ്ങനെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍റ് ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രതിനിധിയായി അധികാരത്തിലേറിയ മുഹമ്മദ്‌ മുര്‍സിയെ കേവലം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരു വിഭാഗം ജനങ്ങളും സൈന്യവും ചേര്‍ന്ന് പുറത്താക്കി ജയിലടക്കുമ്പോള്‍ ജാനാധിപത്യത്തിന്റെ അളവുകോലിലും ഇസ്‌ലാമിന്റെ അളവുകോലിലും അംഗീകരിക്കപ്പെടാന്‍ ന്യായങ്ങളില്ല.
ഈജിപ്ത് ജനത ഇന്ന് പൂര്‍ണ്ണമായും ധ്രുവീകരണത്തിന് വിധേയാമായിരിക്കുന്നു. കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്തത്ര അവര്‍ അകന്നിരിക്കുന്നു. സൈനിക പിന്തുണയുള്ള ഭരണകൂടത്തെ അനുകൂലിക്കുന്നവരും മുര്സി ഭരണം തിരിച്ചുവരണമെന്നു ആവശ്യപ്പെടുന്നവരും. മുര്സി അനുകൂലികള്‍ക്കെതിരെ ഈജിപ്ഷ്യന്‍ സൈന്യവും പോലീസും, ജൂഡിഷ്യറിയും മാധ്യമങ്ങളും ഇടപതു പക്ഷവും ഒരു വിഭാഗം ജനങ്ങളും ഒന്നിച്ചതിന്റെ പിന്നാമ്പുറങ്ങള്‍ തേടിപോകുമ്പോള്‍ പലതും നാം തിരിച്ചറിയേണ്ടിവരും. രണ്ടു വര്ഷം മുമ്പ് ജനങ്ങള്‍ ഒന്നിച്ചു അണിനിരന്നു പുറത്താക്കിയ മുബാറക്‌ വൈകാതെ ജയിലില്‍ നിന്ന് പുറത്ത്‌ വരുന്നതോടെ ആ അദ്ധ്യായം പൂര്‍ണ്ണമാകും.
മുസ്‌ലിംകളെ തീവ്രവാദികളെന്നു മുദ്രകുത്തുന്നതാണ് പടിഞ്ഞാരിനെതിരെ നാം ഉന്നയിക്കാറുള്ള വലിയ ആക്ഷേപമെങ്കില്‍ അതെ മുദ്ര ഉപയോഗിച്ചാണ് ഈജ്പ്തില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നത്. ഇഖ്വാനിന്റെ നിലപാടുകളോട് നമുക്ക്‌ വിയോജിക്കാം. പക്ഷേ അതിന്റെ പേരില്‍ എല്ലാവിധ അവകാശങ്ങളും നിഷേധിച്ചു അവരെ അടിച്ചമര്‍ത്തുന്നത് ഇസ്‌ലാമികമായോ ജനാധിപത്യമൂല്യങ്ങള്‍ വെച്ചോ ന്യായീകരിക്കവതല്ല.
ഇവിടെ മുസ്‌ലിം ലോകവും പാശ്ചാത്യലോകവും സ്വീകരിക്കുന്ന നിലപാടുകളാണ് ഏറെ ആശ്ചര്യകരം. ഈജ്പ്ഷ്യന്‍ ജനതയെപ്പോലെ മുസ്‌ലിം ലോകവും നെടുകെ പിളര്‍ന്നിരിക്കുന്നു വിഷയത്തില്‍. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളും ജോര്‍ദാനും മറ്റും കൈക്കൊണ്ട നിലപാടുകള്‍ സൈന്യത്തിന്റെയും പോലീസിന്റെയും അതിക്രമങ്ങളെ ന്യായീകരിക്കുന്നതായിരുന്നു. അതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.
മുര്സി അനുകൂലികള്‍ക്കെതിരെ സൈന്യവും പോലീസും സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ഭാഗികമായി രംഗത്തുവന്ന അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും രക്തചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഈജിഷ്യന്‍ നേതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ അവരുടെ നടപടികള്‍ ആവശ്യമാണെനായിരുന്നു ഗള്‍ഫ്‌ രാഷ്ട്രങ്ങളുടെയും മറ്റും നിലപാട്. തുര്‍ക്കി, ഖത്തര്‍ തുടങ്ങിയവ  മാത്രമാണ് സൈനിക നടപടിക്കെതിരെ രംഗത്ത് വന്ന മിഡിലീസ്റ്റ്  രാജ്യങ്ങള്‍. ഏറെ കൌതുകകരം സഊദിക്കും യുഎഇക്കുമൊപ്പം ഇസ്രയേലും സൈന്യത്തിനു പിന്തുണയുമായി രംഗത്ത്‌ വന്നു.
ഈജിപ്തിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ അറബ് –അന്താരാഷ്ട്ര നയന്ത്രരുടെ ഇടപെടലുകളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതു വായിച്ചാല്‍ ഈജിപ്തില്‍ നടക്കുന്നതെന്തെന്നും വ്യക്‌തമാവും. അതിവിടെ വായിക്കാം
ഫൈസല്‍ നിയാസ്‌

Sunday, August 18, 2013

തിരുനബി സ്നേഹം


പ്രവാചകാനുരാഗികളുടെ വസന്തമാണ് റബീഉല്‍ അവ്വല്‍. പ്രസംഗിച്ചും പാട്ടുപാടിയും എഴുതിയും രചിച്ചും അന്നവും മധുരവും വിതരണം ചെയ്തും തിരുനബി (സ്വ) യോട് നെഞ്ചിലേറ്റുന്ന സ്നേഹം ബഹിര്‍പ്രകടിപ്പിക്കുകയാണിവിടെ. വിശ്വാസത്തിന്റെ പ്രധാന ശാഖകളിലൊന്നായ ഹുബ്ബ് ആണ് ഈ ആഘോഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. റബീഉല്‍ അവ്വല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിശ്വാസിക്ക് രോമാഞ്ചമുണ്ടാകുന്നത് ഇത് കൊണ്ടാണ്.

മനുഷ്യരുടെ വിമോചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനും വേണ്ടി നിയോഗിതരായ പരലക്ഷം പ്രവാചകന്‍മാരില്‍ ഒരാള്‍ മാത്രമാണോ നബി(സ്വ)? അജ്ഞതയും അന്ധതയും ആധിപത്യം നേടിയ ഒരു സാമൂഹത്തെ ജയിച്ചടക്കി മാതൃകാ രാഷ്ട്രം പണിത് നേതാക്കളും ജേതാക്കളുമാക്കി മാറ്റിയ പരിഷ്കര്‍ത്താവ് മാത്രമാണോ? അനേകായിരം തലമുറകള്‍ക്ക് വെളിച്ചം കാട്ടുന്ന തത്വജ്ഞാനി മാത്രമാണോ? ആപാദചൂടം പൂര്‍ണതയും ആജീവനാന്തം വിശുദ്ധിയും നേടിയ സമ്പൂര്‍ണവും അസാധാരണവുമായ മഹല്‍വ്യക്തിത്വം മാത്രമോ? ഇതിനപ്പുറം വിവരണാതീതമായ പ്രത്യേകതകളുമായി മനുഷ്യനായിരിക്കെത്തന്നെ മാനുഷികതക്കപ്പുറമെത്തുകയായിരുന്നു യഥാര്‍ത്ഥത്തില്‍ നബി(സ്വ). പ്രഭാഷകനോ തൂലികാകാരനോ കവിക്കോ യഥാവിധം ഇത് അവതരിപ്പിക്കുക സാധ്യമല്ല. അല്ലഫല്‍ അലിഫിന്റെ കര്‍ത്താവ് ശൈഖ് ഉമറുല്‍ ഖാഹിരി പറയുന്നു: നബി(സ്വ)യെ പ്രകീര്‍ത്തിക്കുന്നവര്‍ ഏറെ മുന്നോട്ട് പോയെങ്കിലും നബി (സ്വ)ക്ക് നല്‍കപ്പെട്ട മാഹാത്മ്യത്തിന്റെ പത്തിലൊന്ന് പോലുമായില്ല.

അല്ലാഹുവിന്റെ അടിമയും റസൂലുമെന്ന അത്യുന്നതമായ വിശേഷണത്തിന്റെ സമ്പൂര്‍ണതയിലെത്തുകയായിരുന്നു നബി(സ്വ). സ്രഷ്ടാവായ അല്ലാഹു നബി(സ്വ)യെ തന്നോട് ചേര്‍ത്തുവെച്ചു. അല്ലാഹുവിനോടുള്ള അനുസരണ യാഥാര്‍ത്ഥ്യമാക്കാന്‍ നബി(സ്വ)യെ അനുസരിക്കുകയാണ് വേണ്ടതെന്ന് പഠിപ്പിച്ചു. (വി.ഖു) അല്ലാഹുവിനെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ നബി(സ്വ)യെ പിന്‍പറ്റുകയാണ് വേണ്ടതെന്ന് കല്‍പിച്ചു. (വി.ഖു, 3:31) ഖുര്‍ആന്‍ വ്യക്തമാക്കിയത് കാണുക"താങ്കളുടെ ദിക്റ് നാം താങ്കള്‍ക്ക് വേണ്ടി ഉയര്‍ത്തി''. അഞ്ചു നേരത്തെ നിസ്കാര  ങ്ങള്‍ക്ക് വേണ്ടി ബാങ്ക് വിളിക്കുമ്പോഴെല്ലാം അല്ലാഹുവിന്റെ പേരിനോടൊപ്പം നബി(സ്വ)യുടെ പേരും പറയുന്ന ഇസ്ലാമിന്റെ അടിസ്ഥാനമായ ശഹാദത്ത് കലിമ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുന്‍ റസൂലുല്ലാഹി എന്നാണ്. 

അനസി(റ)ല്‍ നിന്നും നിവേദനം: നബി(സ്വ) പറയുന്നു: ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു: എന്റെ നാഥാ, നീ എന്റെ മുമ്പുള്ള മുഴുവന്‍ നബിമാരെയും ആദരിച്ചിട്ടുണ്ട്. ഇബ്റാഹീമിനെ നീ ഖലീലാക്കി. മൂസായെ കലീമാക്കി. ദാവൂദിന് നീ പര്‍വതങ്ങള്‍ കീഴ്പെടുത്തിക്കൊടുത്തു. ഈസാക്ക് വേണ്ടി നീ മരിച്ചവരെ ജീവിപ്പിച്ചു. എനിക്ക് വേണ്ടി നീ നിശ്ചയിച്ചതെന്താണ്? അല്ലാഹു പറഞ്ഞു: താങ്കള്‍ക്ക് അതിനേക്കാള്‍ ശ്രേഷ്ഠമായത് നാം നല്‍കിയില്ലേ? എന്റെ പേര് പറയുമ്പോഴെല്ലാം താങ്കളുടെ പേരും പറയപ്പെടുന്നുവല്ലോ? സ്വഹാബി കവി ഹസ്സാനു ബ്നു സാബിത് (റ) പറയുന്നു: അഞ്ച് നേരത്തും മുഅദ്ദിന്‍ അശ്ഹദു എന്ന് പറയുമ്പോള്‍ അല്ലാഹു തന്റെ പേരിനോടൊപ്പം തിരുനബി(സ്വ)യുടെ പേരും ചേര്‍ത്തിപ്പറഞ്ഞു. നബി(സ്വ)യെ ആദരിക്കാന്‍ തന്റെ പേരില്‍ നിന്നു തന്നെ തിരുനാമവും പുറത്തെടുത്തു; അര്‍ശിന്റെ ഉടമസ്ഥന്‍ മഹ്മൂദ് ആണെങ്കില്‍ ഇത് മുഹമ്മദാണ്. അടിമ അല്ലാഹുവിന് അര്‍പ്പിക്കുന്ന ആരാധനകളില്‍ ഏറ്റവും പുണ്യകരമായ നിസ്കാരങ്ങള്‍ ഇലാഹീ ചിന്തയില്‍ മുഴുകുന്നതിനിടയിലും തരുനബി(സ്വ)ക്ക് സ്വലാത്തും സലാമും ഇല്ലാതെ സ്വീകാര്യമാവുന്നില്ല.

അല്ലാഹു തന്റെ ഇഷ്ടദാസന്‍മാരായ നബിമാരെ അഭിസംബോധന ചെയ്യുന്ന നിരവധി സ്ഥലങ്ങളുണ്ട് ഖുര്‍ആനില്‍. നബിമാരുടെ പേര് വിളിച്ച് കൊണ്ടാണ് അഭിസംബോധന. എന്നാല്‍ തിരുനബി(സ്വ)യെ അഭിസംബോധന ചെയ്തിരിക്കുന്നത് നബിയേ, എന്ന് വിളിച്ചു കൊണ്ടാണ്. പ്രവാചകത്വത്തിനപ്പുറത്തെ ഉന്നത പദവിയിലാണ് അല്ലാഹു നബി(സ്വ)യെ പ്രതിഷ്ഠിക്കുന്നതെന്നര്‍ത്ഥം. 

നിസ്കാരവും സകാത്തും നിര്‍വഹിക്കാനുള്ള ആഹ്വാനം ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളിലുണ്ട്. വ്രതാനുഷ്ഠാനവും ഹജ്ജും ഒന്നിലധികം തവണയുണ്ട്. നബി (സ്വ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലാനുള്ള ആഹ്വാനം ഖുര്‍ആനിലുണ്ട്. അതിങ്ങനെയാണ് 'അല്ലാഹുവും തന്റെ മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.' അല്ലാഹുവും മലക്കുകളും നിസ്കരിക്കുന്നു, അതുകൊണ്ട് നിങ്ങളും നിസ്കരിക്കുക. അല്ലാഹുവും മലക്കുകളും സകാത്ത് നല്‍കുന്നു, അതുകൊണ്ട് നിങ്ങളും സകാത്ത് നല്‍കുക എന്ന രീതിയില്‍ നിസ്കാരത്തെയോ സകാത്തിനെയോ സംബന്ധിച്ച് പറയുന്നില്ല. മാത്രമല്ല, സ്വലാത്ത് ചൊല്ലല്‍ ഏറെ പുണ്യകരമായ കര്‍മമായി നിശ്ചയിക്കുകയും മരണാനന്തര ജീവിതത്തില്‍ ഉന്നതപദവിയും ഭൌതിക ലോകത്ത് മനശുദ്ധിയും നേടാന്‍ കര്‍മങ്ങളാല്‍ അനുഗ്രഹവര്‍ഷമുണ്ടാവാന്‍ സ്വലാത്ത് ഗുണകരമാണെന്ന് പഠിപ്പിക്കപ്പെട്ടു. സ്വഹാബിമാരും പിന്‍തലമുറയും മുസ്ലിം ലോകം മുഴുക്കെയും സ്വലാത്ത് ചൊല്ലല്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കി. വിവാഹം, ബലി, ദഅ്വ പരിപാടികള്‍ തുടങ്ങിയവയെല്ലാം സ്വലാത്തുണ്ടെങ്കിലേ പൂര്‍ണമാവൂ എന്ന വിശ്വാസം വളര്‍ന്നു.അല്ലാഹുവിനെ മനസ്സില്‍ കണ്ട് ഇബാദത്ത് ചെയ്യുന്നതോടൊപ്പം തിരുനബി(സ്വ)യെ മനസ്സില്‍ കണ്ട് സ്വലാത്ത് ചൊല്ലുമ്പോഴാണ് വിശ്വാസികളുടെ ആത്മീയ ബോധം ചൈതന്യധന്യമാവുന്നത്. 

മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിന് വേണ്ടി സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ച ഇസ്ലാമില്‍ തിരുനബി(സ്വ)യുടെ സ്ഥാനം എത്ര ഉന്നതമാണ്? അല്ലാഹുവിന്റെ വചനങ്ങള്‍ മനുഷ്യര്‍ക്ക് കിട്ടിയത് തിരുനബി(സ്വ)യിലൂടെയാണ്. തിരുനബി(സ്വ)യുടെ വാക്കും പ്രവര്‍ത്തനവും മൌനാനുവാദവുമെല്ലാം ഇസ്ലാമിന്റെ ഭാഗമാണ്. അവയെല്ലാം പഠിച്ചും മനപ്പാഠമാക്കിയും വിശദീകരിച്ചും പരസ്പരം പകര്‍ന്നും ജീവിതം ചെലവഴിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ തയ്യാറാവുന്നു. ആ അധ്യാപനങ്ങളുടെ കൈമാറ്റ ശൃംഖല പഠനവിധേയമാക്കുന്നു. വലിയൊരു വിജ്ഞാനലോകം ലോകത്തിന് മുന്നില്‍ നില്‍ക്കുന്നു. മനുഷ്യന്‍ വിശ്വാസിയോ അവിശ്വാസിയോ എന്ന് തീരുമാനിക്കുന്ന ഘടകമായ 'ഈമാന്‍' നിര്‍വചിക്കപ്പെടുന്നത് പോലും നബി(സ്വ)യോട് ബന്ധിപ്പിച്ച് കൊണ്ടാണ്. റസൂല്‍ (സ്വ) കൊണ്ടുവന്നതെല്ലാം സത്യമെന്ന് വിശ്വസിക്കുകയാണ് ഈമാനിന്റെ നിര്‍വ്വചനം. ദൈവം ഒന്നേയുള്ളുവെന്ന് പറയുന്നവരെല്ലാം ഇസ്ലാമിലെ ഏകദൈവ വിശ്വാസിയല്ല. മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനങ്ങള്‍ കൂടി അംഗീകരിക്കണം. 

ആധ്യാത്മികമായി മാത്രമല്ല, ഭൌതികമായും നബി(സ്വ)യെ മാനുഷികതക്കും പ്രവാചകത്വത്തിനുമപ്പുറം അല്ലാഹു ഉയര്‍ത്തി. നബി(സ്വ)യുടെ ശരീരത്തില്‍ ഈച്ച ഇരിക്കുമായിരുന്നില്ല; മാലിന്യങ്ങളില്‍ ഇരിക്കുന്ന ഈച്ച തിരുശരീരത്തെ അശുദ്ധമാക്കരുതെന്ന് അല്ലാഹു തീരുമാനിച്ചു. തങ്ങള്‍ക്ക് നിഴലുണ്ടായിരുന്നില്ല. തങ്ങളുടെ കൂടെ നടക്കുമ്പോള്‍ ആരെങ്കിലും അറിയാതെ നിഴലില്‍ ചവിട്ടുന്നത് ആ വിശുദ്ധിയുടെ പാരമ്യതക്ക് വിഘാതമാവുമെന്ന് അല്ലാഹു ദര്‍ശിച്ചു. ചില പ്രവാചകന്‍മാരുടെ പത്നിമാര്‍ അവിശ്വാസികളായിരുന്നെങ്കില്‍ നബി പത്നിമാരെല്ലാം വിശുദ്ധിയുടെ ഉദാത്ത മാതൃകകളായിരുന്നു. ഹസ്റത്ത് ആഇശ(റ)യുമായി ബന്ധപ്പെട്ട് മദീനയിലെ കപടവിശ്വാസികള്‍ ദുരാരോപണമുന്നയിച്ചപ്പോള്‍ നീണ്ട പത്ത് സൂക്തങ്ങളാണ് ആഇശ(റ)യുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ അല്ലാഹു അവതരിപ്പിച്ചത്. തിരുപത്നിക്കെതിരെയുള്ള ആരോപണം നബി(സ്വ)യുടെ വിശുദ്ധ വ്യക്തിത്വത്തിന് മങ്ങലേല്‍പിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചു. 

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ഇത്രമേല്‍ സ്ഥാനം നല്‍കിയ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ) നാം വിശ്വാസികള്‍ക്ക് ആരാണ്? നരക വിമുക്തിയും സ്വര്‍ഗപ്രവേശവും നല്‍കാന്‍ വന്ന ദൂതര്‍ മാത്രമോ? ജീവിതത്തിന്റെ ദിശ നിര്‍ണയിച്ച മാര്‍ഗദര്‍ശി മാത്രമോ? ഇതിനപ്പുറം അല്ലാഹു നമുക്ക് നല്‍കിയ അതിമഹത്തരമായ അനുഗ്രഹം എന്താണ്? ഒരു പ്രത്യേക ശൈലിയിലാണ് അല്ലാഹു ഈ സത്യം അവതരിപ്പിച്ചത്: 'സത്യവിശ്വാസികള്‍ക്ക് അവരില്‍ നിന്ന് തന്നെയുള്ള ദൂതനെ അയക്കുക വഴി അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു.' (വി.ഖു 3:164) 'ലോകര്‍ക്ക് അനുഗ്രഹമായി മാത്രമാണ് നാം താങ്കളെ നിയോഗിച്ചത്.' എന്ന സൂക്തം റസൂല്‍ എന്ന അനുഗ്രഹത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു. ഈ അനുഗ്രഹം അനുഭവിക്കുന്ന നമുക്ക് നബി(സ്വ)യുമായുള്ള ബന്ധം എന്താണ്? 'നബി(സ്വ) സത്യവിശ്വാസികളുമായി സ്വതന്തത്തേക്കാള്‍ ബന്ധപ്പെട്ടിരിക്കുന്നു.' (വി.ഖു, 33:6) സത്യവിശ്വാസി പിതാവ്, മക്കള്‍, ഇഷ്ടജനങ്ങള്‍, സ്വത്ത് എന്നിവയേക്കാള്‍ മാത്രമല്ല സ്വന്തത്തേക്കാള്‍ തന്നെ സത്യവിശ്വാസി സ്നേഹം വച്ചുപുലര്‍ത്തേണ്ടത് നബി(സ്വ)യോടാണ്. ഹസ്രത്ത് ഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സ്വന്തത്തെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ വസ്തുക്കളേക്കാള്‍ താങ്കളാണ് എനിക്ക് പ്രിയപ്പെട്ടവര്‍. നബി(സ്വ) പറഞ്ഞു: 'പറ്റില്ല ഉമര്‍, ഞാന്‍ താങ്കള്‍ക്ക് സ്വന്തത്തേക്കാള്‍ പ്രിയപ്പെട്ടവനാവണം.' ഉമര്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, മറ്റെല്ലാത്തിനേക്കാള്‍, സ്വന്തത്തേക്കാള്‍ തന്നെയും താങ്കള്‍ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവര്‍.' നബി(സ്വ) പ്രതികരിച്ചു: 'ഉമര്‍, ഇപ്പോള്‍ ശരിയായി.' ഈ രീതിയിലുള്ള സ്നേഹബന്ധമാണ് മേല്‍സൂക്തത്തിന്റെ വിധിയെന്ന് തഫ്സീര്‍ ഇബ്നു കസീറില്‍ കാണാം. 

ജീവിതം മുഴുക്കെയും മരണശേഷവും എന്റെ സമുദായം എന്ന മനോവികാരം നബി(സ്വ) സൂക്ഷിച്ചു. ഓരോ സമുദായാംഗത്തെയും നബി(സ്വ) മനസ്സറിഞ്ഞ് സ്നേഹിച്ചു. പ്രത്യുപകാരം പ്രതീക്ഷിക്കാത്ത വിശിഷ്ട സ്നേഹം ആ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഗുണഭോക്താക്കാളാണ് നാം. നമുക്ക് തിരുനബി(സ്വ) മോചനം നല്‍കി. അന്ധതയില്‍ നിന്നും കുടിലതയില്‍ നിന്നും മുക്തി നല്‍കി. ഭൌതിക ജീവിതത്തിന്റെ പ്രയാസങ്ങള്‍ തീര്‍ക്കാനും മറക്കാനും ഉചിതമായ വഴി തുറന്നുതന്നു. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറകള്‍ക്കു വേണ്ടിയും കഷ്ടപ്പെടുമ്പോള്‍ നബി(സ്വ) നമ്മില്‍ നിന്നും പ്രതിഫലമൊന്നും പ്രതീക്ഷിച്ചില്ല. തങ്ങളെ സ്നേഹിക്കണമെന്ന് പഠിപ്പിച്ചതും സ്വലാത്ത് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതും അത് നമുക്ക് പരലോകത്ത് ഗുണകരമാകാന്‍ വേണ്ടിയാണ്. ഇത്ര വിശിഷ്ടമായ സ്നേഹം നമുക്ക് മാതാവോ മക്കളോ പത്നിയോ നല്‍കുന്നുണ്ടോ? പ്രത്യുപകാര ബന്ധിതമായ സ്നേഹബന്ധങ്ങള്‍ക്കപ്പുറം വിശിഷ്ടമായ തരുസ്നേഹത്തിന് പകരം പ്രവാചകാനുരാഗം ഒരു മനോവികാരമാക്കാന്‍ വിശ്വാസിക്ക് കഴിയണം.

സര്‍വശക്തനായ അല്ലാഹു നബി(സ്വ)ക്ക് നല്‍കിയ സ്ഥാനവും സ്നേഹവും സത്യവിശ്വാസിക്ക് നബി(സ്വ)യുടെ മനസ്സിലുള്ള സ്ഥാനവും സ്നേഹവും വിശ്വാസികള്‍ തിരിച്ചറിഞ്ഞു. സ്നേഹം വികാരമായി വളര്‍ന്നപ്പോള്‍ ആദ്യവിശ്വാസികളായ സ്വഹാബിമാര്‍ ജീവന്‍ തങ്ങള്‍ക്ക് സമര്‍പ്പിച്ചു. നബി(സ്വ)യെ വധിക്കാന്‍ ശത്രുക്കള്‍ സംഘടിച്ചെത്തിയപ്പോള്‍ തന്റെ ജീവന്‍ നഷ്ടപ്പെടുമെന്നോര്‍ക്കാതെ അലി(റ) തങ്ങളുടെ വിരിപ്പില്‍ കിടന്ന് നബി(സ്വ)ക്ക് പുറത്തേക്കുള്ള വഴി എളുപ്പമാക്കിക്കൊടുത്തു. ശത്രുക്കള്‍ പിന്തുടരുമെന്നും വധിക്കുമെന്നും ഉറപ്പായിട്ടും അബൂബക്ര്‍(റ) ഹിജ്റയില്‍ തങ്ങളുടെ സഹയാത്രികനും സൌര്‍ഗുഹയില്‍ സഹായിയുമായി. ഉഹ്ദില്‍ തിരുമേനി(സ്വ)ക്കു നേരെയുള്ള നീക്കം നൂറോളം വെട്ടകുളേറ്റ് ത്വല്‍ഹ(റ) പ്രതിരോധിച്ചു.

സ്വഹാബികളുടെ സ്നേഹ പ്രകടനത്തിന്റെ വിവിധ രീതികള്‍ ഹദീസുകളില്‍ കാണാം. തിരുനബി(സ്വ)യുടെ വിശുദ്ധ തുപ്പുനീര് കുടിക്കുക, തിരുകേശം സൂക്ഷിക്കുക, വിയര്‍പ്പ് സൂക്ഷിച്ചു വെക്കുക ഇങ്ങനെയൊക്കെ അവര്‍ സ്നേഹം പ്രകടിപ്പിച്ചു. ഈ രീതി സ്വീകരിക്കാന്‍ അവരോടാരും ആവശ്യപ്പെട്ടതല്ല. സ്നേഹ വികാര പ്രവാഹത്താല്‍ അവര്‍ അങ്ങനെ ചെയ്തു. തിരുമേനി(സ്വ) അനുവാദവും നല്‍കി. 

നബി(സ്വ)  ഭൌതികലോകത്തോട് വിടപറഞ്ഞതിന് ശേഷവും സ്നേഹപ്രകടനം തുടര്‍ന്നു. ഉമര്‍(റ) തങ്ങള്‍ ചെയ്ത സാധാരണ കാര്യങ്ങള്‍ പോലും ചെയ്തുകൊണ്ടിരുന്നു. യാത്രക്കിടയില്‍ തങ്ങള്‍ വിശ്രമിച്ച സ്ഥലമെത്തിയാല്‍ വിശ്രമം ആവശ്യമില്ലെങ്കിലും അവിടെ വിശ്രമിക്കും. തങ്ങള്‍ മൂത്രമൊഴിച്ച സ്ഥലത്ത് ഇരിക്കുക, പ്രയോജനമൊന്നും ചിന്തിക്കാതെ അദ്ദേഹമങ്ങനെ ചെയ്തു. ഇബ്നു ഉമര്‍(റ) നബി(സ്വ)യോടൊപ്പം അന്ത്യവിശ്രമം നടത്താനുള്ള അഭിലാഷം കാരണം സ്വന്തം പുത്രനോട് ആഇശ(റ)യെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ആഗ്രഹം നേടിയെടുത്തു. നബി(സ്വ)യുടെ പൌത്രന്മാരായ ഹസനി(റ)നെയും ഹുസൈനി(റ)നെയും മനം നിറയെ സ്നേഹിക്കുന്നതിലാണ് ചിലര്‍ പ്രവാചകസ്നേഹം കണ്ടത്. അവര്‍ കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അവര്‍ക്ക് സലാം പറയാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയിരുന്നുവെന്ന് അല്‍ ബിദായത്തു വന്നിഹായയില്‍ കാണാം. അവര്‍ യാത്ര ചെയ്യുമ്പോള്‍ ഇബ്നു അബ്ബാസ് (റ) ജീനിച്ചവിട്ടി പിടിച്ചിരുന്നുവത്രെ. അബൂഹുറൈറ(റ)ക്ക് നിറഞ്ഞ കണ്ണോടെയല്ലാതെ ഹസനി(റ)നെ കാണാന്‍ കഴിയുമായിരുന്നില്ല.
 
മദീനയുടെ ഇമാം മാലിക് ബ്നു അനസ്(റ) ചെരുപ്പ് ധരിക്കാതെ മദീനയില്‍ ജീവിച്ചു. തരുനബി(സ്വ)യുടെ വിശുദ്ധ പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ചെരുപ്പ് ധരിക്കാന്‍ ആ പ്രവാചക സ്നേഹിക്ക് കഴിഞ്ഞില്ല. ഖുര്‍ആനിക സൂക്തമോ ഹദീസ് വചനമോ ഒന്നും അതിന് തെളിവായി ഉണ്ടായിരുന്നില്ല. സ്വഹാബിമാര്‍ ചെരുപ്പ് ധരിച്ചോ ഇല്ലയോ എന്നും ആലോചിച്ചല്ല അദ്ദേഹം ആ തീരുമാനമെടുത്തത്. ഹുബ്ബുന്നബിയുടെ തീവ്രത അദ്ദേഹത്തിലുണ്ടാക്കിയ വികാരം അതായിരുന്നു.

പില്‍ക്കാലത്തെ പണ്ഡിതന്‍മാര്‍ നബിവചനങ്ങള്‍ ഹൃദസ്ഥമാക്കുന്നതിലും നബിചരിത്രം രചിക്കുന്നതിലും അഹ്ലുബൈത്തിനെ സ്നേഹിക്കുന്നതിലും തിരുസ്നേഹത്തിന്റെ വഴിതുറന്നു. നബി(സ്വ)യുമായി ബന്ധപ്പെട്ടതെല്ലാം വികാരവായ്പോടെ അനുഭവിച്ചു. റബീഉല്‍ അവ്വലിലെ നബിദിനാഘോഷം നിലവില്‍ വന്നപ്പോള്‍ വിശ്വാസികള്‍  അതിന്റെ പ്രചാരകരായി. മുന്‍മാതൃകയന്വേഷിക്കാതെ കൂട്ടംകൂട്ടമായി മൌലിദ് ആഘോഷിച്ചു, ഹുബ്ബ് വിശ്വാസത്തിന്റെ വികാരപ്രകടനമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. മുന്‍ഗാമികളൊന്നും സ്നേഹപ്രകടനത്തിന്റെ രീതി കണ്ടെത്തിയത് മുന്‍മാതൃകകളെ പിന്‍പറ്റിയായിരുന്നില്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മഹാന്‍മാരായ പണ്ഡിതന്‍മാര്‍ മൌലിദാഘോഷങ്ങളില്‍ ഇമ്പമുള്ള മൌലിദുകളും കാവ്യങ്ങളും രചിക്കുന്നതില്‍ വ്യാപൃതരായി.

നബിദിനാഘോഷത്തെ അനുകൂലിച്ചത് സാധാരണക്കാര്‍ മാത്രമായിരുന്നില്ല. അബൂ ശാമ(റ), ഇമാം ജലാലുദ്ദീന്‍ സ്വുയൂഥി(റ), ഇബ്നു ഹജരില്‍ ഹൈതമി(റ) തുടങ്ങിയ നിരവധി പണ്ഡിതന്‍മാര്‍ മൌലിദാഘോഷത്തെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യന്‍ പണ്ഡിതന്‍മാരായ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി(റ)യും പിതാവ് അബ്ദുര്‍റഹീം ദഹ്ലവി(റ) യും നബിദിനാഘോഷം നടത്തി. മക്കയില്‍ നബിദിനാഘോഷത്തില്‍ പങ്കെടുത്ത രോമാഞ്ചജനകമായ അനുഭവങ്ങള്‍ ശാഹ്വലിയ്യുല്ലാഹി ദ്ദഹ്ലവി (റ) ഫുയൂളുല്‍ ഹറമൈന്‍ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. 

യഥാര്‍ത്ഥത്തില്‍ പ്രവാചക സ്നേഹികളാണെന്ന് അവകാശപ്പെടുന്നവര്‍ മൌലിദാഘോഷത്തിന്റെ കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കിയത് വലിയൊരപമര്യാദയായി. നബി(സ്വ)യുടെ ജന്മത്തിന് യാതൊരു പരിഗണനയും നല്‍കേണ്ടതില്ലേ? സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വാര്‍ഷികങ്ങള്‍ക്കില്ലാത്ത വിലക്ക് നബി(സ്വ)യുടെ ജന്മവാര്‍ഷികത്തിനുണ്ടായത് എങ്ങനെ? 

വിദ്യാഭ്യാസ രംഗത്തും ദഅ്വാ രംഗത്തുമുള്ള പരിഷ്കരണങ്ങള്‍ക്കും പുതിയ രീതികള്‍ക്കും മുന്‍ മാതൃക ആവശ്യമില്ലെങ്കില്‍ വിശ്വാസത്തിന്റെ ഭാഗമായ ഹുബ്ബുന്നബിയുടെ പ്രകടനത്തില്‍ മുന്‍ മാതൃക അന്വേഷിക്കുന്നതിലെ ദുര്‍വാശി എന്തിനാണ്? സത്യമിതാണ്. വിവാദമുണ്ടാക്കുന്നവര്‍ വിദ്യാഭ്യാസത്തിനും ദഅ്വത്തിനും താല്‍പര്യമുണ്ട്. എന്നാല്‍ പ്രവാചക സ്നേഹത്തില്‍ താല്‍പര്യമില്ല.

വിശ്വാസിയുടെ മനം നബി സ്മരണയില്‍ ആനന്ദ നൃത്തമാടുന്ന ദിനമാണ് നബിദിനം. അല്ലെങ്കിലും സലാം ബൈത്തും അശ്റക ബൈത്തും ബുര്‍ദയും അല്ലഫല്‍ അലിഫുമെല്ലാം മനസ്സറിഞ്ഞ് ചൊല്ലുമ്പോള്‍ പിഞ്ചുബാലന്‍മാര്‍ സദസ്സിന് മുന്നില്‍ വന്ന് പ്രവാചകജീവിതത്തിന്റെ വര്‍ണശബളമായ ഏടുകള്‍ മറിക്കുമ്പോള്‍ യാ നബീ സലാം അലൈക് എന്ന് സലാം പറയുന്നത് നബി(സ്വ) അറിയുന്നു എന്ന് മനസ്സില്‍ കരുതുമ്പോള്‍ ഏത് മനസ്സാണ് ഹര്‍ഷപുളകിതമാവാത്തത്?


പുണ്യമദീന




 
ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കും സംസ്കാരത്തിനും കൂടുതല്‍ ശക്തിപകര്‍ന്നു നല്‍കിയ നഗരമാണ് മദീന. പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ ഭൌതിക ശരീരം മറവ് ചെയ്ത സ്ഥലം (റൌളാശരീഫ്) സ്ഥിതിചെയ്യുന്നതും മദീനയില്‍ തന്നെയാണ്. 
പ്രസ്തുത നഗരവും സമീപപ്രദേശവും രണ്ടാം ഹറമായി ഇസ്ലാം കണക്കാക്കുന്നു. ചുരുക്കത്തില്‍ ഹറം എന്ന പേര്‍ മദീനക്കും രേഖപ്പെടുത്തപ്പെട്ട സമീപപ്രദേശങ്ങള്‍ക്കും പറയാറുണ്ട്. അതായത് ഹറം എന്ന പദം മക്കയോടും മദീനയോടും ചേര്‍ന്നുനില്‍ക്കുന്ന ഭൂവിഭാഗത്തിന്റെ പേരാണ്. ഈ പ്രദേശങ്ങള്‍ക്ക് പുറത്ത് അനുവദനീയമായ പല കാര്യങ്ങളും ഇതിനകത്ത് നിഷിദ്ധമാണ്. അമുസ്ലിംകള്‍ക്ക് പ്രവേശനമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

ഹജ്ജ് ; ഒരു ആമുഖം




ഇന്ന് നില നില്‍കുന്ന രീതിയില്‍ ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ ആറാം വര്‍ഷത്തിലാണെന്നാണ് പ്രബല പക്ഷം. നബി(സ) തങ്ങള്‍ പ്രവാചകത്വത്തിന്റെ മുമ്പും മദീനാ പലായനത്തിന്റെ മുമ്പും നിരവധി തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇത് എത്ര പ്രാവശ്യമാണെന്ന് ചരിത്രം വ്യക്തമായും രേഖപ്പെടുത്തിയിട്ടില്ല. മദീനാ പലായനത്തിന് ശേഷം പ്രവാചകന്‍ തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുല്‍ വദാഇന് പുറമെ ഒരു ഹജ്ജും ചെയ്തിട്ടില്ല. 

നിര്‍ബന്ധമാകല്‍

ചില നിബന്ധനകള്‍ ഒത്തുവരുന്നവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍ബന്ധമാകൂ. എത്ര കഴിവുണ്ടായാലും ജീവിതത്തില്‍ ഒരു തവണയേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. 
നിബന്ധനകള്‍
1- പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിയുള്ള മുകല്ലഫ് (ഇസ്ളാമിക കീര്‍ത്തനകള്‍ അനുസരിക്കാനര്‍ഹനായവന്‍) ആയിരിക്കണം. 
2- സ്വതന്ത്രനായിരിക്കണം.
3- ഹജ്ജ് ചെയ്യാന്‍ ശാരീരികമായി കഴിവുള്ളവനായിരിക്കണം.
4- മക്കയില്‍ പോയി തിരിച്ച് വരുന്നത് വരെയുള്ള ഭക്ഷണം, വാഹനത്തിന്റെ ചെലവ്, സേവകന്‍ കൂടെ ആവശ്യമെങ്കില്‍ അവന്റെ യാത്രാക്കൂലി, ഭക്ഷണം, തിരിച്ച് വരുന്നത് വരെ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ഭക്ഷണം, വസ്ത്രം, ശരീരത്തിനും സമ്പത്തിനും പരിപൂര്‍ണ്ണ സുരക്ഷിതമായ വഴി (കപ്പല്‍ യാത്രക്കാരനാണെങ്കില്‍ കരപറ്റുമെന്ന ധാരണ)
5- ഹജ്ജിന് വേണ്ടി പുറപ്പെടുന്ന സ്ത്രീക്ക് അവളുടെ കൂടെ വിവാഹ ബന്ധം ഹറാമായ ഒരുത്തന്‍ (ഭര്‍ത്താവ്, വിശ്വാസ യോഗ്യരായ ഒരു പറ്റം സ്ത്രീകള്‍) അനിവാര്യമാണ്. 
മേലുദ്ധരിച്ച സൌകര്യങ്ങള്‍ മഴുവന്‍ ഒത്തുകൂടിയ ഒരുത്തന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹജ്ജ് നിര്‍ബന്ധമായിത്തീരുന്നത്. 

നിര്‍ബന്ധഘടകങ്ങള്‍ 

ഹജ്ജിന് ആറ് ഘടകങ്ങളാണുള്ളത്. 
1- ഇഹ്റാം- ഹജ്ജില്‍ പ്രവേശിക്കുന്നതിന് സാങ്കേതികമായി ഇഹ്റാം എന്ന് പറയപ്പെടുന്നു.
2- അറഫയില്‍ നില്‍ക്കല്‍- ദുല്‍ഹിജ്ജ 9ന് ഉച്ചയുടെയും 10ന് സുബഹിയുടെയും ഇടയില്‍ അറഫാമൈതാനിയിലാണ് നില്‍ക്കേണ്ടത്. ഇത് ഒരു സെക്കന്റായാലും കുഴപ്പമില്ല. 
3- ത്വവാഫുല്‍ ഇഫാളത്ത്- ഹജ്ജിന്റെ പ്രധാന ഇനമായ ഈ ത്വവാഫ് ദുല്‍ഹിജ്ജ 10ന് ആണ് നിര്‍വ്വഹിക്കേണ്ടത്. 
4-സ്വഫാ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടല്‍.. ഇത് സ്വഫയില്‍ നിന്ന് തുടങ്ങി മര്‍വ്വയില്‍ അവസാനിപ്പിക്കണം. 
5- തലമുടി നീക്കം ചെയ്യല്‍- മൂന്ന് മുടി നീക്കം ചെയ്യല്‍. 
6- ഇവ ക്രമത്തില്‍ കൊണ്ടുവരല്‍ (ഇഹ്റാം, അറഫയില്‍ നില്‍ക്കല്‍, മുടി കളയല്‍, ഥ്വവാഫ് ചെയ്യല്‍, സ്വഫാ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ ഓടല്‍. ഇതാണ് നബിയില്‍ നിന്ന് അറിയപ്പെട്ട ക്രമം.) 
ഹജ്ജും ഉംറയും ഒരുമിച്ച് ചെയ്യുമ്പോള്‍ മൂന്ന് രീതിയില്‍ നിര്‍വ്വഹിക്കാം. 
1- ഇഫ്റാദ്- ആദ്യം ഹജ്ജും പിന്നെ ഉംറയും നിര്‍വ്വഹിക്കുന്ന രീതിയാണ് ഇത്. 
2- തമത്തുഅ്- ആദ്യം ഉംറയും പിന്നെ ഹജ്ജും നിര്‍വ്വഹിക്കുന്ന രീതിയാണ് ഇത്.
3- ഖിറാന്‍- ഈ രീതിയില്‍ ഹജ്ജിനും ഉംറക്കും വേണ്ടി ഒറ്റ ഇഹ്റാം ചെയ്യുന്നു. 

ഥ്വവാഫിന്റെ നിബന്ധനകള്‍

ആറ് നിബന്ധനകളാണ് ഥ്വവാഫിനുള്ളത്;
1- ശുദ്ധിയുള്ളവനായിരിക്കുക 
2- ഔറത്ത് മറക്കുക
3- ത്വവാഫിന്റെ ഉദ്ദേശ്യത്തോടെ( )യായിരിക്കുക
4- ഹജറുല്‍ അസ്വദിന്റെ ഭാഗത്തു നിന്ന് തുടങ്ങുക.
5- കഅ്ബയെ അവന്റെ ഇടത് വശത്താക്കുക.
6- ഏഴ് പ്രാവശ്യം ത്വവാഫ് നിര്‍വ്വഹിക്കുക.

ഹജ്ജിന്റെ ബാധ്യതകള്‍ ()

ഹജ്ജിന്റെ വാജിബാത്തുകള്‍ അഞ്ചെണ്ണമാണ്;
1- മീഖാത്തില്‍നിന്ന് ഇഹ്റാം കെട്ടല്‍: മീഖാത്ത് ദിശയനുസരിച്ച് വ്യത്യാസപ്പെടും. മക്കയില്‍ നിന്ന് നിശ്ചിത പരിധിക്കപ്പുറത്ത് നിര്‍മ്മിതമായ ഓരോ പ്രദേശങ്ങളെയാണ് മീഖാത്ത് എന്ന് വിളിക്കുന്നത്. ഈ പ്രദേശങ്ങള്‍ക്കുള്ളില്‍ നിന്ന് ഇഹ്റാം ചെയ്യാന്‍ പാടില്ല. വിവിധ ദിശകളില്‍ നിന്ന് വരുന്നവര്‍ക്ക് വ്യത്യസ്ഥ മീഖാത്താണുള്ളത്. 
2- ദുല്‍ഹിജ്ജ 10ന്റെ രാത്രിയുടെ അവസാന പകുതിയില്‍ ഒരു മണിക്കൂറെങ്കിലും മുസ്ദലിഫയില്‍ നില്‍ക്കല്‍
3- മിനായില്‍ രാപാര്‍ക്കല്‍ (അയ്യാമുത്തശ്രീഖിന്റെ രാത്രികളില്‍)
4- വിടവാങ്ങല്‍ ത്വവാഫ് ചെയ്യല്‍: മക്കയുമായി വിടപറയുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാവുന്നത്.
5- ജംറയിലേക്ക് എറിയല്‍: ജംറതുല്‍ അഖബയിലേക്ക് ദുല്‍ഹിജ്ജ 10ന്റെ ഉച്ചക്ക് ശേഷം ഏഴ് പ്രാവശ്യം എറിയുക. ബാക്കിയുള്ള ജംറകളിലേക്ക് 11, 12, 13 എന്നീ ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം ഏഴ് പ്രാവശ്യവും എറിയണം. ജംറകള്‍ക്കിടയില്‍ ക്രമം പാലിക്കേണ്ടതുണ്ട്. 
ഈ നിര്‍ബന്ധങ്ങള്‍ക്കിടയില്‍ നിന്ന് വല്ലതും നഷ്ടപ്പെട്ടാല്‍ 'ദമ്'(അറവ്) കൊണ്ട് പരിഹരിക്കപ്പെടുന്നതാണ്.

സുന്നത്തുകള്‍

ഇഹ്റാമിന് തൊട്ട് മുമ്പ് സുഗന്ധം പൂശല്‍, കുളിക്കല്‍ തുടങ്ങി നിരവധി സുന്നത്തുകള്‍ ഹജ്ജിനുണ്ട്. 
മക്കയില്‍ വന്നാലുള്ള ത്വവാഫ്(), സഅ്യ് ഇവയല്ലാത്തതിലൊക്കെ തല്‍ബിയത് ചൊല്ലല്‍ സുന്നത്താണ്(). ഇത് മൂന്ന് പ്രാവശ്യം ചൊല്ലിയതിന് ശേഷം നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍, സ്വര്‍ഗ്ഗ പ്രവേശത്തെ ചോദിക്കല്‍, നരകത്തില്‍ നിന്ന് കാവല്‍ ചോദിക്കല്‍ എന്നിവ സുന്നത്താണ്. 
ഹജ്ജില്‍ പ്രവേശിക്കല്‍(ഇഹ്റാം) കൊണ്ട് നിശിദ്ധമാകുന്ന കാര്യങ്ങള്‍ 
ലൈംഗികമായി ഭാര്യഭര്‍ത്താക്കന്മാര്‍ ബന്ധപ്പെടല്‍, ചുംബിക്കല്‍, ഇന്ദ്രിയം സ്കലിപ്പിക്കല്‍, വിവാഹം കഴിക്കല്‍, വിവാഹം ചെയ്ത് കൊടുക്കല്‍, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കല്‍, തലയില്‍ എണ്ണപുരട്ടല്‍, മുടി നീക്കം ചെയ്യല്‍, നഖം മുറിക്കല്‍, പുരുഷന് തല മറക്കല്‍, സ്ത്രീക്ക് മുഖം മറക്കല്‍, അകാരണമായി വസ്ത്രങ്ങള്‍ ചുറ്റി ധരിക്കല്‍ തുടങ്ങിയവെ ഹജ്ജില്‍ പ്രവേശിക്കലിനാല്‍ നിശിദ്ധമായി തീരുന്നതാണ്.

പരിഹാരം ()

ഇഹ്റാം കൊണ്ട് നിഅറവ് ()
നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന് വല്ലതും ഉപേക്ഷിക്കുമ്പോഴാണ് ദമ് നിര്‍ബന്ധമാവുന്നത്. ഒരു ആടിനെ അറുക്കുക, അതല്ലെങ്കില്‍ നഹറിന്റെ മുമ്പ് മൂന്ന് നോമ്പും നാട്ടിലെത്തിയതിന് ശേഷം ഏഴ് നോമ്പും അനുഷ്ടിക്കുക. ഭാര്യയുമായി ബന്ധപ്പെട്ട് ഹജ്ജിന് ഭംഗം വരുത്തിയവന്‍ ഒരു ഒട്ടകത്തെ അറുക്കണം. ഇതിനവന്‍ അശക്തനാണെങ്കില്‍ ഏഴ് ആടിനെയാണ് അറുക്കേണ്ടത്.
ഉംറ()
ഹജ്ജ് കര്‍മ്മത്തെപ്പോലെ ഓരോ മുസ്ളിമിനും നിര്‍ബന്ധമായ ഒരു കര്‍മ്മമാണ് ഉംറ. ഇത് കൊണ്ട് ലക്ഷീകരിക്കപ്പെടുന്നതും ചില പ്രത്യേക കര്‍മ്മങ്ങള്‍ക്കായി കഅ്ബയെ ഉദ്ധേശിക്കുക എന്നുള്ളത് തന്നെയാണ്. അറഫയില്‍ നില്‍ക്കുക എന്ന ഘടകം () ഒഴിച്ച് ഹജ്ജിലെ ബാക്കിമുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉംറയിലും നിര്‍ബന്ധമാണ്. 
സിയാറത്ത് ()
നബി(സ), അബൂബക്ര്‍ സിദ്ദീഖ്(റ), ഉമര്‍(റ), എന്നിവരുടെയും മറ്റു ചില സ്വഹാബാക്കളുടെയും ഖബ്ര്‍ സന്ദര്‍ശിക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷീകരിക്കപ്പെടുന്നത്. നിര്‍ബന്ധമല്ലെങ്കിലും ഹജ്ജിനോട് അനുബന്ധമായി ഇതും നിര്‍വ്വഹിക്കല്‍ ശക്തമായ സുന്നത്താണെന്ന് പ്രമുഖ പണ്ഢിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസുകളെക്കൊണ്ടും സ്വഹാബാക്കളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്ഥിരീകരിക്കപ്പെട്ടതാണ് തദ് കര്‍മ്മം. പ്രവാചകര്‍(സ) ജീവിച്ചിരിക്കുമ്പോള്‍ ദര്‍ശിക്കാന്‍ സൌഭാഗ്യമില്ലാത്ത പിന്‍ഗമികള്‍ക്ക് അവിടത്തെ ഖബ്ര്‍ സന്ദര്‍ശനം നടത്തിയുള്ള പുണ്യം തേടല്‍ അനിവാര്യമാണ്. ഒരു യതാര്‍ത്ഥ വിശ്വാസിക്ക് എങ്ങനെയാണ് ലോകാനുഗ്രഹി അന്ത്യ വിശ്രമം ചെയ്യുന്ന ആ ഭവനം സന്ദര്‍ശിക്കാതെ തിരിച്ച് പോവാന്‍ കഴിയും?.
ഹജ്ജില്‍ നിന്ന് വിരമിക്കല്‍ ( )
സഅ്യ്, ജംറക്കുള്ള ഏറ്, മുടി കളയല്‍ ഇവയില്‍ രണ്െടണ്ണം ചെയ്ത് കഴിഞ്ഞാല്‍ ഭാര്യയുമായി ബന്ധപ്പെടലല്ലാത്തത് മുഴുവന്‍ അനുവദനീയമാവും. മൂന്നും ചെയ്യലോട് കൂടി എല്ലാം അനുവദനീയമാവുകയും ഹജ്ജ് കര്‍മ്മത്തില്‍ നിന്ന് വിരമിക്കുകയും ചെയ്യും. 

Saturday, August 17, 2013

സ്വാതന്ത്ര്യസമരത്തില്‍ മുസ് ലിംകളുടെ പങ്ക്





ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധിനിവേശിക്കുമ്പോള്‍ മുസ്്‌ലിംകളായിരുന്നു ഇവിടത്തെ ഭരണാധികാരികള്‍. മുസ്്‌ലിം ഭരണകൂടങ്ങളെ തോല്‍പിച്ചാണ്, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ചത്. സ്വാഭാവികമായും ബ്രിട്ടീഷ് ഭരണം ഹിന്ദുക്കളെക്കാള്‍ മുസ്്‌ലിംകളെയാണ് പ്രകോപിപ്പിച്ചത്. മാത്രമല്ല, ഇന്ത്യയിലെ ബ്രിട്ടീഷ് നയം തുടക്കം മുതലേ ഹിന്ദു അനുകൂലവും മുസ്്‌ലിം വിരുദ്ധവുമായിരുന്നു. ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തെ പ്രീണനത്തിലൂടെ വശത്താക്കുകയും മുസ്്‌ലിംകളെ ബോധപൂര്‍വം അവഗണിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രസ്തുത നയത്തിന്റെ കാതല്‍. ഹിന്ദുക്കളെ സംബന്ധിച്ചേടത്തോളം വിദേശ ഭരണംകൊണ്ട് കൂടുതലൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. മുഗളരുടെ സ്ഥാനത്ത് ബ്രിട്ടീഷുകാര്‍-അത്രമാത്രം. മുസ്്‌ലിം ഭരണകാലത്ത് പേര്‍ഷ്യന്‍ ഭാഷ പഠിച്ച് ഭരണത്തില്‍ പങ്കാളികളായ ഹിന്ദുക്കള്‍ ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷ പഠിച്ച് ബ്രിട്ടീഷ് ഭരണത്തിലും പങ്കാളികളായി. എന്നാല്‍ മുസ്്‌ലിംകളുടെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക-മതരംഗങ്ങളിലെല്ലാം ഇംഗ്ലീഷ് ഭരണം ആഘാതങ്ങള്‍ വരുത്തിവെച്ചു. അവരുടെ വിശ്വാസം പോലും ചോദ്യം ചെയ്യപ്പെട്ടു.
മുഗളരോടും ഇസ്്‌ലാമിനോടുമുള്ള വിരോധം മൂലം മുസ്്‌ലിംകളുടെ ശക്തി ക്ഷയിപ്പിക്കാന്‍ ഇംഗ്ലീഷുകാര്‍ ബോധപൂര്‍വം തന്നെ ശ്രമിച്ചിരുന്നു. ഇതിന്റെയൊക്കെ ഫലമായി, ഇന്ത്യയില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ആദ്യമായി രംഗത്തുവന്നതും ബഹുജന പ്രസ്ഥാനം കെട്ടിപ്പടുത്തതും മുസ്്‌ലിംകളായിരുന്നു.
    മുഗള്‍ ഭരണത്തിന്റെ പതനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ മുസ്്‌ലിംകളെ ഗ്രസിച്ച സാംസ്‌കാരിക ജീര്‍ണതകളില്‍നിന്ന് കരകയറാന്‍ അവരെ പ്രാപ്തരാക്കുന്നതിന് ധിഷണാപരമായ അടിത്തറ നല്‍കിയ മഹാനാണ് പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഷാ വലിയ്യുല്ലാഹിദ്ദഹ്്‌ലവി.    പില്‍ക്കാലത്ത് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ദൃശ്യമായ വിദ്യാഭ്യാസ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പരിഷ്‌കരണ സംരംഭങ്ങള്‍ക്കെന്നപോലെ ഇന്ത്യന്‍ മുസ്്‌ലിംകളുടെ സ്വാതന്ത്ര്യപോരാട്ടങ്ങളുടെയും മുഖ്യപ്രചോദനം ഷാ വലിയ്യുല്ലായുടെ ചിന്തകളായിരുന്നു.
    വലിയ്യുല്ലാഹിയുടെ മരണശേഷം ഇമാമുല്‍ ഹിന്ദ് പദവിയിലേക്കുയര്‍ന്ന മൂത്ത പുത്രന്‍ ഷാ അബ്്ദുല്‍ അസീസ് ദഹ്്‌ലവി ഇന്ത്യ ദാറുല്‍ ഹര്‍ബ് (യുദ്ധഭൂമി) ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ നീക്കത്തിന് തുടക്കമിട്ടു. ബ്രിട്ടീഷുകാരെ മനസാ വെറുത്ത് കഴിയുകയായിരുന്ന മുസ്്‌ലിംകള്‍ക്ക് ദഹ്്‌ലവിയുടെ ഫത്‌വ ഒരു വിശുദ്ധ സമരം തുടങ്ങുന്നതിനുള്ള അനുമതി പത്രം കൂടിയായി. ഷാ അബ്്ദുല്‍ അസീസിന്റെ ശിഷ്യന്‍ സയ്യിദ അഹ്്മദ് സ്ഥാപിച്ച മാജാഹിദീന്‍ പ്രസ്ഥാനം സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ മുസ്്‌ലിംകളുടെ ആദ്യത്തെ ബഹുജന പ്രസ്ഥാനമായിരുന്നു. സയ്യിദ അഹ്്മദിന്റെ ജിഹാദ് പ്രത്യക്ഷത്തില്‍ ബ്രിട്ടീഷുകരുടെ സഹകാരികളായിരുന്ന സിക്കുകാര്‍ക്കെതിരായിരുന്നുവെങ്കിലും അതിന്റെ യഥാര്‍ഥ ഉന്നം ബ്രിട്ടീഷുകാരായിരുന്നു എന്നതില്‍ തര്‍ക്കമില്ല. സിക്കു വിരുദ്ധ നീക്കത്തിനിടയില്‍ സയ്യിദ് അഹ്്മദ് ശഹീദും തന്റെ വലംകൈയായ ഷാ ഇസ്്മാഈല്‍ ശഹീദും രക്തസാക്ഷികളായെങ്കിലും അവരുടെ അനുയായികള്‍ പിന്നീട് പൂര്‍ണമായും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരഞ്ഞു. അവരില്‍ പ്രധാനികളായിരുന്നു ബിഹാറിലെ സാദിഖ്പൂര്‍ കുടുംബത്തില്‍പെട്ട മൗലാനാ ഇനായത് അലിയും വിലായത് അലിയും.' അവിശ്വാസികളായ ബ്രിട്ടീഷുകാര്‍ക്കെതിരെ ഓന്നിക്കല്‍ ഓരോ മുസല്‍മാന്റെയും കര്‍ത്തവ്യമാണ്. അതിന് കഴിയാത്തവര്‍ രാജ്യത്തുനിന്ന് പലായനം ചെയ്യട്ടെ. അല്ലാത്തവര്‍ വികാരത്തിന്റെ അടിമകളാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കട്ടെ ' എന്ന അവരുടെ പ്രഖ്യാപനം ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതികാരവാഞ്ഛയെ ഇളക്കിവിട്ടു. (ഞമാ ഏീുമഹകിറശമി ങൗഹെശാ:െ അ ജീഹശശേരമഹ ഒശേെീൃ്യ, ു.24). സഹോദരന്‍മാരായ വിലായത് അലിയും ഇനായത് അലിയും മരണംവരെ മുജാഹിദീന്‍ പ്രസ്ഥാനത്തെ നയിക്കുകയും പഞ്ചാബിലും അതിര്‍ത്തിയിലും നിരവധി വര്‍ഷങ്ങളോളം ഇംഗ്ലീഷുകാര്‍ക്കെതിരില്‍ ചെറുത്തുനില്‍ക്കുകയും ചെയ്തു.
    മൗലവി ശരീഅതുല്ലായും പുത്രന്‍ ദാതുമിയാനും നയിച്ച ബംഗാളിലെ ഫറാഇദീ പ്രസ്ഥാനവും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വിശുദ്ധ യുദ്ധമായിരുന്നു. ബ്രിട്ടീഷ്-ജന്‍മി കൂട്ടുകെട്ടിനെതിരെ സംഘടിപ്പിക്കപ്പെട്ട ഈ സമരം മലബാര്‍ സമരത്തെപ്പോലെ കാര്‍ഷിക പ്രശ്‌നങ്ങളില്‍നിന്നാണുദ്ഭവിച്ചത്. കാര്‍ഷകരെ ഉപദ്രവിച്ച ഹിന്ദു-മുസ്്‌ലിം ജന്‍മിമാരെ മതഭേദം കൂടാതെ അവര്‍ ആക്രമിച്ചു. ബ്രിട്ടീഷ് ഭരണത്തോട് വിരോധമുള്ള ഹിന്ദുക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും ഫറാഇദീ പ്രസ്ഥാനത്തെ സഹായിച്ചുരുന്നു. ഓട്ടേറെ ജന്‍മിമാരും ബ്രിട്ടീഷുദ്യോഗസ്ഥരും ഫറാഇദികളുടെ ആക്രമണത്തിന് വിധേയരായി. കിഴക്കന്‍ ബംഗാളില്‍ നാസ്വിര്‍ അലി നയിച്ച ജന്‍മി വിരുദ്ധ സമരവും ബ്രിട്ടീഷ് വിരുദ്ധമായിരുന്നു.
    മുസ്്‌ലിംകളെ ബ്രിട്ടീഷുകാര്‍ വളരെ കരുതലോടെയാണ് വീക്ഷിച്ചത്. സയ്യിദ് അഹ്്മദിന്റെ മുജാഹിദീന്‍ പ്രസ്ഥാനവുമായി സഹകരിച്ചവരെ പിടികൂടുകയും നിരവധി പേരെ തൂക്കിലേറ്റുകയും ചെയ്തു. അനേകം പേരെ വിവിധ പ്രദേശങ്ങളിലേക്ക് നാടു കടത്തി. ധാരാളം പ്രവര്‍ത്തകര്‍ ഇങ്ങനെ അന്തമാന്‍ ദ്വീപുകളിലുമെത്തി. ഇതെല്ലാം മുസ്്‌ലിംകളില്‍ കൂടുതല്‍ പകയും വിദ്വേഷവും സൃഷ്ടിച്ചു. 1871-ല്‍ ബംഗാള്‍ ചീഫ് ജസ്റ്റിസ് ജോണ്‍ പാക്സ്റ്റന്‍ നോര്‍മാനെ മുജാഹിദ് പ്രവര്‍ത്തകര്‍ വധിച്ചു. അതേവര്‍ഷം അന്തമാനില്‍ സന്ദര്‍ശനം നടത്തിയിരുന്ന വൈസ്രോയി മേയോവിനെ ശേര്‍ അലി എന്ന മറ്റൊരു മുജാഹിദ് പ്രവര്‍ത്തകനും വധിച്ചു.
    ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം സൃഷ്ടിച്ചതും മുസ്്‌ലിംകളായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഹൈദര്‍ അലിയുടെയും ടിപ്പുസുല്‍ത്വന്റെയും നേതൃത്വത്തിലുള്ള മൈസൂറും പിന്നീട് മലബാറിലെ മുസ്്‌ലിം മാപ്പിളമാരും ബ്രിട്ടീഷുകാരുടെ കോളനി വ്യാപനത്തിനെതിരെ ദീര്‍ഘമായ ചെറുത്തുനില്‍പ് നടത്തി. 1767-നും 1799-നുമിടയില്‍ മൈസൂറുമായി നാല് യുദ്ധങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് നടത്തേണ്ടിവന്നു.
    1857-ലെ കലാപത്തില്‍ മുഖ്യ പങ്ക് മുസ്്‌ലിംകളുടെതായിരുന്നു. ഇന്ത്യയിലെ പണ്ഡിതരും സ്വൂഫികളും അവരോടൊപ്പം ഭൂരിപക്ഷം മുസ്്‌ലിം ഭരണാധിപന്‍മാരും ഒരുമിച്ച് നടത്തിയ മുന്നേറ്റമായിരുന്നു അത്. അവരോടൊപ്പം ബ്രിട്ടീഷ് നീതിയില്‍ വിശ്വാസം നശിച്ച ഹിന്ദു ഭരണാധികാരികളും പ്രജകളും അതില്‍ പങ്കുചേര്‍ന്നു. മുഗള്‍ ഭരണത്തിന്റെ പുനരുത്ഥാനമായിരുന്നു കലാപകാരികളുടെ ലക്ഷ്യം. കലാപത്തില്‍ മുസ്്‌ലിം ശിപായിമാരെയും ബഹുജനങ്ങളെയും രംഗത്തിറക്കിയത് ഫൈദാബാദ് മൗലവി എന്ന പേരില്‍ അറിയപ്പെട്ട മൗലവി അഹ്്മദുല്ലയുടെയും ദല്‍ഹിയിലെ പണ്ഡിത വര്യനായ ഫദ്‌ലുല്‍ ഹഖ്ഖ് ഖൈറാബാദിയുടെ ഫത്‌വകളായിരുന്നു. ലഖ്‌നൗ ആസ്ഥാനമാക്കി ഹിന്ദുക്കളും മുസ്്‌ലിംകളുമടങ്ങുന്ന വലിയൊരു സൈന്യത്തെ സംഘടിപ്പിച്ച് ഫൈദാബാദ് മൗലവി പല സ്ഥലങ്ങളിലും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി. മൗലവിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് ബ്രിട്ടീഷുകാര്‍ 50,000 രൂപ ഇനാം പ്രഖ്യാപിച്ചു. ഒരു ഹിന്ദു നാടുവാഴി മൗലവിയുടെ തലയറുത്ത് മജിസ്‌ട്രേറ്റിന് കാഴ്ചവെച്ചുകൊണ്ട് പ്രസ്തുത ഇനാം കരസ്ഥമാക്കി. കലാപകാരികളില്‍ ജിഹാദീ ആവേശം ഉത്തേജിപ്പിച്ച മൗലാനാ ഫദ്‌ലുല്‍ ഹഖ്ഖ് ഖൈറാബാദി ദല്‍ഹിയില്‍ ഒരു പണ്ഡിത സമ്മേളനം വിളിച്ചുകൂട്ടി. ബ്രിട്ടീഷുകാര്‍ക്കെതിരെ ഓരോ മുസ്്‌ലിമും ആയുധമണിയണമെന്ന് സമ്മേളനം സംയുക്ത ഫത്‌വയിറക്കി. മൗലാനാ ഇംദാദുല്ലാ, അബ്്ദുല്‍ ജലീല്‍, ലിയാഖത് അലി, മുഹമ്മദ് ഖാസിം നാനൂതവി, റശീദ് അഹ്്മദ് ഗങ്കോഹി, പീര്‍ അലി, ഗുലാം ഹുസൈന്‍ തുടങ്ങിയ ഒട്ടേറെ പണ്ഡിതന്‍മാര്‍ 1857-ലെ കലാപത്തിന് നായകത്വം വഹിച്ചിരുന്നു. അവധിലെ ബീഗം ഹദ്്‌റത് മഹല്‍ എന്ന ധീരവനിത നാനാ സ്വാഹിബിനോടൊപ്പം തന്റെ സൈന്യത്തിന് നേതൃത്വം നല്‍കി. വിപ്ലവം പരാജയപ്പെട്ടപ്പോള്‍ അവര്‍ നേപ്പാളിലേക്ക് രക്ഷപ്പെട്ടു. അവിടെവച്ചായിരുന്നു അവരുടെ അന്ത്യവും. 1857-ലെ വിപ്ലവത്തില്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ഥാന ഭവന്‍ വിപ്ലവം. പൂര്‍ണമായും പണ്ഡിതന്‍മാരും ഇംഗ്ലീഷ് പട്ടാളവും തമ്മില്‍ നടന്ന ഒരു സംഘട്ടനമായിരുന്നു അത്. അഹ്്മദ് ശഹീദിന്റെയും ഷാ വലിയ്യുല്ലായുടെയും അനുയായികളായിരുന്ന ഈ പണ്ഡിതന്മാരുടെ സര്‍വസൈന്യാധിപന്‍ ഇംദാദുല്ലാ മുഹാജിര്‍ മക്കിയായിരുന്നു. ജനറല്‍ കമാന്ററായി മുഹമ്മദ് ഖാസിം നാനൂതവിയും ഉണ്ടായിരുന്നു. റശീദ് അഹ്്മദ് ഗങ്കോഹി ജഡ്ജിയായും മൗലാനാ മുഹമ്മദ് മനീര്‍ നാനൂതവി, ഹാഫിള് ദാമിന്‍ എന്നിവര്‍ ഇടത്-വലത് സൈനിക വ്യൂഹങ്ങളുടെ നായകന്‍മാരായും നിലകൊണ്ടു. ജനസ്വീകാര്യതയുള്ള പണ്ഡിതന്മാരുടെ നേരിട്ടുള്ള നേതൃത്വം ജനങ്ങളെ ആവേശഭരിതരാക്കി. ദയൂബന്ദിനടുത്തുള്ള മുളഫ്ഫര്‍ നഗറില്‍പെട്ട ഥാന ഭവനിലാണ് ആദ്യമായി വിപ്ലവം അരങ്ങേറിയത്. ഥാന ഭവനും പരിസരങ്ങളും പിടിച്ചടക്കിയ അവര്‍ വിപ്ലവ ഗവണ്‍മെന്റ് സ്ഥാപിച്ച് ഭരണം തുടങ്ങി. വൈകാതെ സഹാറന്‍പൂരില്‍നിന്ന് ഇംഗ്ലീഷ് സേന പീരങ്കികളുമായി പാഞ്ഞെത്തി. നാടന്‍ തോക്കുകളുമായി അവരെ മുഖാമുഖം നേരിടുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലാക്കിയ മൗലാനാ റശീദ് അഹ്്മദ് ഗങ്കോഹിയും സംഘവും പതിയിരുന്ന് ബ്രിട്ടീഷ് സേനയെ ആക്രമിച്ചു. ഓര്‍ക്കാപുറത്തുള്ള ആക്രമണത്തില്‍ നലതെറ്റിയ ബ്രിട്ടീഷ് സൈന്യം പീരങ്കികളും മറ്റും വഴിയിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിപ്ലവകാരികള്‍ അവ കൈക്കലാക്കി. സംഭവം വിപ്ലവകാരികളില്‍ ആവേശം പകര്‍ന്നു. പക്ഷേ, വീണ്ടും വിദേശ സേന പൂര്‍വാധികം സന്നാഹങ്ങളോടെ തിരിച്ചുവന്നു. ഘോരയുദ്ധം നടന്നു. മുഹമ്മദ് ദാമിന്‍ രക്തസാക്ഷിയായി. എങ്കിലും വിപ്ലവകാരികള്‍ ഉറച്ചുപൊരുതി. പക്ഷേ, ദല്‍ഹിയിലും മറ്റും വിപ്ലവം പരാജയപ്പെട്ടതോടെ ഥാന ഭവനിലും മനോധൈര്യം തകര്‍ന്നു. രക്ഷപ്പെടുകയല്ലാതെ മാര്‍ഗമുണ്ടായില്ല. ഇംദാദുല്ലാ മക്കഃയിലേക്ക് രക്ഷപ്പെട്ടു. മൗലാനാ റശീദ് അഹ്്മദ് ഗങ്കോഹിയും ഖാസിം നാനൂതവിയും തടവിലായി പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ വിട്ടയയ്ക്കപ്പെട്ട ഖാസിം നാനൂത്വവി അജ്ഞാതവാസം വരിച്ചു.
    വളരെ പണിപ്പെട്ടാണ് ബ്രിട്ടീഷുകാര്‍ ദല്‍ഹിയിലും മറ്റും കലാപം അടിച്ചമര്‍ത്തിയത്. എങ്കിലും മുസ്്‌ലിംകളുടെ സ്വാതന്ത്ര്യവാഞ്ഛയെ അത് തെല്ലും ശമിപ്പിച്ചില്ല. അവസരം കിട്ടുമ്പോഴൊക്കെ അത് വീണ്ടും അണപൊട്ടി ഓഴുകി.
    ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍കിയുടെയും മറ്റും സഹായത്തോടെ ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് മോചിപ്പിക്കാനായി ദയൂബന്ദ് പണ്ഡിതനായ ശൈഖ് മഹ്്മൂദുല്‍ ഹസനും ശിഷ്യന്‍ ഉബൈദുല്ലാ സിന്ധിയും നടത്തിയ സാഹസിക വിപ്ലവം സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്്മരണീയമായ അധ്യായങ്ങളിലൊന്നാണ്. വ്യക്തമായ ആസൂത്രണത്തോടുകൂടിയുള്ളതായിരുന്നു ശൈഖ് മഹ്്മൂദുല്‍ ഹസന്റെ വിപ്ലവ പദ്ധതികള്‍. വടക്കു പടിഞ്ഞാറേ അതിര്‍ത്തിയിലെ രണശൂരരായ സ്വതന്ത്ര ഗോത്രങ്ങളെ സംഘടിപ്പിച്ച് അവരില്‍ സമരാവേശം വളര്‍ത്താനാണ് അദ്ദേഹം ആദ്യമായി ശ്രമിച്ചത്. അതിനായി ദയൂബന്ദിലെ തന്റെ ശിഷ്യന്‍മാരില്‍നിന്ന് പ്രഗല്‍ഭരായ ചിലരെ തിരഞ്ഞെടുത്ത് രഹസ്യമായി അവിടങ്ങളില്‍ നിയോഗിച്ചു. അവര്‍ അതിര്‍ത്തി ഗോത്രക്കാരില്‍ സമരാവേശം ജനിപ്പിച്ച് അവരെ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ യുദ്ധ സജ്ജരാക്കി. ലോകയുദ്ധം ആരംഭിച്ചപ്പോള്‍ അവരില്‍നിന്ന് ബ്രിട്ടീഷ് സൈനികര്‍ക്ക് വമ്പിച്ച നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. തന്റെ വിപ്ലവത്തിന് പിന്തുണ നേടാനായി മഹ്്മൂദുല്‍ ഹസന്‍ ശിഷ്യന്‍ ഉബൈദുല്ലാ സിന്ധിയെ അഫ്്ഗാനിസ്്താനിലേക്കയച്ചു. അവിടത്തെ ഭരണാധികാരിയായിരുന്ന അമീര്‍ ഹബീബുല്ലാ ഖാനെ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഉറപ്പിച്ചുനിര്‍ത്തുക, തുര്‍കി, ജര്‍മനി തുടങ്ങിയ വിദേശ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട്്, അതിര്‍ത്തികളില്‍ പൊരുതുന്ന ഗോത്രങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിക്കുക തുടങ്ങിയവയായിരുന്നു ഉബൈദുല്ലായെ ഏല്‍പിച്ച ദൗത്യം. 1915 ആഗസ്ത് 15-ന് കാബൂളിലെത്തിയ ഉബൈദുല്ലാ രാജാ മഹേന്ദ്ര പ്രതാപിന്റെ നേതൃത്വത്തില്‍ അവിടെ വിപ്രവാസ ഗവണ്‍മെന്റ് രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മഹ്്മൂദുല്‍ ഹസന്റെ വിപ്ലവലക്ഷ്യത്തെ സമ്പൂര്‍ണതയിലെത്തിക്കുകയായിരുന്നു പ്രസ്തുത ഗവണ്‍മെന്റ് രൂപീകരണത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്. വിപ്രവാസ ഗവണ്‍മെന്റ് അതിന്റെ ദൗത്യ സംഘങ്ങളെ റഷ്യ, തുര്‍കി, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളിലേക്ക് അയയ്ക്കുകയുണ്ടായി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നോട്ടപ്പുള്ളിയായി കഴിഞ്ഞ മഹ്്മൂദുല്‍ ഹസന്‍ ഹിജാസിലേക്ക് നാട് വിടാന്‍ തീരുമാനിച്ചു. ഹിജാസിലെത്തിയ അദ്ദേഹം തുര്‍കിയുടെ ഗവര്‍ണര്‍ ഗാലിബ് പാഷയെ സന്ദര്‍ശിച്ച് തങ്ങളുടെ വിപ്ലവ ശ്രമങ്ങളെ പരിചയപ്പെടുത്തി സഹായം ആവശ്യപ്പെട്ടു. യുദ്ധാനന്തരം തുര്‍കിയും സഖ്യകക്ഷികളും ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതാണെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു. അനന്തരം, ശൈഖ് മഹ്്മൂദുല്‍ ഹസന്‍ അന്‍വര്‍ പാഷയെ കണ്ടും സഹായമഭ്യര്‍ഥിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും ചയ്യാമെന്ന് അന്‍വര്‍ പാഷയും വാഗദത്തം ചെയ്തു. ശൈഖിന്റെ ആവശ്യപ്രകാരം, സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ജനതയെ ആഹ്വാനം ചെയ്യുന്ന സന്ദേശം അറബിയിലും പേര്‍ഷ്യനിലും തുര്‍കിയിലും തയ്യാറാക്കി നല്‍കുകയും ചെയ്തു. ഇന്ത്യയുടെ പടിഞ്ഞാറുള്ള സ്വതന്ത്ര ഗോത്രപ്രദേശങ്ങളില്‍ ഇന്ത്യയിലൂടെയല്ലാതെ മറ്റൊരു വഴിക്ക് തന്നെ എത്തിക്കണമെന്ന്കൂടി ശൈഖ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, റഷ്യന്‍ സൈന്യം ഇറാനില്‍ പ്രവേശിച്ചതുമൂലം അഫ്്ഗാനിസ്താനിലേക്കുള്ള മാര്‍ഗം തടസ്സപ്പെട്ടതിനാല്‍ പ്രസ്തുത അപേക്ഷ സ്വീകരിക്കാന്‍ അന്‍വര്‍ പാഷക്ക് മാര്‍ഗമുണ്ടായിരുന്നില്ല. ഹിജാസിലോ തുര്‍കിയുടെ കീഴിലുള്ള മറ്റേതെങ്കിലും പ്രദേശത്തോ താമസിച്ചുകൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
    അതിര്‍ത്തി ഗോത്രത്തിലെത്താന്‍ മാര്‍ഗമില്ലെന്ന് കണ്ടപ്പോള്‍ മഹ്്മൂദുല്‍ ഹസന്‍ അന്‍വര്‍ പാഷയുടെ സന്ദേശത്തിന്റെ കോപ്പികള്‍ എടുത്ത് മരപ്പെട്ടിയില്‍ വസ്ത്രങ്ങള്‍ക്ക് കീഴെ അടക്കം ചെയ്ത് ഒരു സഹപ്രവര്‍ത്തകന്റെ കൈയില്‍ ഇന്ത്യയിലേക്ക് കൊടുത്തയച്ചു. സുരക്ഷിത സ്ഥാനത്തെത്തിയാല്‍ ആവശ്യമായ കോപ്പികള്‍ എടുത്ത് വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനും നിര്‍ദേശിച്ചിരുന്നു. പോലീസിന്റെ കണ്ണില്‍പെടാതെ പെട്ടി സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒന്നര മാസത്തിന് ശേഷം പെട്ടിയുടെ രഹസ്യം പോലീസ് കണ്ടെത്തിയെങ്കിലും അത് പിടികൂടാനുള്ള ശ്രമം വിഫലമാവുകയാണുണ്ടായത്. മഹ്്മൂദുല്‍ ഹസന്‍ ഹിജാസില്‍ തന്നെ തങ്ങി. പക്ഷേ, യുദ്ധത്തില്‍ ജര്‍മനിയും തുര്‍കിയും അടങ്ങുന്ന സഖ്യരാഷ്ട്രങ്ങള്‍ പരാജയപ്പെട്ടതോടെ ഹിജാസിലെ ശരീഫ് ഹുസൈന്‍ ബ്രിട്ടീഷ് പാവയായി മാറുകയും മഹ്്മൂദുല്‍ ഹസനെയും രണ്ട് സഹപ്രവര്‍ത്തകരെയും പിടികൂടി ബ്രിട്ടീഷുകാരെ ഏല്‍പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ആദ്യം അവരെ ഈജിപ്തിലും പിന്നീട് മാര്‍ട്ടയിലും കൊണ്ടുപോയി തടവിലിട്ടു. മൂന്ന് കൊല്ലവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞ അവര്‍ 1920 ജൂണ്‍ 8-നാണ് മോചിതരായത്. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയും തുര്‍കിയും വിജയിച്ചിരുന്നുവെങ്കില്‍ മഹ്്മൂദുല്‍ ഹസനും ഉബൈദുല്ലാ സിന്ധിയും രാജാ മഹേന്ദ്ര പ്രതാപും നയിച്ച വിപ്ലവ പ്രസ്ഥാനം ഇന്ത്യയുടെ ഭാഗധേയനിര്‍ണയത്തില്‍ സുപ്രധാന ശക്തിയായിത്തീരുമായിരുന്നു.

അവലംബം: ഇസ്്‌ലാമിക വിജ്ഞാനകോശം - ഐ.പി.എച്ച്