Monday, August 19, 2013

ഇമാം അബുല്‍ ഹസന്‍ അല്‍ അശ്അരി (റ): അഹ്‌ലുസ്സുന്നയുടെ കാവലാള്‍



പ്രസിദ്ധ പണ്ഡിത കേസരി ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ (റ) “ഖല്‍ബുല്‍ ഖുര്‍ആന്‍” പ്രശ്‌നത്തില്‍ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും തള്ളിയിടേണ്ടി വന്നതിന് കാരണക്കാര്‍ സത്യത്തില്‍ നിന്നും തെന്നിമാറി സഞ്ചരിച്ച “മുഅ്തസില”ക്കാരായിരുന്നു. അവരായിരുന്നു ഇമാമിനെതിരില്‍ ശക്തമായ കരുനീക്കങ്ങള്‍ നടത്തിയിരുന്നത്. ഭരണപക്ഷത്തുനിന്നുള്ള പിന്തുണകളായിരുന്നു അവര്‍ക്ക് ഈ രംഗത്ത് ഉന്മേഷം നല്‍കിയിരുന്നത്. ഖലീഫ മുഅ്തസിമും ഖലീഫ വാസിഖും അവരുടെ ശക്തരായ വക്താക്കളായിരുന്നു. ഇരുവരുടെയും ശക്തമായ പിന്തുണയാണ് അവര്‍ക്ക് ശക്തി പകര്‍ന്നിരുന്നതും. ഇരുവരുടെയും മരണത്തോട് കൂടി അവരുടെ ശക്തി ക്ഷയിക്കുകയും സമുദായരംഗത്ത് അവര്‍ ദുര്‍ബലവിഭാഗമായി ശേഷിക്കുകയും ചെയ്തു.
ശേഷം അധികാരത്തിലേറിയ ഖലീഫ മുതവക്കില്‍ മുഅ്തസില വിഭാഗത്തിന്റെ അനുയായിയോ അനുഭാവിയോ ആയിരുന്നില്ലെന്ന് മാത്രമല്ല, അവരുടെ ശത്രു കൂടിയായിരുന്നു. മുഅ്തസിലക്കാര്‍ കയ്യടക്കി വെച്ചിരുന്ന ഭരണസ്വാധീന മേഖലകളില്‍ നിന്ന് അവരെ താഴെയിറക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്തത് മുതവക്കിലായിരുന്നു. എങ്കിലും അവര്‍ ധിഷണാമേഖലകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഖല്‍ഖുല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട ഫിത്‌നകള്‍ കെട്ടടങ്ങിയിരുന്നുവെങ്കിലും അവരുടെ മറ്റുചില വാദങ്ങള്‍ അപ്പോഴും പുതുമ നഷ്ടപ്പെടാതെ നിലനിന്നിരുന്നു. ബൗദ്ധിക-ധൈഷണിക രംഗത്ത് തലയെടുപ്പുള്ള ചില വ്യക്തിത്വങ്ങളുടെ പേരില്‍ വൈജ്ഞാനിക നേതൃസ്ഥാനം മുഅ്തസിലകള്‍ക്ക് തന്നെയായിരുന്നു.
ഹിജ്‌റ മൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, ആഴമേറിയ പഠനത്തിന്റെയും വിശാലമായ ചിന്തയുടെയും ഉടമകള്‍ അവരാണെന്നും അവരുടെ ഗവേഷണ സപര്യകളില്‍ ബുദ്ധിപരമായ സമീപനം കൂടുതലാണെന്നുമുള്ള ചിന്താഗതി പൊതുവെ എല്ലാവരിലും ഉടലെടുത്തു. തഥടിസ്ഥാനത്തില്‍ അവര്‍ പ്രത്യേകം പരിഗണിക്കപ്പെടുന്ന ഒരു ഘട്ടം വരെയെത്തി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുവാക്കള്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ള വലിയൊരു വിഭാഗം മുഅ്തസിലിയാക്കളുടെ “ഇഅ്തിസാല്‍” എന്ന ആശയഗതിയെ മാതൃകയായി സ്വീകരിച്ചു. ഇമാം അഹ്മദ്ബനു ഹമ്പലിന് ശേഷം വൈജ്ഞാനിക രംഗത്ത് അത്ര തിളക്കമുള്ള ആളുകള്‍ രംഗത്ത് വന്നില്ല. ശേഷം വന്നവര്‍ തന്നെ ബൗദ്ധിക വിജ്ഞാനശാഖകളിലേക്കും നൂതന ചിന്താധാരകളിലേക്കും ശ്രദ്ധ തിരിച്ചില്ല. ബൗദ്ധിക സമീപനങ്ങളുടെ പേരില്‍ സംവാദങ്ങളിലും സദസ്സുകളിലും മുഅ്തസിലുകള്‍ തന്നെ തലയുയര്‍ത്തി നിന്നു. സത്യ ദീനിനെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കാന്‍ കഴിയാതെ പോയവര്‍ക്ക് ബൗദ്ധിക സമീപനങ്ങളാണ് മുഅ്തസിലിയാക്കള്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയി. മുഹദ്ദിസുകളില്‍ ഒരു വിഭാഗവും അവരുടെ ശിഷ്യഗണങ്ങളില്‍ ഒരു ഭൂരിഭാഗവും അപകര്‍ഷതാബോധത്തിന് അടിമപ്പെട്ട് പോയി. മുഅ്തസിലികളുടെ ബൗദ്ധിക-ശാസ്ത്രീയ മുന്നേറ്റത്തിന് മുമ്പില്‍ അവര്‍ പതറി. ഈ സ്ഥിതി വിശേഷം ദീനിന്റെ പ്രൗഢിയുടെയും സുന്നത്തിന്റെ ശക്തിയുടെയും നേരെ ഒരു വെല്ലുവിളിയായി ഉയര്‍ന്ന് നിന്നു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ദീനിന്റെ തത്ത്വ സംഹിതകള്‍ എന്നിവ മുഅ്തസിലകള്‍ക്ക് മുമ്പില്‍ കേവലം കളിപ്പാവകളായി രൂപാന്തരപ്പെട്ടു. അതിനനുസരിച്ച് ശാസ്ത്രീയ ബൗദ്ധിക അടിത്തറയിലുള്ള സമീപനങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരം വര്‍ദ്ധിച്ച് വന്നു. സാങ്കേതികതയുടെ പിന്‍ബലത്തില്‍ ചിന്തയെ മുന്‍ നിറുത്തി അവര്‍ നടത്തിയ അധര വ്യായാമങ്ങള്‍ മാത്രമാണ് അവരുടെ ബാഹ്യപ്രകടനങ്ങള്‍ എന്നതാണ് പരമാര്‍ഥം. ദീനിന്റെ അന്തസത്ത ഉള്‍ക്കൊള്ളാത്ത വികലമായ ചിന്താഗതികള്‍ അവരില്‍ പ്രകടമായിരുന്നു. പക്ഷെ, വെള്ളച്ചാട്ടം കണക്കെയുള്ള ഈ സ്തിഥി വിശേഷത്തെ തടുത്തു നിര്‍ത്താന്‍ അത്ര എളുപ്പമായിരുന്നില്ല.
നിയോഗവും ജീവിതവും
ഉപരിസൂചിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒരു ഉന്നത വ്യക്തിയുടെ നിയോഗം പ്രസക്തിയേറി വന്നു. വൈകാതെ അബുല്‍ ഹസന്‍ അശ്അരിയില്‍ മുസ്‌ലിം ലോകം ആ വ്യക്തിയെ കണ്ടെത്തുകയായിരുന്നു.
അബുല്‍ ഹസന്‍ അലിയുടെ പിതാവിന്റെ പേര് ഇസ്മാഈല്‍ എന്നായിരുന്നു. പ്രസിദ്ധനായ സ്വഹാബിവര്യന്‍ അബൂ മൂസല്‍ അശ്അരിയുടെ സന്താനപരമ്പരയില്‍ ഹി 260ല്‍ ബസ്വറയില്‍ ജനിച്ചു. പിതാവ് ഇസ്മാഈലിന്റെ മരണ ശേഷം മാതാവിനെ വിവാഹം ചെയ്തത് മുഅ്തസിലി നേതൃനിരയിലെ പ്രധാനിയായ അബൂ അലിയ്യില്‍ ജുബ്ബായി ആയിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് അബുല്‍ ഹസന്‍ വളര്‍ന്നത്. വളരെ വേഗം തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തനും വലംകയ്യുമായിത്തീരുകയും ചെയ്തു. ജുബ്ബായി അറിയപ്പെട്ട മുദരിസും ഗ്രന്ഥകാരനുമായിരുന്നു. പക്ഷെ, ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡനങ്ങക്കും മതിയായ പ്രാഗത്ഭ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അബുല്‍ ഹസന്‍ ഈ വിഷയത്തില്‍ അഗ്രേയസനായിരുന്നു. ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയും മുഅ്തസിലി സദസുകളുടെ നേതൃസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു (തബ്‌യീന്‍-ഇബ്‌നു അസാകിര്‍-117)
ഇതേ സമയം, ഗുരുവര്യന്റെ സ്ഥാനം അബുല്‍ ഹസന്‍ അലങ്കരിക്കുമെന്നും മുഅ്തസിലി ആദര്‍ശത്തിന് ഊടും പാവും നല്‍കാന്‍ അദ്ദേഹം മുന്‍പന്തിയില്‍ വരമെന്നും മുഅ്തസിലികള്‍ കണക്കു കൂട്ടി. എന്നാല്‍ ജഗന്നിയന്താവായ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ദ്രുതഗതിയില്‍ തന്നെ അബുല്‍ ഹസനില്‍ മാറ്റങ്ങള്‍ വന്നു. അദ്ധേഹത്തിന്റെ വ്യാഖാനങ്ങളും നിലപാടുകളുമെല്ലാം മുഅ്തസിലള്‍ക്കെതിരായി. അവരുടെ വാദഗതികളെല്ലാം തന്നെ കേവലം യുക്തിയുടെ വിളയാട്ടങ്ങള്‍ മാത്രമാണെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നും അദ്ധേഹത്തിന് ബോധ്യപ്പെട്ടു. നക്ഷത്രതുല്ല്യരാണ് എന്റെ അനുചരന്‍മാര്‍ എന്ന് പുണ്യനബി വാഴ്ത്തിയ സച്ചരിതരായ സ്വഹാബികളുടെയും മുന്‍ഗാമികളായ മഹാന്‍മാരുടെയും വഴിത്താര തന്നെയാണ് സത്യപന്ഥാവ് എന്ന വസ്തുത അദ്ധേഹത്തിന് ബോധ്യപ്പെട്ടു.
പിന്നീടങ്ങോട്ട് അബുല്‍ ഹസന്‍ മുഅ്തസിലകള്‍ക്കെതിരെ ശക്തമായ പടയോട്ടം തന്നെ നടത്തി. 15 ദിവസം തന്റെ വീട്ടിനകത്ത് ഏകാന്തതയില്‍ കഴിഞ്ഞു. 16ാമത്തെ ദിവസം വീട്ടില്‍ നിന്ന് നേരെ പള്ളിയിലെത്തി. ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. പള്ളി ജനനിബിഡമായിരുന്നു. അദ്ദേഹം മിമ്പറില്‍ കയറി ഇങ്ങനെ   വിളിച്ച് പറഞ്ഞു: എന്നെ എല്ലാവരും അറിയുമെന്ന് കരുതുന്നു, അറിയാത്തവരോട് ഞാന്‍ പറയുന്നു. ഞാനാണ് അബുല്‍ ഹസന്‍ അശ്അരി. ഞാന്‍ മുഅ്തസിലിയായിരുന്നു. മുഅ്തസിലി ആദര്‍ശക്കാരനും അതിന്റെ കിടയറ്റ വക്താവുമായിരുന്നു. ഞാനിപ്പോള്‍ തൗബ ചെയ്യുകയാണ്. എന്റെ പിഴച്ച മുന്‍കാല ആദര്‍ശങ്ങളില്‍ നിന്ന് ഞാനിതാ മടങ്ങുന്നു. ഇന്ന് മുതല്‍ മുഅ്തസിലികളുടെ വാദഗതികളെ ഖണ്ഡിക്കലും അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കലുമായിരിക്കും എന്റെ കര്‍ത്തവ്യം (ഇബ്‌നു ഖല്ലിക്കാന്‍ 1-447)
അന്നു മുതല്‍ ജീവിതത്തിന്റെ ഒടുക്കത്തെ ശ്വാസം വരെ മഹാനായ ആ പണ്ഡിതവര്യന്‍ തന്റെ ബൗദ്ധിക, വൈജ്ഞാനിക, പ്രഭാഷണ തൂലികാ ശക്തികളിലഖിലവും മുഅ്തസിലി ആദര്‍ശ സിദ്ധാന്തങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സല്‍പാന്ഥാവിലേക്ക് സമുദായത്തെ നയിക്കുകയും ചെയ്യുന്ന വഴിത്താരയിലേക്ക് മാറ്റിവച്ചു. ഇന്നലെകളുടെ ദശാസന്ധികളില്‍ മുഅ്തസിലികളുടെ  വക്കാലത്ത് ഏറ്റെടുത്തിരുന്ന അദ്ദേഹം അഹ്‌ലുസ്സുന്നയുടെ ശക്തനായ വക്താവായി മാറുകയും അതിന്റെ ആശയാദര്‍ശങ്ങളുടെ സംരക്ഷകനായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് മുസ്‌ലിം ലോകത്തിന് ദര്‍ശിക്കാന്‍ സാധിച്ചത്. മാത്രമല്ല, തന്റെ പ്രവര്‍ത്തനങ്ങള്‍ ജിഹാദിന്റെ വഴിയാണെന്നും അള്ളാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള മാര്‍ഗ്ഗമാണെന്നും അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. മുഅ്തസിലികളുടെ സദസ്സുകളില്‍ പങ്കെടുത്തും അവരെ ഓരോരുത്തരെയും നേരില്‍ കണ്ട് സല്‍സരണി അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. ചിലരെല്ലാം അദ്ദേഹത്തോട് ഇപ്രകാരം ചോദിക്കുമായിരുന്നു. താങ്കള്‍ ഈ പുത്തന്‍ പ്രസ്ഥാനക്കാരുമായി ബന്ധപ്പെടുകയും അവരെത്തേടി പോവുകയും ചെയ്യുതെന്തിനാണ്? അവരുമായി തീര്‍ത്തും നിസ്സഹകണത്തില്‍ കഴിയണമെന്നാണല്ലോ നമ്മോടുള്ള കല്‍പന? മഹാനവര്‍കള്‍ ഇങ്ങനെ മറുപടി പറഞ്ഞത്രെ; എന്ത് ചെയ്യാന്‍? അവരെല്ലാം ഉയര്‍ന്ന സ്ഥാനങ്ങളിലാണല്ലോ? അവരുടെ ഔദ്യോഗിക പദവികള്‍ നിമിത്തം അവര്‍ക്ക് എന്നെ വന്ന് കാണാന്‍ കഴിയുന്നില്ല, ഞാനും അവരെപ്പോയി കാണാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ സത്യം എങ്ങനെയാണ് അവര്‍ക്ക് ബോധ്യപ്പെടുക? അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സുന്ദരമായ ആശയാദര്‍ശങ്ങള്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണെന്ന് അവര്‍ എങ്ങനെ മനസ്സിലാക്കും?
ശേഷം അടുത്ത പേജില്‍
മുസ്അബ് തിരൂര്‍
(അവസാന വര്‍ഷ വാഫി ബിരുദ വിദ്യാര്‍ഥി, മര്‍കസ്‌ വളാഞ്ചേരി)
2

No comments:

Post a Comment