Sunday, August 18, 2013

തിരുനബി സ്നേഹം


പ്രവാചകാനുരാഗികളുടെ വസന്തമാണ് റബീഉല്‍ അവ്വല്‍. പ്രസംഗിച്ചും പാട്ടുപാടിയും എഴുതിയും രചിച്ചും അന്നവും മധുരവും വിതരണം ചെയ്തും തിരുനബി (സ്വ) യോട് നെഞ്ചിലേറ്റുന്ന സ്നേഹം ബഹിര്‍പ്രകടിപ്പിക്കുകയാണിവിടെ. വിശ്വാസത്തിന്റെ പ്രധാന ശാഖകളിലൊന്നായ ഹുബ്ബ് ആണ് ഈ ആഘോഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. റബീഉല്‍ അവ്വല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിശ്വാസിക്ക് രോമാഞ്ചമുണ്ടാകുന്നത് ഇത് കൊണ്ടാണ്.

മനുഷ്യരുടെ വിമോചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനും വേണ്ടി നിയോഗിതരായ പരലക്ഷം പ്രവാചകന്‍മാരില്‍ ഒരാള്‍ മാത്രമാണോ നബി(സ്വ)? അജ്ഞതയും അന്ധതയും ആധിപത്യം നേടിയ ഒരു സാമൂഹത്തെ ജയിച്ചടക്കി മാതൃകാ രാഷ്ട്രം പണിത് നേതാക്കളും ജേതാക്കളുമാക്കി മാറ്റിയ പരിഷ്കര്‍ത്താവ് മാത്രമാണോ? അനേകായിരം തലമുറകള്‍ക്ക് വെളിച്ചം കാട്ടുന്ന തത്വജ്ഞാനി മാത്രമാണോ? ആപാദചൂടം പൂര്‍ണതയും ആജീവനാന്തം വിശുദ്ധിയും നേടിയ സമ്പൂര്‍ണവും അസാധാരണവുമായ മഹല്‍വ്യക്തിത്വം മാത്രമോ? ഇതിനപ്പുറം വിവരണാതീതമായ പ്രത്യേകതകളുമായി മനുഷ്യനായിരിക്കെത്തന്നെ മാനുഷികതക്കപ്പുറമെത്തുകയായിരുന്നു യഥാര്‍ത്ഥത്തില്‍ നബി(സ്വ). പ്രഭാഷകനോ തൂലികാകാരനോ കവിക്കോ യഥാവിധം ഇത് അവതരിപ്പിക്കുക സാധ്യമല്ല. അല്ലഫല്‍ അലിഫിന്റെ കര്‍ത്താവ് ശൈഖ് ഉമറുല്‍ ഖാഹിരി പറയുന്നു: നബി(സ്വ)യെ പ്രകീര്‍ത്തിക്കുന്നവര്‍ ഏറെ മുന്നോട്ട് പോയെങ്കിലും നബി (സ്വ)ക്ക് നല്‍കപ്പെട്ട മാഹാത്മ്യത്തിന്റെ പത്തിലൊന്ന് പോലുമായില്ല.

അല്ലാഹുവിന്റെ അടിമയും റസൂലുമെന്ന അത്യുന്നതമായ വിശേഷണത്തിന്റെ സമ്പൂര്‍ണതയിലെത്തുകയായിരുന്നു നബി(സ്വ). സ്രഷ്ടാവായ അല്ലാഹു നബി(സ്വ)യെ തന്നോട് ചേര്‍ത്തുവെച്ചു. അല്ലാഹുവിനോടുള്ള അനുസരണ യാഥാര്‍ത്ഥ്യമാക്കാന്‍ നബി(സ്വ)യെ അനുസരിക്കുകയാണ് വേണ്ടതെന്ന് പഠിപ്പിച്ചു. (വി.ഖു) അല്ലാഹുവിനെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ നബി(സ്വ)യെ പിന്‍പറ്റുകയാണ് വേണ്ടതെന്ന് കല്‍പിച്ചു. (വി.ഖു, 3:31) ഖുര്‍ആന്‍ വ്യക്തമാക്കിയത് കാണുക"താങ്കളുടെ ദിക്റ് നാം താങ്കള്‍ക്ക് വേണ്ടി ഉയര്‍ത്തി''. അഞ്ചു നേരത്തെ നിസ്കാര  ങ്ങള്‍ക്ക് വേണ്ടി ബാങ്ക് വിളിക്കുമ്പോഴെല്ലാം അല്ലാഹുവിന്റെ പേരിനോടൊപ്പം നബി(സ്വ)യുടെ പേരും പറയുന്ന ഇസ്ലാമിന്റെ അടിസ്ഥാനമായ ശഹാദത്ത് കലിമ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുന്‍ റസൂലുല്ലാഹി എന്നാണ്. 

അനസി(റ)ല്‍ നിന്നും നിവേദനം: നബി(സ്വ) പറയുന്നു: ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു: എന്റെ നാഥാ, നീ എന്റെ മുമ്പുള്ള മുഴുവന്‍ നബിമാരെയും ആദരിച്ചിട്ടുണ്ട്. ഇബ്റാഹീമിനെ നീ ഖലീലാക്കി. മൂസായെ കലീമാക്കി. ദാവൂദിന് നീ പര്‍വതങ്ങള്‍ കീഴ്പെടുത്തിക്കൊടുത്തു. ഈസാക്ക് വേണ്ടി നീ മരിച്ചവരെ ജീവിപ്പിച്ചു. എനിക്ക് വേണ്ടി നീ നിശ്ചയിച്ചതെന്താണ്? അല്ലാഹു പറഞ്ഞു: താങ്കള്‍ക്ക് അതിനേക്കാള്‍ ശ്രേഷ്ഠമായത് നാം നല്‍കിയില്ലേ? എന്റെ പേര് പറയുമ്പോഴെല്ലാം താങ്കളുടെ പേരും പറയപ്പെടുന്നുവല്ലോ? സ്വഹാബി കവി ഹസ്സാനു ബ്നു സാബിത് (റ) പറയുന്നു: അഞ്ച് നേരത്തും മുഅദ്ദിന്‍ അശ്ഹദു എന്ന് പറയുമ്പോള്‍ അല്ലാഹു തന്റെ പേരിനോടൊപ്പം തിരുനബി(സ്വ)യുടെ പേരും ചേര്‍ത്തിപ്പറഞ്ഞു. നബി(സ്വ)യെ ആദരിക്കാന്‍ തന്റെ പേരില്‍ നിന്നു തന്നെ തിരുനാമവും പുറത്തെടുത്തു; അര്‍ശിന്റെ ഉടമസ്ഥന്‍ മഹ്മൂദ് ആണെങ്കില്‍ ഇത് മുഹമ്മദാണ്. അടിമ അല്ലാഹുവിന് അര്‍പ്പിക്കുന്ന ആരാധനകളില്‍ ഏറ്റവും പുണ്യകരമായ നിസ്കാരങ്ങള്‍ ഇലാഹീ ചിന്തയില്‍ മുഴുകുന്നതിനിടയിലും തരുനബി(സ്വ)ക്ക് സ്വലാത്തും സലാമും ഇല്ലാതെ സ്വീകാര്യമാവുന്നില്ല.

അല്ലാഹു തന്റെ ഇഷ്ടദാസന്‍മാരായ നബിമാരെ അഭിസംബോധന ചെയ്യുന്ന നിരവധി സ്ഥലങ്ങളുണ്ട് ഖുര്‍ആനില്‍. നബിമാരുടെ പേര് വിളിച്ച് കൊണ്ടാണ് അഭിസംബോധന. എന്നാല്‍ തിരുനബി(സ്വ)യെ അഭിസംബോധന ചെയ്തിരിക്കുന്നത് നബിയേ, എന്ന് വിളിച്ചു കൊണ്ടാണ്. പ്രവാചകത്വത്തിനപ്പുറത്തെ ഉന്നത പദവിയിലാണ് അല്ലാഹു നബി(സ്വ)യെ പ്രതിഷ്ഠിക്കുന്നതെന്നര്‍ത്ഥം. 

നിസ്കാരവും സകാത്തും നിര്‍വഹിക്കാനുള്ള ആഹ്വാനം ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളിലുണ്ട്. വ്രതാനുഷ്ഠാനവും ഹജ്ജും ഒന്നിലധികം തവണയുണ്ട്. നബി (സ്വ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലാനുള്ള ആഹ്വാനം ഖുര്‍ആനിലുണ്ട്. അതിങ്ങനെയാണ് 'അല്ലാഹുവും തന്റെ മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.' അല്ലാഹുവും മലക്കുകളും നിസ്കരിക്കുന്നു, അതുകൊണ്ട് നിങ്ങളും നിസ്കരിക്കുക. അല്ലാഹുവും മലക്കുകളും സകാത്ത് നല്‍കുന്നു, അതുകൊണ്ട് നിങ്ങളും സകാത്ത് നല്‍കുക എന്ന രീതിയില്‍ നിസ്കാരത്തെയോ സകാത്തിനെയോ സംബന്ധിച്ച് പറയുന്നില്ല. മാത്രമല്ല, സ്വലാത്ത് ചൊല്ലല്‍ ഏറെ പുണ്യകരമായ കര്‍മമായി നിശ്ചയിക്കുകയും മരണാനന്തര ജീവിതത്തില്‍ ഉന്നതപദവിയും ഭൌതിക ലോകത്ത് മനശുദ്ധിയും നേടാന്‍ കര്‍മങ്ങളാല്‍ അനുഗ്രഹവര്‍ഷമുണ്ടാവാന്‍ സ്വലാത്ത് ഗുണകരമാണെന്ന് പഠിപ്പിക്കപ്പെട്ടു. സ്വഹാബിമാരും പിന്‍തലമുറയും മുസ്ലിം ലോകം മുഴുക്കെയും സ്വലാത്ത് ചൊല്ലല്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കി. വിവാഹം, ബലി, ദഅ്വ പരിപാടികള്‍ തുടങ്ങിയവയെല്ലാം സ്വലാത്തുണ്ടെങ്കിലേ പൂര്‍ണമാവൂ എന്ന വിശ്വാസം വളര്‍ന്നു.അല്ലാഹുവിനെ മനസ്സില്‍ കണ്ട് ഇബാദത്ത് ചെയ്യുന്നതോടൊപ്പം തിരുനബി(സ്വ)യെ മനസ്സില്‍ കണ്ട് സ്വലാത്ത് ചൊല്ലുമ്പോഴാണ് വിശ്വാസികളുടെ ആത്മീയ ബോധം ചൈതന്യധന്യമാവുന്നത്. 

മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിന് വേണ്ടി സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ച ഇസ്ലാമില്‍ തിരുനബി(സ്വ)യുടെ സ്ഥാനം എത്ര ഉന്നതമാണ്? അല്ലാഹുവിന്റെ വചനങ്ങള്‍ മനുഷ്യര്‍ക്ക് കിട്ടിയത് തിരുനബി(സ്വ)യിലൂടെയാണ്. തിരുനബി(സ്വ)യുടെ വാക്കും പ്രവര്‍ത്തനവും മൌനാനുവാദവുമെല്ലാം ഇസ്ലാമിന്റെ ഭാഗമാണ്. അവയെല്ലാം പഠിച്ചും മനപ്പാഠമാക്കിയും വിശദീകരിച്ചും പരസ്പരം പകര്‍ന്നും ജീവിതം ചെലവഴിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ തയ്യാറാവുന്നു. ആ അധ്യാപനങ്ങളുടെ കൈമാറ്റ ശൃംഖല പഠനവിധേയമാക്കുന്നു. വലിയൊരു വിജ്ഞാനലോകം ലോകത്തിന് മുന്നില്‍ നില്‍ക്കുന്നു. മനുഷ്യന്‍ വിശ്വാസിയോ അവിശ്വാസിയോ എന്ന് തീരുമാനിക്കുന്ന ഘടകമായ 'ഈമാന്‍' നിര്‍വചിക്കപ്പെടുന്നത് പോലും നബി(സ്വ)യോട് ബന്ധിപ്പിച്ച് കൊണ്ടാണ്. റസൂല്‍ (സ്വ) കൊണ്ടുവന്നതെല്ലാം സത്യമെന്ന് വിശ്വസിക്കുകയാണ് ഈമാനിന്റെ നിര്‍വ്വചനം. ദൈവം ഒന്നേയുള്ളുവെന്ന് പറയുന്നവരെല്ലാം ഇസ്ലാമിലെ ഏകദൈവ വിശ്വാസിയല്ല. മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനങ്ങള്‍ കൂടി അംഗീകരിക്കണം. 

ആധ്യാത്മികമായി മാത്രമല്ല, ഭൌതികമായും നബി(സ്വ)യെ മാനുഷികതക്കും പ്രവാചകത്വത്തിനുമപ്പുറം അല്ലാഹു ഉയര്‍ത്തി. നബി(സ്വ)യുടെ ശരീരത്തില്‍ ഈച്ച ഇരിക്കുമായിരുന്നില്ല; മാലിന്യങ്ങളില്‍ ഇരിക്കുന്ന ഈച്ച തിരുശരീരത്തെ അശുദ്ധമാക്കരുതെന്ന് അല്ലാഹു തീരുമാനിച്ചു. തങ്ങള്‍ക്ക് നിഴലുണ്ടായിരുന്നില്ല. തങ്ങളുടെ കൂടെ നടക്കുമ്പോള്‍ ആരെങ്കിലും അറിയാതെ നിഴലില്‍ ചവിട്ടുന്നത് ആ വിശുദ്ധിയുടെ പാരമ്യതക്ക് വിഘാതമാവുമെന്ന് അല്ലാഹു ദര്‍ശിച്ചു. ചില പ്രവാചകന്‍മാരുടെ പത്നിമാര്‍ അവിശ്വാസികളായിരുന്നെങ്കില്‍ നബി പത്നിമാരെല്ലാം വിശുദ്ധിയുടെ ഉദാത്ത മാതൃകകളായിരുന്നു. ഹസ്റത്ത് ആഇശ(റ)യുമായി ബന്ധപ്പെട്ട് മദീനയിലെ കപടവിശ്വാസികള്‍ ദുരാരോപണമുന്നയിച്ചപ്പോള്‍ നീണ്ട പത്ത് സൂക്തങ്ങളാണ് ആഇശ(റ)യുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ അല്ലാഹു അവതരിപ്പിച്ചത്. തിരുപത്നിക്കെതിരെയുള്ള ആരോപണം നബി(സ്വ)യുടെ വിശുദ്ധ വ്യക്തിത്വത്തിന് മങ്ങലേല്‍പിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചു. 

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ഇത്രമേല്‍ സ്ഥാനം നല്‍കിയ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ) നാം വിശ്വാസികള്‍ക്ക് ആരാണ്? നരക വിമുക്തിയും സ്വര്‍ഗപ്രവേശവും നല്‍കാന്‍ വന്ന ദൂതര്‍ മാത്രമോ? ജീവിതത്തിന്റെ ദിശ നിര്‍ണയിച്ച മാര്‍ഗദര്‍ശി മാത്രമോ? ഇതിനപ്പുറം അല്ലാഹു നമുക്ക് നല്‍കിയ അതിമഹത്തരമായ അനുഗ്രഹം എന്താണ്? ഒരു പ്രത്യേക ശൈലിയിലാണ് അല്ലാഹു ഈ സത്യം അവതരിപ്പിച്ചത്: 'സത്യവിശ്വാസികള്‍ക്ക് അവരില്‍ നിന്ന് തന്നെയുള്ള ദൂതനെ അയക്കുക വഴി അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു.' (വി.ഖു 3:164) 'ലോകര്‍ക്ക് അനുഗ്രഹമായി മാത്രമാണ് നാം താങ്കളെ നിയോഗിച്ചത്.' എന്ന സൂക്തം റസൂല്‍ എന്ന അനുഗ്രഹത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു. ഈ അനുഗ്രഹം അനുഭവിക്കുന്ന നമുക്ക് നബി(സ്വ)യുമായുള്ള ബന്ധം എന്താണ്? 'നബി(സ്വ) സത്യവിശ്വാസികളുമായി സ്വതന്തത്തേക്കാള്‍ ബന്ധപ്പെട്ടിരിക്കുന്നു.' (വി.ഖു, 33:6) സത്യവിശ്വാസി പിതാവ്, മക്കള്‍, ഇഷ്ടജനങ്ങള്‍, സ്വത്ത് എന്നിവയേക്കാള്‍ മാത്രമല്ല സ്വന്തത്തേക്കാള്‍ തന്നെ സത്യവിശ്വാസി സ്നേഹം വച്ചുപുലര്‍ത്തേണ്ടത് നബി(സ്വ)യോടാണ്. ഹസ്രത്ത് ഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സ്വന്തത്തെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ വസ്തുക്കളേക്കാള്‍ താങ്കളാണ് എനിക്ക് പ്രിയപ്പെട്ടവര്‍. നബി(സ്വ) പറഞ്ഞു: 'പറ്റില്ല ഉമര്‍, ഞാന്‍ താങ്കള്‍ക്ക് സ്വന്തത്തേക്കാള്‍ പ്രിയപ്പെട്ടവനാവണം.' ഉമര്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, മറ്റെല്ലാത്തിനേക്കാള്‍, സ്വന്തത്തേക്കാള്‍ തന്നെയും താങ്കള്‍ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവര്‍.' നബി(സ്വ) പ്രതികരിച്ചു: 'ഉമര്‍, ഇപ്പോള്‍ ശരിയായി.' ഈ രീതിയിലുള്ള സ്നേഹബന്ധമാണ് മേല്‍സൂക്തത്തിന്റെ വിധിയെന്ന് തഫ്സീര്‍ ഇബ്നു കസീറില്‍ കാണാം. 

ജീവിതം മുഴുക്കെയും മരണശേഷവും എന്റെ സമുദായം എന്ന മനോവികാരം നബി(സ്വ) സൂക്ഷിച്ചു. ഓരോ സമുദായാംഗത്തെയും നബി(സ്വ) മനസ്സറിഞ്ഞ് സ്നേഹിച്ചു. പ്രത്യുപകാരം പ്രതീക്ഷിക്കാത്ത വിശിഷ്ട സ്നേഹം ആ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഗുണഭോക്താക്കാളാണ് നാം. നമുക്ക് തിരുനബി(സ്വ) മോചനം നല്‍കി. അന്ധതയില്‍ നിന്നും കുടിലതയില്‍ നിന്നും മുക്തി നല്‍കി. ഭൌതിക ജീവിതത്തിന്റെ പ്രയാസങ്ങള്‍ തീര്‍ക്കാനും മറക്കാനും ഉചിതമായ വഴി തുറന്നുതന്നു. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറകള്‍ക്കു വേണ്ടിയും കഷ്ടപ്പെടുമ്പോള്‍ നബി(സ്വ) നമ്മില്‍ നിന്നും പ്രതിഫലമൊന്നും പ്രതീക്ഷിച്ചില്ല. തങ്ങളെ സ്നേഹിക്കണമെന്ന് പഠിപ്പിച്ചതും സ്വലാത്ത് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതും അത് നമുക്ക് പരലോകത്ത് ഗുണകരമാകാന്‍ വേണ്ടിയാണ്. ഇത്ര വിശിഷ്ടമായ സ്നേഹം നമുക്ക് മാതാവോ മക്കളോ പത്നിയോ നല്‍കുന്നുണ്ടോ? പ്രത്യുപകാര ബന്ധിതമായ സ്നേഹബന്ധങ്ങള്‍ക്കപ്പുറം വിശിഷ്ടമായ തരുസ്നേഹത്തിന് പകരം പ്രവാചകാനുരാഗം ഒരു മനോവികാരമാക്കാന്‍ വിശ്വാസിക്ക് കഴിയണം.

സര്‍വശക്തനായ അല്ലാഹു നബി(സ്വ)ക്ക് നല്‍കിയ സ്ഥാനവും സ്നേഹവും സത്യവിശ്വാസിക്ക് നബി(സ്വ)യുടെ മനസ്സിലുള്ള സ്ഥാനവും സ്നേഹവും വിശ്വാസികള്‍ തിരിച്ചറിഞ്ഞു. സ്നേഹം വികാരമായി വളര്‍ന്നപ്പോള്‍ ആദ്യവിശ്വാസികളായ സ്വഹാബിമാര്‍ ജീവന്‍ തങ്ങള്‍ക്ക് സമര്‍പ്പിച്ചു. നബി(സ്വ)യെ വധിക്കാന്‍ ശത്രുക്കള്‍ സംഘടിച്ചെത്തിയപ്പോള്‍ തന്റെ ജീവന്‍ നഷ്ടപ്പെടുമെന്നോര്‍ക്കാതെ അലി(റ) തങ്ങളുടെ വിരിപ്പില്‍ കിടന്ന് നബി(സ്വ)ക്ക് പുറത്തേക്കുള്ള വഴി എളുപ്പമാക്കിക്കൊടുത്തു. ശത്രുക്കള്‍ പിന്തുടരുമെന്നും വധിക്കുമെന്നും ഉറപ്പായിട്ടും അബൂബക്ര്‍(റ) ഹിജ്റയില്‍ തങ്ങളുടെ സഹയാത്രികനും സൌര്‍ഗുഹയില്‍ സഹായിയുമായി. ഉഹ്ദില്‍ തിരുമേനി(സ്വ)ക്കു നേരെയുള്ള നീക്കം നൂറോളം വെട്ടകുളേറ്റ് ത്വല്‍ഹ(റ) പ്രതിരോധിച്ചു.

സ്വഹാബികളുടെ സ്നേഹ പ്രകടനത്തിന്റെ വിവിധ രീതികള്‍ ഹദീസുകളില്‍ കാണാം. തിരുനബി(സ്വ)യുടെ വിശുദ്ധ തുപ്പുനീര് കുടിക്കുക, തിരുകേശം സൂക്ഷിക്കുക, വിയര്‍പ്പ് സൂക്ഷിച്ചു വെക്കുക ഇങ്ങനെയൊക്കെ അവര്‍ സ്നേഹം പ്രകടിപ്പിച്ചു. ഈ രീതി സ്വീകരിക്കാന്‍ അവരോടാരും ആവശ്യപ്പെട്ടതല്ല. സ്നേഹ വികാര പ്രവാഹത്താല്‍ അവര്‍ അങ്ങനെ ചെയ്തു. തിരുമേനി(സ്വ) അനുവാദവും നല്‍കി. 

നബി(സ്വ)  ഭൌതികലോകത്തോട് വിടപറഞ്ഞതിന് ശേഷവും സ്നേഹപ്രകടനം തുടര്‍ന്നു. ഉമര്‍(റ) തങ്ങള്‍ ചെയ്ത സാധാരണ കാര്യങ്ങള്‍ പോലും ചെയ്തുകൊണ്ടിരുന്നു. യാത്രക്കിടയില്‍ തങ്ങള്‍ വിശ്രമിച്ച സ്ഥലമെത്തിയാല്‍ വിശ്രമം ആവശ്യമില്ലെങ്കിലും അവിടെ വിശ്രമിക്കും. തങ്ങള്‍ മൂത്രമൊഴിച്ച സ്ഥലത്ത് ഇരിക്കുക, പ്രയോജനമൊന്നും ചിന്തിക്കാതെ അദ്ദേഹമങ്ങനെ ചെയ്തു. ഇബ്നു ഉമര്‍(റ) നബി(സ്വ)യോടൊപ്പം അന്ത്യവിശ്രമം നടത്താനുള്ള അഭിലാഷം കാരണം സ്വന്തം പുത്രനോട് ആഇശ(റ)യെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ആഗ്രഹം നേടിയെടുത്തു. നബി(സ്വ)യുടെ പൌത്രന്മാരായ ഹസനി(റ)നെയും ഹുസൈനി(റ)നെയും മനം നിറയെ സ്നേഹിക്കുന്നതിലാണ് ചിലര്‍ പ്രവാചകസ്നേഹം കണ്ടത്. അവര്‍ കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അവര്‍ക്ക് സലാം പറയാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയിരുന്നുവെന്ന് അല്‍ ബിദായത്തു വന്നിഹായയില്‍ കാണാം. അവര്‍ യാത്ര ചെയ്യുമ്പോള്‍ ഇബ്നു അബ്ബാസ് (റ) ജീനിച്ചവിട്ടി പിടിച്ചിരുന്നുവത്രെ. അബൂഹുറൈറ(റ)ക്ക് നിറഞ്ഞ കണ്ണോടെയല്ലാതെ ഹസനി(റ)നെ കാണാന്‍ കഴിയുമായിരുന്നില്ല.
 
മദീനയുടെ ഇമാം മാലിക് ബ്നു അനസ്(റ) ചെരുപ്പ് ധരിക്കാതെ മദീനയില്‍ ജീവിച്ചു. തരുനബി(സ്വ)യുടെ വിശുദ്ധ പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ചെരുപ്പ് ധരിക്കാന്‍ ആ പ്രവാചക സ്നേഹിക്ക് കഴിഞ്ഞില്ല. ഖുര്‍ആനിക സൂക്തമോ ഹദീസ് വചനമോ ഒന്നും അതിന് തെളിവായി ഉണ്ടായിരുന്നില്ല. സ്വഹാബിമാര്‍ ചെരുപ്പ് ധരിച്ചോ ഇല്ലയോ എന്നും ആലോചിച്ചല്ല അദ്ദേഹം ആ തീരുമാനമെടുത്തത്. ഹുബ്ബുന്നബിയുടെ തീവ്രത അദ്ദേഹത്തിലുണ്ടാക്കിയ വികാരം അതായിരുന്നു.

പില്‍ക്കാലത്തെ പണ്ഡിതന്‍മാര്‍ നബിവചനങ്ങള്‍ ഹൃദസ്ഥമാക്കുന്നതിലും നബിചരിത്രം രചിക്കുന്നതിലും അഹ്ലുബൈത്തിനെ സ്നേഹിക്കുന്നതിലും തിരുസ്നേഹത്തിന്റെ വഴിതുറന്നു. നബി(സ്വ)യുമായി ബന്ധപ്പെട്ടതെല്ലാം വികാരവായ്പോടെ അനുഭവിച്ചു. റബീഉല്‍ അവ്വലിലെ നബിദിനാഘോഷം നിലവില്‍ വന്നപ്പോള്‍ വിശ്വാസികള്‍  അതിന്റെ പ്രചാരകരായി. മുന്‍മാതൃകയന്വേഷിക്കാതെ കൂട്ടംകൂട്ടമായി മൌലിദ് ആഘോഷിച്ചു, ഹുബ്ബ് വിശ്വാസത്തിന്റെ വികാരപ്രകടനമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. മുന്‍ഗാമികളൊന്നും സ്നേഹപ്രകടനത്തിന്റെ രീതി കണ്ടെത്തിയത് മുന്‍മാതൃകകളെ പിന്‍പറ്റിയായിരുന്നില്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മഹാന്‍മാരായ പണ്ഡിതന്‍മാര്‍ മൌലിദാഘോഷങ്ങളില്‍ ഇമ്പമുള്ള മൌലിദുകളും കാവ്യങ്ങളും രചിക്കുന്നതില്‍ വ്യാപൃതരായി.

നബിദിനാഘോഷത്തെ അനുകൂലിച്ചത് സാധാരണക്കാര്‍ മാത്രമായിരുന്നില്ല. അബൂ ശാമ(റ), ഇമാം ജലാലുദ്ദീന്‍ സ്വുയൂഥി(റ), ഇബ്നു ഹജരില്‍ ഹൈതമി(റ) തുടങ്ങിയ നിരവധി പണ്ഡിതന്‍മാര്‍ മൌലിദാഘോഷത്തെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യന്‍ പണ്ഡിതന്‍മാരായ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി(റ)യും പിതാവ് അബ്ദുര്‍റഹീം ദഹ്ലവി(റ) യും നബിദിനാഘോഷം നടത്തി. മക്കയില്‍ നബിദിനാഘോഷത്തില്‍ പങ്കെടുത്ത രോമാഞ്ചജനകമായ അനുഭവങ്ങള്‍ ശാഹ്വലിയ്യുല്ലാഹി ദ്ദഹ്ലവി (റ) ഫുയൂളുല്‍ ഹറമൈന്‍ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. 

യഥാര്‍ത്ഥത്തില്‍ പ്രവാചക സ്നേഹികളാണെന്ന് അവകാശപ്പെടുന്നവര്‍ മൌലിദാഘോഷത്തിന്റെ കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കിയത് വലിയൊരപമര്യാദയായി. നബി(സ്വ)യുടെ ജന്മത്തിന് യാതൊരു പരിഗണനയും നല്‍കേണ്ടതില്ലേ? സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വാര്‍ഷികങ്ങള്‍ക്കില്ലാത്ത വിലക്ക് നബി(സ്വ)യുടെ ജന്മവാര്‍ഷികത്തിനുണ്ടായത് എങ്ങനെ? 

വിദ്യാഭ്യാസ രംഗത്തും ദഅ്വാ രംഗത്തുമുള്ള പരിഷ്കരണങ്ങള്‍ക്കും പുതിയ രീതികള്‍ക്കും മുന്‍ മാതൃക ആവശ്യമില്ലെങ്കില്‍ വിശ്വാസത്തിന്റെ ഭാഗമായ ഹുബ്ബുന്നബിയുടെ പ്രകടനത്തില്‍ മുന്‍ മാതൃക അന്വേഷിക്കുന്നതിലെ ദുര്‍വാശി എന്തിനാണ്? സത്യമിതാണ്. വിവാദമുണ്ടാക്കുന്നവര്‍ വിദ്യാഭ്യാസത്തിനും ദഅ്വത്തിനും താല്‍പര്യമുണ്ട്. എന്നാല്‍ പ്രവാചക സ്നേഹത്തില്‍ താല്‍പര്യമില്ല.

വിശ്വാസിയുടെ മനം നബി സ്മരണയില്‍ ആനന്ദ നൃത്തമാടുന്ന ദിനമാണ് നബിദിനം. അല്ലെങ്കിലും സലാം ബൈത്തും അശ്റക ബൈത്തും ബുര്‍ദയും അല്ലഫല്‍ അലിഫുമെല്ലാം മനസ്സറിഞ്ഞ് ചൊല്ലുമ്പോള്‍ പിഞ്ചുബാലന്‍മാര്‍ സദസ്സിന് മുന്നില്‍ വന്ന് പ്രവാചകജീവിതത്തിന്റെ വര്‍ണശബളമായ ഏടുകള്‍ മറിക്കുമ്പോള്‍ യാ നബീ സലാം അലൈക് എന്ന് സലാം പറയുന്നത് നബി(സ്വ) അറിയുന്നു എന്ന് മനസ്സില്‍ കരുതുമ്പോള്‍ ഏത് മനസ്സാണ് ഹര്‍ഷപുളകിതമാവാത്തത്?


No comments:

Post a Comment